പോയാലി മലവരെ പോയാലോ! സുന്ദര കാഴ്ചകൾ കണ്ടു മടങ്ങാൻ ഒരുദിവസം മതി

Mail This Article
മൂവാറ്റുപുഴ∙ ഒറ്റദിവസംകൊണ്ട് കിഴക്കൻ മലയോര മേഖലയുടെ വന്യ സൗന്ദര്യവും വനം യാത്രയുടെ സാഹസികതയും ആസ്വദിക്കാൻ അധികം ദൂരമൊന്നും പോകേണ്ട, നേരെ മൂവാറ്റുപുഴയിലേക്കു വരിക. ആദ്യം പോയാലി മലയിലേക്കു പോകാം. പിന്നെ നേരെ വാഴക്കുളത്തു ചക്കിപ്പാറയിലേക്ക്. അവിടെ നിന്നു കൊച്ചരീക്കൽ ഗുഹകൾ, തൊട്ടടുത്ത് ശൂലം വെള്ളച്ചാട്ടം, കായനാട് ചെക്ക് ഡാമും കണ്ടു മനസ്സു നിറഞ്ഞ് തിരികെ പോകാം. സമുദ്രനിരപ്പിൽ നിന്ന് 250 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന പോയാലിമല പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ കാഴ്ചാനുഭവമാണ്.

100 ഏക്കറോളം സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന മലയിൽ ഏതു സമയവും വീശിയടിക്കുന്ന ഇളംകാറ്റും കൂട്ടിനുണ്ട്. ഐതിഹ്യങ്ങൾ ഏറെയുളള മലയുടെ മുകളിൽ ഒരിക്കലും വറ്റാത്ത കിണറും, കാൽപാദവും സംരക്ഷിച്ചിട്ടുണ്ട്. മലമുകളിൽ നിന്നു നോക്കിയാൽ കാണുന്ന പ്രകൃതി ഭംഗി ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് പോയാലി മലയിൽ എത്തുന്നത്. ഇവിടെ നിന്നു വാഴക്കുളത്തെത്തിയാൽ കോടമഞ്ഞും അതിമനോഹരമായ മലയോരക്കാഴ്ചകളും ആസ്വദിച്ച് കുളിർകാറ്റുമേറ്റ് നിറഞ്ഞ മനസ്സോടെ ദിവസം മുഴുവൻ ആഘോഷമാക്കാൻ ഒരു ഹിൽടോപ്പുമുണ്ട്. കഠിനമായ കയറ്റങ്ങളും ഇറക്കവും ഇല്ലാതെ ഒരു മലയുടെ തുഞ്ചത്തെത്തി 360 ഡിഗ്രിയിൽ പൈനാപ്പിൾ സിറ്റിയായ വാഴക്കുളവും ദൂരെയുള്ള മലനിരകളുടെ സൗന്ദര്യവും ആസ്വദിക്കാൻ കഴിയുന്നൊരിടം.
മലമുകളിൽ എത്തിയാൽ കോടമഞ്ഞാൽ മൂടി നിൽക്കുന്ന മലയുടെ ദൃശ്യവും കോട മാറിക്കഴിയുമ്പോൾ കാണാൻ സാധിക്കുന്ന അതിമനോഹര പ്രകൃതിയുമാണു ചക്കിപ്പാറയുടെ പ്രത്യേകത. ചക്കി എന്ന രാക്ഷസൻ താമസിച്ചിരുന്ന മലയാണ് ചക്കിപ്പാറ എന്നാണ് മിത്ത്. അരകല്ലും അതിനു മുകളിൽ അമ്മിക്കല്ലും ചേർത്തു വച്ചപോലെ ഒരു പാറയുണ്ടിവിടെ. രാക്ഷസൻ മുളകരയ്ക്കാൻ ഉപയോഗിച്ച അമ്മിയും അരകല്ലുമെന്ന് ഐതിഹ്യം. ഇവിടെ നിന്ന് മാറാടി– പിറവം വഴി യാത്ര ചെയ്താൽ കൊച്ചരീക്കൽ ഗുഹാസങ്കേതത്തിലെത്താം. ഗുഹയും ഉറവയും കുളവുമെല്ലാം ചേർന്നൊരിടം.

അൽപം സാഹസികത നിറഞ്ഞതാണ് കൊച്ചരിക്കൽ ഗുഹ. ആദ്യം കാണുന്ന ഗുഹയിൽ നിന്ന് ഒരു തെളിനീരുറവ ഉത്ഭവിക്കുന്നു. ആ ഉറവയിലെ ജലം അരുവിയായി താഴേയ്ക്ക് ഒഴുകി തൊട്ടടുത്ത കുളത്തിൽ നിറയും. രണ്ടാമത്തെ ഗുഹയ്ക്കുള്ളിൽ 40 പേർക്കുവരെ അനായാസമായി നിൽക്കാനുള്ള സ്ഥലമുണ്ട്. പണ്ട് യുദ്ധ പോരാളികളുടെ ഒളിത്താവളമായിരുന്നു ഈ ഗുഹകൾ എന്നാണ് വായ്മൊഴി. ഇവിടെ നിന്ന് 3 കിലോമീറ്റർ യാത്ര ചെയ്താൽ മാറാടിയിലെ ശൂലം വെള്ളച്ചാട്ടത്തിന് അടുത്തെത്താം. ശൂലം മലയിൽ നിന്ന് 150 അടിയിലേറെ താഴേക്കു പാറക്കെട്ടുകളിൽ തട്ടിയെത്തി നിരപ്പായ പാറകളിലൂടെ കുതിക്കുന്ന വെള്ളച്ചാട്ടമാണിത്.
ശൂലം തടയണയും ആകർഷകമാണ്. തൊട്ടടുത്താണ് വന്യ സൗന്ദര്യം പകർന്നു നൽകുന്ന മയിലാടും പാറയും.ഇവിടെ നിന്നു തിരികെ എറണാകുളത്തേക്ക് പോകുമ്പോൾ വാളകം പഞ്ചായത്തിലാണു കായനാട് ചെക്ക് ഡാം. തടയണയിൽ തട്ടിയൊഴുകുന്ന മൂവാറ്റുപുഴയാറിന്റെ സൗന്ദര്യം കണ്ടു നിൽക്കുന്നതു തന്നെ ഒരനുഭവമാണ്. വെള്ളിമുത്തുകൾ ചിതറിത്തെറിക്കുന്ന പോലെ മൂവാറ്റുപുഴയാർ ഒഴുകുന്നതിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ തന്നെ എത്തണം. കയാക്കിങ് പോലുള്ള ജലസാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവരുടെ ഇഷ്ട സങ്കേതം കൂടിയാണിവിടം. തടയണയുടെ ഭാഗമായ മേൽപാലവും കാഴ്ചകൾക്കു മാറ്റുകൂട്ടുന്നു.
എത്തിച്ചേരാൻ
∙ പോയാലി മല: മൂവാറ്റുപുഴ– പേഴയ്ക്കാപ്പിള്ളി – ഇലാഹിയ കോളജ് റോഡ്– പോയാലി മല
∙ ചക്കിപ്പാറ: മൂവാറ്റുപുഴ– വാഴക്കുളം– ചക്കിപ്പാറ
∙ കൊച്ചരീക്കൽ ഗുഹ: മൂവാറ്റുപുഴ– പാമ്പാക്കുട റോഡ്– പിറമാടം– കൊച്ചരീക്കൽ ഗുഹ
∙ ശൂലം വെള്ളച്ചാട്ടം: മൂവാറ്റുപുഴ– പാമ്പാക്കുട – മാമലശ്ശേരി റോഡ്– ശൂലം വെള്ളച്ചാട്ടം
∙ കായനാട് ചെക്ക് ഡാം: മൂവാറ്റുപുഴ– എറണാകുളം റോഡ്– വാളകം– കായനാട് ചെക്ക് ഡാം