ടീച്ചര്‍ അന്ന് കാട്ടിയ അവഗണന ചോദ്യചിഹ്നമായി ഇന്നും ഉള്ളില്‍ കിടപ്പുണ്ട്; 'എന്തിനാണ് ഒരു ആറു വയസ്സുകാരിയോട് ഇത്ര ക്രൂരത...'

Mail This Article
മുറ്റത്തെ പടികള്‍ ആഞ്ഞ് ചവിട്ടി കയറുമ്പോള്‍, തൂക്കി പിടിച്ച സഞ്ചിക്ക് പതിവിലും കൂടുതൽ കനം, സഞ്ചിയിലേക്ക് തലയിട്ടു.. സ്ലേറ്റ് !! എടുത്തൊരു ഏറ്, മുറ്റത്തേക്ക്.. എറിഞ്ഞ് എറിഞ്ഞ് പൊട്ടു വീണ സ്ലേറ്റ് ചിന്നിച്ചിതറി ഇനി മരത്തിന്റെ ഫ്രെയിം മാത്രം ബാക്കി. "മ്മാ' നോട് എത്ര പറഞ്ഞതാ, സ്ലേറ്റ് വെക്കണ്ടാന്ന്" പിറുപിറുത്തു രോഷാകുലയായി നിന്നു. സ്ലേറ്റ് കൊണ്ട് വന്നില്ല എന്ന മട്ടിലാണ് ടീച്ചറുടെ ക്ലാസില്‍, ഒന്നും കൂസാതെ, എഴുതാതെ ബെഞ്ചില് കുനിഞ്ഞിരിക്കുന്നത്. ഇതെല്ലാം കണ്ട് വിഷമത്തോടെ ഉമ്മ എന്തൊക്കെയോ പറയുന്നത് കേൾക്കാം.
ചുറ്റിലും കണ്ണോടിച്ചു 'കുട്ട്യാപ്പ ആ പരിസരത്ത് എവിടെങ്കിലും ണ്ടോ?' വരുന്നതിന് മുന്നേ സ്ഥലം വിടണം.. റഹ്മത്ത് മന്‍സിലിന്റെ ഇരുമ്പ് ഗേറ്റ് തള്ളി തുറന്ന് പൊടി മണ്ണ് പൂശിയ റോഡിലൂടെ പാഞ്ഞു, മറ്റ് കുട്ടികളോടൊപ്പം എത്താന്‍ കുതിച്ചു ആറ് വയസ്സുകാരി, പാവാടക്കാരി.. ചോറ്റ് പാത്രം മാത്രം തൂക്കി പിടിച്ചു സ്കൂളില്‍ പോകുന്ന തന്റെ ചേതോവികാരം ആരും മനസ്സിലാക്കുന്നില്ല.. ഒന്നാം ക്ലാസില്‍ ചെന്നിരുന്ന ആദ്യ ദിവസം, ചന്ദന നിറമുള്ള സെറ്റ് സാരി ഉടുത്തു കുറിയും പൊട്ടും തൊട്ട്, പിന്നിയിട്ട കാര്‍കൂന്തലില് തുളസിക്കതിര്‍ ചൂടിയ മലയാളി മങ്ക, 'പുഷ്പ ടീച്ചർ' ക്ലാസിനു മുന്നില്‍ ഒരപ്സരസ്സ് പോലെ നിന്നു.. ഓരോ കുട്ടികളോടും അരികിലെത്തി പേര് ചോദിക്കുന്നു. അപ്സരസ്സ് അടുക്കും തോറും തന്റെ ഉള്ളില്‍ ആദി ഏറി വന്നു. തന്റെ ഊഴം എത്തി. പേര് തൊണ്ടയില്‍ കുടുങ്ങി, കഴുത്ത് ഉടക്കി, തല ഉയര്‍ത്തി നോക്കാന്‍ പോലും പറ്റാതെ, ഒട്ടക പക്ഷിയെ പോലെ തല മണ്ണില്‍ പൂഴ്ത്തി ഇരുന്നു..
ദിവസങ്ങള്‍ പോകവെ, പതിയെ ക്ലാസിലെ കുട്ടികളുമായി ഇഴകി ചേര്‍ന്നു. കളിയും ചിരിയും സംസാരവും തുടങ്ങി. അറബി മാഷിന്റെ ക്ലാസില് നല്ല ആവേശത്തോടെ തന്നെ ഇരുന്നു പഠിച്ചു. പുഷ്പ ടീച്ചറുടെ ക്ലാസിലും അത് പോലെ ഇരിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ എന്തോ.. ടീച്ചര്‍ ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരിക്കലെങ്കിലും തന്നോടൊന്ന് ചോദിച്ചെങ്കില്‍, ഉത്തരം പറയാന്‍ ഒന്നുമല്ല, തന്നോട് ടീച്ചര്‍ ഒന്ന് മിണ്ടാന്‍ പേര് വിളിക്കുന്നത് കേള്‍ക്കാന്‍. അപ്പോഴെല്ലാം ക്ലാസ്സില്‍ തന്നെ മാത്രം അവഗണിക്കുന്നതായി തോന്നി.
പിന്നീട് ഒരിക്കൽ പോലും ടീച്ചര്‍ മിണ്ടാന്‍ ശ്രമിച്ചില്ല, അങ്ങോട്ട് പോയി മിണ്ടാനുള്ള ധൈര്യവുമില്ല. അത് കൊണ്ട് തന്നെ കക്കൂസില് പോകുവാന്‍ മുട്ടിയാലും ടീച്ചറോട് ചോദിക്കാതെ, ഇരുന്ന ഇരുപ്പില്‍ കാര്യം കഴിച്ചു. അത് പല ദിവസങ്ങളിലും ആവര്‍ത്തിച്ചു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ ഈച്ച മൂട്ടില്‍ മണപ്പിച്ച് നടന്നു, അത് കൂടെ ആയപ്പോള്‍ പുതിയ പേരും കൂടെ കിട്ടി. പല കുട്ടികളും അകലം പാലിച്ചു നടന്നു. ഇതിലൊന്നും തളരാതെ, വാശിയോടെ വീറോടെ താനത് തുടർന്ന് പോന്നു. അന്ന് സ്കൂളില്‍ മൂത്ര പുര ഇല്ല. സ്കൂളിന് പുറകിലെ കണ്ടത്തില്‍ ഇരുന്നും, താഴെ പാടത്തെ തോട്ടിലിരുന്നും കുട്ടികള്‍ കാര്യം നടത്തി പോന്നു. ഒറ്റക്ക് പോകാനുള്ള തന്റേടം അന്നില്ല. ആയതിനാല്‍ ഇരുത്തം ഒരു വര്‍ഷത്തോളം നീണ്ടു.
ഒരവധിക്കാലം കഴിഞ്ഞ് വീണ്ടും സ്കൂൾ മുറ്റത്ത് എത്തുമ്പോൾ, പുഷ്പ ടീച്ചറുടെ ക്ലാസില്‍ നിന്ന് തനിക്ക് കയറ്റം കിട്ടിയിരുന്നു. മാത്രമല്ല ഇപ്പോള്‍ അത്യാവശ്യം മലയാള അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും എല്ലാം അറിയാം അത് കൊണ്ട് ആത്മവിശ്വാസത്തോടെ പുതിയ ക്ലാസിൽ കയറി. ടീച്ചര്‍ക്ക് തന്റെ പഴയ പരിപാടി ഒന്നും അറിയില്ല. അത് ഇവിടെ ആരും അറിയാനും പാടില്ല. നന്നായി പഠിച്ച് കൊണ്ട് തന്നെ ക്ലാസില്‍ തുടർന്നു, അങ്ങനെ പരീക്ഷകാലം വന്നു. വലിയ ഒന്നാം ക്ലാസ്, ചെറിയ ഒന്നാം ക്ലാസ്, രണ്ട് ക്ലാസ്സിലേ കുട്ടികളും ഒരൊറ്റ ഹാളില്‍ ഒരുമിച്ച് പരീക്ഷ. കറുത്ത ബോർഡിൽ വലിയ അക്ഷരങ്ങള്‍ തെളിഞ്ഞു, ചില അക്ഷരങ്ങള്‍ക്ക് ശേഷം വര, പല അക്ഷരങ്ങള്‍ക്ക് ഇടയില്‍ വര.. എല്ലാം സ്ലേറ്റില്‍ എഴുതി എടുത്ത്, പൂരിപ്പിച്ചു നെഞ്ചിലേക്ക് മറച്ചു പിടിച്ചു. ടീച്ചര്‍ അടുത്ത് എത്തുമ്പോള്‍ നീട്ടി കാണിച്ചു, ടീച്ചറുടെ ശരികള്‍ കണ്ട് തന്റെ കണ്ണുകൾ തിളങ്ങി. അടുത്ത ഉത്തരമെഴുതാന്‍ സ്ലേറ്റ് മായ്ച്ചു ചേർത്തു പിടിച്ചു കാത്തിരുന്നു.
അടുത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി അക്ഷമയോടെ ടീച്ചറെ കാത്തിരുന്നു. ടീച്ചര്‍ അടുത്തെത്തി തല ഉയര്‍ത്തി നോക്കുമ്പോള്‍.. 'പുഷ്പ ടീച്ചര്‍' ! തന്റെ ഉള്ളിലെ ഒട്ടക പക്ഷി ഉണര്‍ന്നു. ടീച്ചറെ കണ്ടതും തല പൂഴ്ത്തി ഇരുന്നു. "ഓ നീ ആണോ, എഴുതിട്ട് ണ്ടാകില്ല" എന്ന് മെല്ലെ ഉരുവിട്ടു അടുത്ത കുട്ടിയിലേക്ക് നീങ്ങി ടീച്ചര്‍. പരീക്ഷയുടെ ആവേശമെല്ലാം കെട്ടടങ്ങി. പരീക്ഷയില്‍ പാസ്സായെങ്കിലും.. പുഷ്പ ടീച്ചര്‍ ഇന്നും ഒരു ചോദ്യ ചിഹ്നമായി ആറ് വയസ്സുകാരിക്ക് ഉള്ളില്‍ കിടപ്പുണ്ട്. ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം ഒന്നു കൂടെ ജീവിക്കാന്‍ അവസരം കിട്ടിയാൽ, തല ഉയർത്തി, പുഞ്ചിരിച്ചു കൊണ്ട് തന്റെ പേര് ഉറക്കെ പറയണം.