‘കഷ്ടപ്പെട്ട് കരയ്‌ക്കെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ലല്ലോ...’

Mail This Article
ഏറ്റുമാനൂർ/അയർക്കുന്നം ∙ ‘അത്രയും കഷ്ടപ്പെട്ട് ആ കുട്ടികളെ കരയ്‌ക്കെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ലല്ലോ...’ പേരൂർ സ്വദേശികളായ യുവാക്കൾ പറയുന്നു. വിഷ്ണു കൃഷ്ണൻ, അനിയൻ കുട്ടൻ, രതീഷ് കുമാർ, അഭിജിത്ത്, അച്ചു, ആഷിക് ബിജു, ശരത്ത് എന്നിവരാണു ജിസ്മോളേയും മക്കളെയും കരയ്ക്ക് എത്തിച്ചത്.
ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരുന്നയാളാണ് ഒരു സ്ത്രീയും കുട്ടിയും വെള്ളത്തിൽ വീണതായി സംശയം പറഞ്ഞത്. മൂത്ത കുട്ടിയെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. വെള്ളത്തിലേക്കു ചാടി കുട്ടിയെ എടുത്ത ശേഷം ഓട്ടോയിൽ ആശുപത്രിയിലേക്ക് അയച്ചു. 10 മിനിറ്റിനു ശേഷമാണ് രണ്ടാമത്തെ കുട്ടിയെ കണ്ടത്. ഈ കുട്ടിയെ കരയ്ക്കെത്തിച്ചശേഷം പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്കു മാറ്റിയത്.
ആറിനക്കരെ യുവതിയെ കണ്ടെത്തിയെങ്കിലും നീന്തിപ്പോകാൻ സാധിക്കാത്തതിനാൽ വള്ളമെത്തിച്ചാണ് ഇക്കരെയെത്തിച്ചത്. കരയ്ക്ക് എത്തിച്ചപ്പോൾ കുട്ടികൾ പിടഞ്ഞിരുന്നതായും ജീവനുണ്ടായിരുന്നതായി തോന്നിയെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
നാടിനെ നടുക്കി ആത്മഹത്യകൾ
കുടുംബമായി ജീവനൊടുക്കിയ സംഭവം ഫെബ്രുവരിയിലും ജില്ലയിലുണ്ടായി. തെള്ളകം സ്വദേശി ഷൈനി (43) മക്കളായ അലീന (11), ഇവാന (10) എന്നിവരെക്കൂട്ടി ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയത് ഫെബ്രുവരി 28ന് ആണ്. ഭർത്താവ് നോബി ലൂക്കോസിനെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
മകളുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിനിടെ പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയ വീട്ടമ്മയും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മകളും മരിച്ചത് ഈ മാസം 11ന് ആണ്. എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു മരിച്ചത്.
∙ ‘ജിസ്മോൾ പ്രാർഥിക്കുന്നതുപോലെ ആരും പ്രാർഥിക്കുന്നത് കണ്ടിട്ടില്ല. ആ കുട്ടിയോടു സംസാരിച്ചാൽ പോസിറ്റിവ് അനുഭവമാണ്. അങ്ങനെയൊരാൾ ജീവൻ ഒടുക്കിയെന്നു വിശ്വസിക്കാനാകുന്നില്ല.’ - ജിസ്മോളുടെ അയൽവാസികൾ