ഏപ്രിൽ രണ്ടാം വാരത്തിൽ നേട്ടം കൊയ്യുന്ന നക്ഷത്രക്കാർ, സമ്പൂർണ വാരഫലം

Mail This Article
മേടക്കൂറ്: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം ശത്രുശല്യം കുറയുന്നതിനും ധനധാന്യ–വസ്ത്രാഭരണാദി ലാഭം എന്നിവയും പ്രതീക്ഷിക്കാം. അധികമായ ധന ചെലവുകൾ വന്നു ചേരുന്നതാണ്. ദൂരദേശ യാത്രകൾ വേണ്ടിവരും. എങ്കിലും ചില ക്ലേശങ്ങളും യാത്രാവേളകളിൽ ഉണ്ടാകാം. നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാലതാമസം നേരിടുന്നതാണ്. ഭാര്യാ–ഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കർമരംഗത്ത് മേലധികാരിയുമായും സഹപ്രവർത്തകരുമായും യോജിച്ചു പോകാനും ശ്രദ്ധിക്കണം. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ചില കാര്യങ്ങളിൽ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും ദൈവാധീനത്താൽ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതാണ്. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, മഹാവിഷ്ണുവിന് സഹസ്രനാമ അർച്ചന എന്നിവ സമർപ്പിക്കുക.
ഇടവക്കൂറ്:കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യ പകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കുന്നതിനും ഉദ്യോഗാർഥികൾക്ക് സ്ഥാനക്കയറ്റവും ലഭിക്കുന്നതാണ്. സമൃദ്ധി, ധനനേട്ടം, ശത്രുപരാജയം, സുഖം, ആഭരണലാഭം എന്നീ നല്ല ഫലങ്ങളും ഉണ്ടാകുന്നതാണ്. ബന്ധുസ്നേഹം ഉണ്ടാകും. സന്താനങ്ങൾ മൂലം സന്തോഷിക്കാനുള്ള അവസരങ്ങൾ വന്നുചേരും. പേരും പ്രശസ്തിയും പ്രതാപവും അഭിമാനിക്കാനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ഉദ്ദിഷ്ടകാര്യസാധ്യം, അപ്രതീക്ഷിതമായ നേട്ടങ്ങൾ ഇവ കാണുന്നു. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും മാനസിക പ്രയാസങ്ങൾ വർധിക്കുന്നതിനും ഇടയാകും. വിദ്യാർഥികൾക്ക് പഠനത്തിൽ വളരെയധികം താൽപര്യം വർധിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ഭാര്യാ–ഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഗണപതിക്ക് കറുകമാല സമർപ്പിക്കുക. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, രോഗശമനം, ബന്ധുസമാഗമം, സർവലാഭം അങ്ങനെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം സാധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാം. കർമരംഗത്ത് പുതിയ സ്ഥാനമാനങ്ങൾ, ഉയർച്ച എന്നിവ പ്രതീക്ഷിക്കാം. ശത്രുശല്യം കുറയുന്നതിനും ദാനധർമങ്ങൾ ചെയ്യുന്നതിനും കുടുംബത്ത് സുഖവും സമാധാനവും ഉണ്ടായി വരും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരങ്ങളും ഉണ്ടാകും. കടുത്ത വാക്കുകൾ മൂലം ചില നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ചൊവ്വാഴ്ച ദിവസങ്ങൾ സുഖപ്രദം ആകാൻ ഇടയില്ല. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ചില അപവാദങ്ങൾ കേൾക്കാൻ ഇടയാകും. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഗണപതിക്ക് നാളികേരമുടയ്ക്കുക. ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
കർക്കടകക്കൂറ് :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, സ്ഥാനമാന ലാഭം, സന്തോഷം, സർവകാര്യ വിജയം, ശത്രുനാശം അങ്ങനെ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടും. വിവാഹകാര്യങ്ങൾക്ക് അനുകൂല വാരമാണ്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ അവസരങ്ങൾ ഉണ്ടാകും. സന്താനങ്ങൾ മൂലം ഉണ്ടായിരുന്ന മനഃപ്രയാസങ്ങളെല്ലാം മാറി കിട്ടുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമാണ്. കർമരംഗത്ത് നല്ല പുരോഗതി ഉണ്ടാകും. രോഗശമനം, നല്ല ആരോഗ്യം, വസ്ത്രാഭരണാദി ലാഭം എന്നിവയും ഫലങ്ങളാണ്. അച്ഛൻ ബന്ധുക്കൾക്ക് ചില ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. വരവിനെക്കാൾ അധികരിച്ച് നിൽക്കും ചെലവുകൾ. അനാവശ്യമായ ചെലവുകൾ കൊണ്ട് മനസ്സമാധാനക്കുറവ് അനുഭവപ്പെടും. കുടുംബത്ത് ഭാര്യാ– ഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചില അപവാദങ്ങൾ കേൾക്കാൻ ഇടയാകും. രക്തദൂഷ്യങ്ങൾ, മുറിവ്, ചതവ് എന്നിവ ഉണ്ടാകാനും ഇടയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും ഓം നമഃശിവായ 108 ഒരു നിത്യേന ജപിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനലാഭം, സന്താനങ്ങൾ മൂലം സന്തോഷിക്കാനുള്ള അവസരങ്ങളും ഭാഗ്യ അനുകൂല്യങ്ങളും ദുഃഖ ശമനം, സുഖം എന്നിവ ലഭിക്കുന്നതാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. എതിരാളികളുമായി തർക്കങ്ങൾ ഉണ്ടാകാനും അപമാനം സഹിക്കേണ്ടിയും വന്നേക്കാം. രോഗഭയം. ബന്ധുക്കളുമായി ക്ലേശങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ആണെങ്കിലും ഉദ്യോഗാർഥികൾ ആണെങ്കിലും നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ശനിയാഴ്ച ദിവസങ്ങളിൽ കഴിയുന്നതും ധനമിടപാടുകളും യാത്രകളും ഒഴിവാക്കുന്നത് നന്നായിരിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. എല്ലാ ധന ഇടപാടുകളിലും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ക്ഷമ അത്യന്താപേക്ഷിതമാണ്. അമ്മയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. നേത്രസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഓം ഗംഗണപതയെ നമഃ എന്ന മന്ത്രം ഉരുവിടുക.
കന്നിക്കൂറ്:ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, രോഗശമനം, നല്ല ആരോഗ്യം, ധനധാന്യ–വസ്ത്രാഭരണാദി നേട്ടം, ഭൂമി ലഭിക്കുന്നതിനും സന്തോഷം, സർവകാര്യ വിജയം എന്നിവ ഫലത്തിൽ വരുന്നതാണ്. ഇഷ്ടഭക്ഷണ സമൃദ്ധി, ഭാഗ്യാനുകൂല്യങ്ങൾ, അപ്രതീക്ഷിതമായ നേട്ടം, വീട്, സ്വന്തമാക്കുന്നതിനും വിവാഹ കാര്യങ്ങൾക്കും അനുകൂല വാരമാണ്. ദൂരദേശ യാത്രകൾ വേണ്ടിവരും. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷം അനുഭവപ്പെടുന്നതാണ്. ഭാര്യാ–ഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും പാർട്ണേഴ്സുമായി യോജിച്ചു പോകാൻ നന്നെ ബുദ്ധിമുട്ടും. വിദ്യാർഥികൾക്ക് പഠനത്തിൽ താൽപര്യം വർധിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാനും മൂത്രാശയ രോഗങ്ങൾ വന്നുപെടാനും ഇടയുണ്ട്. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, സർപ്പ പൂജ ഓം ഗംഗണപതയെ നമ: എന്ന മന്ത്രം നിത്യേന ജപിക്കുകയും ചെയ്യുക.
തുലാക്കൂറ്:ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന ഈ വാരത്തിൽ, സന്തോഷം, കാര്യലാഭം, ശത്രുനാശം, ലോക ബഹുമാനം, രോഗശമനം, ഇഷ്ടഭക്ഷണ സമൃദ്ധി, ധനധാന്യ–വസ്ത്രാഭരണാദി ലാഭം, നല്ല ആരോഗ്യം എന്നിവ ഫലങ്ങളാണ്. ദൂരദേശ യാത്രകളും സ്ഥാനഭ്രംശവും വന്നു പെട്ടേക്കാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പിതൃസ്വത്ത് സ്വന്തം പേരിൽ ആകുന്നതിനും അമ്മയുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാനും ആകും. നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകും. ധന ചെലവുകളും വർധിച്ചു നിൽക്കും. സന്താനങ്ങൾ നിമിത്തം മനഃക്ലേശങ്ങൾ ഉണ്ടാകാനും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല താൽപര്യം ഉണ്ടാകും. ജീവിതപങ്കാളിയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടായേക്കാം. ദേവീക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും ഗണപതിക്ക് കറുകമാലയും സമർപ്പിക്കുക.
വൃശ്ചികക്കൂറ് :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനനേട്ടം, സർവകാര്യ വിജയം, വിവാഹം മുടങ്ങിക്കിടന്നിരുന്നവർക്ക് അവ മുന്നോട്ടു പോകുന്നതിനും സന്താന സൗഭാഗ്യത്തിനും ഉതകുന്ന വാരമാണ്. ജീവിതപങ്കാളിക്ക് നേട്ടങ്ങൾ ഉണ്ടാകും. കർമരംഗത്ത് നല്ല ഉയർച്ചകളും ദൈനംദിന വരുമാനം വർധിക്കുന്നതുമാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശത്രുശല്യം വർധിക്കും. കുടുംബത്ത് ചില അസ്വാരസ്യങ്ങൾക്ക് ഇടയുണ്ട്. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല നേട്ടങ്ങൾ ലഭിക്കുന്നതാണ്. ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കുന്നതിനായി മുതിർന്നവരുമായി എല്ലാ കാര്യങ്ങളും കൂടിയാലോചിക്കേണ്ടതുണ്ട്. ഉഷ്ണ രോഗങ്ങൾ അലട്ടുന്നതിനും ശരീരത്തിന് ക്ഷീണം എന്നിവ അനുഭവപ്പെടാം. ഉദരസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഭദ്രകാളി ദേവിക്ക് യഥാവിധി വഴിപാടുകളും ഓം നമഃശിവായ നിത്യേന ഉരുവിടുകയും ചെയ്യുക.
ധനുക്കൂറ് :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം, കുടുംബത്ത് സുഖവും സമാധാനവും ലഭിക്കുന്നതാണ്. അമ്മയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടുപോകാൻ ആകും. ദൂരദേശ യാത്രകളും യാത്രാ ക്ലേശങ്ങളും ഉണ്ടാകും. എതിർലിംഗത്തിൽ പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പലവിധ കാര്യതടസ്സങ്ങളും സ്ഥാനഭ്രശം, സുഹൃത്തുക്കൾ മൂലം സന്തോഷാനുഭവങ്ങളും ഉണ്ടാകും. സ്ഥാനമാറ്റം, ശത്രു നാശം, ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. ആശയവിനിമയം ശ്രദ്ധിക്കേണ്ടതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതാണ്. ആരോഗ്യകാര്യത്തിലും നല്ല ശ്രദ്ധയുണ്ടാകണം. അമ്മയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി ദേവിക്ക് യഥാവിധി വഴിപാടുകളും ഓം ഗംഗണപതയെ നമഃ എന്ന ഗണപതി മന്ത്രം നിത്യേന ഉരുവിടുകയും ചെയ്യുക.
മകരക്കൂറ് :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, രോഗശമനം, മനസ്സുഖം, സുഹൃദ്സമാഗമം, ബഹുമാനപ്രാപ്തി, ശത്രുക്ഷയം, ധനനേട്ടം, സർവകാര്യ വിജയം, സുഖം, സ്ഥാനമാനലാഭം എന്നീ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾക്ക് അനുകൂലവാരമാണ്. സന്താന സൗഭാഗ്യത്തിനും ഉതകുന്ന വാരമാണ്. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവസരങ്ങൾ ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇടയാകും. ദൂരദേശ യാത്രകളും സാധ്യമാകും. എന്നാൽ ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് രംഗത്തും ചില ധനമടപാടുകളിലും ചതിവ് പറ്റാനിടയുണ്ട്. ശത്രുക്കളുമായിട്ട് തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിത്യവൃത്തിയിൽ ക്ലേശങ്ങൾ ഉണ്ടാകും. അച്ഛനും അച്ഛൻ ബന്ധുക്കൾ മൂലമോ ചില മനഃക്ലേശങ്ങൾക്ക് ഇടയാകും. ഉദരസംബന്ധമായ ക്ലേശങ്ങള്‍, പനി, ശ്വാസം മുട്ട് പോലുള്ള അസ്വസ്ഥതകൾ വന്നു പെടാൻ ഇടയുണ്ട്. ദേവീക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും ഗണപതിക്ക് കറുകമാലയും സമർപ്പിക്കുക.
കുംഭക്കൂറ്: അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം ധനധാന്യ– വസ്ത്രാഭരണലാഭം, സജ്ജനങ്ങൾ മൂലം സന്തോഷാനുഭവങ്ങളും, ലോക ബഹുമാനം, സർവവിധമായ സുഖപ്രാപ്തി, നല്ല ആരോഗ്യം എന്നീ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മറ്റുള്ളവരോട് വാക്കു പാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ലോണുകൾക്കോ ചിട്ടികൾക്കോ അനുമതി ലഭിക്കുന്നതാണ്. അധികധനചെലവുകൾ ഉണ്ടാകാനും വ്യാപാരത്തിൽ നഷ്ടങ്ങൾ ഉണ്ടാകാനും ചതിവ് പറ്റി ധനനഷ്ടം വന്നു ചേരുന്നതിനും ഇടയാകും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. വീട് മാറി താമസിക്കുന്നതിനും നാൽക്കാലികൾ മുഖാന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ നല്ല ഗുണാനുഭവങ്ങൾ ലഭിക്കുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ഉദരസംബന്ധമായ ക്ലേശങ്ങള്‍, തൊണ്ടയില്‍ അണുബാധ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. മഹാവിഷ്ണുവിന് സഹസ്രനാമ അർച്ചന, ശിവാഷ്ടോത്തരം നിത്യേന ജപിക്കുകയും ചെയ്യുക.
മീനക്കൂറ് : പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം, ശത്രുനാശം, സുഖപ്രാപ്തി, കുടുംബത്ത് സുഖവും സമാധാനവും ഉണ്ടാകുന്നതാണ്. സ്ത്രീകളിൽ നിന്നും സന്തോഷ അനുഭവങ്ങൾ ഉണ്ടാകാനും ഇടയുള്ള വാരമാണ്. എന്നാൽ ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കർമരംഗത്ത് ചില ക്ലേശങ്ങൾ ഉണ്ടാകാം. സഹപ്രവർത്തകരും മേലധികാരിയുമായും യോജിച്ചു പോകാൻ ശ്രദ്ധിക്കണം. സന്താനങ്ങൾ മൂലം ചില മനഃപ്രയാസങ്ങൾക്ക് ഇടയാകും. ശനിയാഴ്ച ദിവസങ്ങളിൽ യാത്രകളോ സാമ്പത്തിക ഇടപാടുകളും ശുഭപ്രദം ആകാൻ ഇടയില്ല. ദുഃഖം, ദേഷ്യം, ടെൻഷൻ ഇവ വർധിക്കുന്നതിനും ചില ആശയക്കുഴപ്പങ്ങൾക്കും ഇടയാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കാണെങ്കിലും ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രക്തദൂഷ്യങ്ങളോ ഉദരസംബന്ധമായ ക്ലേശങ്ങളും ഓർമക്കുറവ്, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാനും ഇടയുണ്ട്. സർപ്പ പൂജ, ഗണപതിക്ക് നാളികേരമുടയ്ക്കുക, ശനി ഗായത്രി ജപിക്കുകയും വിഷ്ണു സഹസ്രനാമം നിത്യേന കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.