പിസിഒഎസ് ലക്ഷണങ്ങളുണ്ടോ? പ്രതിരോധിക്കാന്‍ ഈ ഡീടോക്സ് പാനീയങ്ങൾ കുടിക്കാം

Mail This Article
സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഹോർമോൺ അസന്തുലനം, ക്രമരഹിതമായ ആർത്തവചക്രം, ഓവറിയിൽ സിസ്റ്റ്, ഇൻസുലിൻ പ്രതിരോധം, വന്ധ്യതാ പ്രശ്നങ്ങൾ ഇവയെല്ലാം പിസിഒഎസ് മൂലം വരാം. ക്രമരഹിതമായ ആർത്തവം അല്ലെങ്കിൽ ആർത്തവം വരാതിരിക്കുക, അമിതമായ രോമവളർച്ച (മുഖത്തും നെഞ്ചിലും പുറത്തും), മുഖക്കുരു, എണ്ണമയമുള്ള ചർമം, മുടിക്ക് കട്ടി കുറയുക അല്ലെങ്കിൽ പുരുഷന്മാരെ പോലെ കഷണ്ടി വരുക, ശരീരഭാരം കൂടുക പ്രത്യേകിച്ചും വയറിന്റെ ഭാഗത്ത്, ചർമത്തിൽ പ്രത്യേകിച്ച് കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നിവിടങ്ങളിൽ ഇരുണ്ടനിറം, വന്ധ്യത, ഗർഭം ധരിക്കാൻ പ്രയാസം തുടങ്ങിയവയാണ് പിസിഒഎസിന്റെ ലക്ഷണങ്ങൾ. പിസിഒഎസിന്റെ മേൽപറഞ്ഞ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ ചില ഡീടോക്സ് പാനീയങ്ങൾക്കാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഇവയ്ക്ക് ഗുണഫലങ്ങൾ ഉണ്ടെന്നു മാത്രമല്ല പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാതാനും. സ്ത്രീകൾക്ക് കുടിക്കാവുന്ന ചില ഡീടോക്സ് പാനീയങ്ങൾ ഇതാ.
∙ നാരങ്ങാ ഇഞ്ചി വെള്ളം
നാരങ്ങ ദഹനത്തിനു സഹായിക്കുന്നു. കരളിലെ വിഷാംശങ്ങളെ നീക്കുന്നു. ഒപ്പം വൈറ്റമിൻ സി നൽകുന്നു. ഇഞ്ചിക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ചൂടുവെള്ളത്തിലേക്ക് നാരങ്ങാ നീരും ചെറുതായി അരിഞ്ഞ ഇഞ്ചിയും ചേർക്കുക. നന്നായി ഇളക്കിയ ശേഷം രാവിലെ വെറുംവയറ്റിൽ കുടിക്കുക.
∙ ആപ്പിൾ സിഡർ വിനഗർ
ആപ്പിള്‍ സിഡർ വിനഗർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും. ഇത് പിസിഒഎസിന്റെ ലക്ഷണങ്ങളെ കുറയ്ക്കും. കൂടാതെ ഈ പാനീയത്തിലേക്ക് കറുവപ്പട്ട ചേർക്കുന്നത് ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തും. ഒപ്പം രുചിക്കായി തേനും ചേർക്കാം. ഭക്ഷണത്തിനു തൊട്ടുമുൻപായി ഇത് കുടിക്കാം. ചൂടുവെള്ളത്തിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗറും ഒരു നുള്ള് കറുവപ്പട്ടയും ആവശ്യമെങ്കിൽ അൽപം തേനും ചേർത്ത് ഈ പാനീയം തയാറാക്കാം.

∙ പുതിന കുക്കുമ്പർ പാനീയം
ബ്ലോട്ടിങ്ങ് കുറയ്ക്കാനും ശരീരത്തിലെ ജലാംശം വർധിപ്പിക്കാനും സഹായിക്കുന്ന പാനീയമാണിത്. വേദന കുറയ്ക്കുന്നതോടൊപ്പം ഫ്ലൂയ്ഡ് റിറ്റൻഷനും ഇൻഫ്ലമേഷനും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഈ പാനീയം സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയുടെ കഷണങ്ങളും ഒരു പിടി പുതിനയിലയും ചേർക്കാം. ഏതാനും മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം പകൽ മുഴുവൻ കുടിക്കാം.
∙ മഞ്ഞൾ ചേർത്ത പാൽ
മഞ്ഞളിലടങ്ങിയ കുർക്കുമിൻ ഒരു ശക്തിയേറിയ ആന്റി ഓക്സിഡന്റാണ്. ഇത് ഇൻഫ്ലമേഷനും വേദനയും പിസിഒഎസിന്റെ മറ്റ് ലക്ഷണങ്ങളും കുറയ്ക്കുന്നതോടൊപ്പം ഹോർമോൺ സന്തുലനത്തിനും സഹായിക്കുന്നു. പാല് ചൂടാക്കി അതിൽ മഞ്ഞൾപ്പൊടി ചേർത്തിളക്കാം. ഒരു നുള്ള് കുരുമുളകും ചേർക്കാം. രാത്രി കിടക്കുമുൻപ് ഇത് കുടിക്കാം.

∙ നാരങ്ങ ചേർത്ത ഗ്രീൻടീ
ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഗ്രീന്‍ടീ പിസിഒഎസിന്റെ ലക്ഷണങ്ങളായ വേദന, ബ്ലോട്ടിങ്ങ്, ഇന്‍ഫ്ലമേഷൻ ഇവ കുറയ്ക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കും. ഒരു കപ്പ് ഗ്രീൻ ടീയിൽ നാരങ്ങാ പിഴിഞ്ഞതും കറുവാപ്പട്ടയും ചേർത്ത് തയാറാക്കുന്ന ഈ പാനീയം ദിവസം ഒന്നോ രണ്ടോ നേരം കുടിക്കാം.