പ്രത്യേക അനുമതി വേണം; ഇന്ത്യന്‍ സഞ്ചാരികള്‍ക്കും പെര്‍മിറ്റില്ലാതെ ഈ ദേശീയോദ്യാനങ്ങള്‍ കാണാനാവില്ല

Mail This Article
പാരിസ്ഥിതികവും തന്ത്രപരവുമായ പ്രാധാന്യവും വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സാന്നിധ്യവുമെല്ലാം കാരണം, പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒട്ടേറെ ദേശീയോദ്യാനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയില്‍ പലതിലും പ്രവേശനത്തിന് പ്രത്യേക പെർമിറ്റുകൾ ആവശ്യമാണ്, ചിലത് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുമില്ല. അത്തരം ദേശീയോദ്യാനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.
∙നംദഫ നാഷണല്‍ പാര്‍ക്ക്, അരുണാചല്‍ പ്രദേശ്
അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ ചാങ്ലാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നംദഫ ദേശീയോദ്യാനം(Namdapha National Park). ഇത് നിലവിൽ വന്നത് 1983 ലാണ്. ഹൂലോക്ക് ഗിബ്ബണ്‍, ഹിമപ്പുലി, ക്ലൗഡഡ് ലെപ്പേർഡ്, റെഡ് പാണ്ട, ഏഷ്യൻ ഗോൾഡൻ കാറ്റ്, ആന, പുലി, കടുവ എന്നിങ്ങനെ ഒട്ടേറെ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. പ്രാവ്, വേഴാമ്പൽ, പരുന്ത്, ബാബ്ലർ തുടങ്ങി വിവിധയിനം പക്ഷിയിനങ്ങളെയും ഇവിടെ കാണാം. പട്കായ് പർവത മേഖല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നാവോ ദേഹിങ് നദി ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു.
ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ, പാർക്കിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുന്നു. ഇന്ത്യൻ പൗരന്മാർക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ ഇന്നർ ലൈൻ പെർമിറ്റ്(ILP) ആവശ്യമാണ്, അതേസമയം, വിദേശ വിനോദസഞ്ചാരികൾക്ക് നിയന്ത്രിത ഏരിയ പെർമിറ്റ്(RAP) ആവശ്യമാണ്.

∙ ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ്, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍
ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപായ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്‍റെ ഏകദേശം 85% വിസ്തൃതിയില്‍ പരന്നുകിടക്കുന്നതാണ് ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ്. 2013 ൽ ഇത് യുനെസ്കോയുടെ 'മനുഷ്യനും ജൈവമണ്ഡലവും' പരിപാടിയുടെ പട്ടികയിൽ ഉൾപ്പെടുത്തി. ദ്വീപിന്‍റെ വടക്കൻ ഭാഗത്തുള്ള വലിയ കാംബെൽ ബേ നാഷണൽ പാർക്ക് , തെക്കൻ ഉൾഭാഗത്തുള്ള ഗലാത്തിയ നാഷണൽ പാർക്ക് എന്നിങ്ങനെ 1992 ൽ ഗസറ്റ് ചെയ്ത ഇന്ത്യയിലെ രണ്ട് ദേശീയോദ്യാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ദ്വീപിന്‍റെ ജൈവമണ്ഡലമല്ലാത്ത ഭാഗങ്ങൾ കൃഷി, വനം, ജനവാസ കേന്ദ്രങ്ങൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു.
തദ്ദേശീയ നിക്കോബാറീസ്, ഷോംപെൻ ജനതയുടെ പ്രദേശങ്ങളും പരമ്പരാഗത ഭൂമിയും ബയോസ്ഫിയര്‍ റിസര്‍വിനുള്ളില്‍ ഉൾക്കൊള്ളുന്നു. ഇതും ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥാനവും കാരണം, ഇവിടേക്കുള്ള പ്രവേശനം വളരെ പരിമിതമാണ്. എല്ലാ സന്ദർശകർക്കും ഒരു നിയന്ത്രിത ഏരിയ പെർമിറ്റ് (RAP) ആവശ്യമാണ്, കൂടാതെ വിദേശ പൗരന്മാർക്ക് അധിക സുരക്ഷാ അനുമതിയും ആവശ്യമുണ്ട്. ആൻഡമാൻ നിക്കോബാർ ഭരണകൂടമാണ് ഈ പെർമിറ്റുകൾ അനുവദിക്കുന്നത്.

∙സുന്ദർബൻസ് ദേശീയോദ്യാനം, പശ്ചിമ ബംഗാൾ
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനവും യുനെസ്കോയുടെ ലോക പൈതൃക സ്ഥലവുമായ സുന്ദർബൻസ്(Sundarbans National Park), റോയൽ ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമാണ്. കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദർബൻ. പാർക്കിന്‍റെ ചില ഭാഗങ്ങളിൽ ബോട്ട് സഫാരികൾ വഴി പ്രവേശിക്കാമെങ്കിലും, കോർ സോണിലേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദനീയമല്ല.
∙ കാഞ്ചൻജംഗ ദേശീയോദ്യാനം, സിക്കിം
സിക്കിം സംസ്ഥാനത്തിലെ നോര്‍ത്ത് സിക്കിം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാഞ്ചൻജംഗ ദേശീയോദ്യാനം(Kanchenjunga National Park). ഹിമാലയൻ പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ ഈ ഉദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലം കൂടിയായ കാഞ്ചൻജംഗ നാഷണൽ പാർക്കില്‍, ക്ലൗഡഡ് ലെപ്പേഡ്, ഹിമപ്പുലി, താർ, ഹിമാലയൻ കരിങ്കരടി, റെഡ് പാണ്ട, നീൽഗായ്, ഹൊരാൽ, കസ്തൂരിമാൻ, റസൽ അണലി തുടങ്ങിയ ജന്തുക്കളെയും ഐബിസ് ബില്‍, ഏഷ്യൻ എമറാൾഡ് കുക്കൂ എന്നീ പക്ഷികളെയും കാണാം.
ഇന്ത്യ-ചൈന-നേപ്പാൾ അതിർത്തിക്കടുത്താണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ ഇത് ഒരു നിയന്ത്രിത പ്രദേശമാണ്. ഇന്ത്യൻ പൗരന്മാർക്ക് ഇവിടം സന്ദര്‍ശിക്കാന്‍ ഇന്നർ ലൈൻ പെർമിറ്റ്(ILP) ആവശ്യമാണ്, അതേസമയം വിദേശ സന്ദർശകർക്ക് നിയന്ത്രിത ഏരിയ പെർമിറ്റ്(RAP) കൂടി നേടണം. സിക്കിം ടൂറിസം വകുപ്പാണ് പെർമിറ്റുകൾ നൽകുന്നത്.

∙ ഇന്താങ്കി ദേശീയോദ്യാനം, നാഗാലാന്‍ഡ്
നാഗാലാന്‍ഡ് സംസ്ഥാനത്തിലെ കോഹിമ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഇന്താങ്കി ദേശീയോദ്യാനം(Ntangki National Park). 1993 ലാണ് ഇത് നിലവിൽ വന്നത്. ആന, സാംബർ, കടുവ, പുലി, ലംഗൂർ, റീസസ് കുരങ്ങ് എന്നിവയാണ് ഇവിടുത്തെ പ്രധാന മൃഗങ്ങൾ. മലമുഴക്കി വേഴാമ്പൽ, മയിൽ, പരുന്ത്, മൂങ്ങ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.
മറ്റ് മിക്ക ദേശീയോദ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി, നാഗാലാൻഡിലെ ഇന്താങ്കി ദേശീയോദ്യാനം പൊതുവെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടില്ല. നിബിഡ വനങ്ങളെയും അതുല്യമായ ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നതിനായി, ഇവിടേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുന്നു. ദേശീയോദ്യാനം കാണാനാഗ്രഹിക്കുന്ന സന്ദർശകർ വനം വകുപ്പിൽ നിന്നോ ദിമാപൂരിലെ ചീഫ് വൈൽഡ്‌ലൈഫ് വാർഡനിൽ നിന്നോ പ്രത്യേക അനുമതി വാങ്ങണം. വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള പാർക്ക് അല്ലാത്തതിനാൽ, പ്രവേശന ഫീസൊന്നുമില്ല.
∙ദിബാങ് വന്യജീവി സങ്കേതം, അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശിലെ മിഷ്മി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദിബാങ് വന്യജീവി സങ്കേതം(Dibang Wildlife Sanctuary), മിഷ്മി ടാക്കിൻ, റെഡ് പാണ്ട, ഹിമപ്പുലി എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ജന്തുജാലങ്ങൾക്കും അപൂര്‍വ്വ സസ്യങ്ങള്‍ക്കും പേരുകേട്ടതാണ്. അരുണാചൽ പ്രദേശിലെ എട്ട് വന്യജീവി സങ്കേതങ്ങളിൽ ഒന്നായ ഇത് അപ്പർ ദിബാങ് വാലി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
ദിഹാംഗ്-ദിബാംഗ് ബയോസ്ഫിയർ റിസർവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന സങ്കേതം സംരക്ഷിക്കുന്നത് അരുണാചൽ പ്രദേശിലെ പരിസ്ഥിതി വനം വകുപ്പാണ്. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നു കിടക്കുന്നതിനാൽ, ഈ പ്രദേശം വളരെ പരിമിതമാണ്. ഇന്ത്യൻ യാത്രക്കാർക്ക് ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. അരുണാചൽ പ്രദേശ് സർക്കാരാണ് പെർമിറ്റുകൾ നൽകുന്നത്.