ഓർക്കകൾ വീണ്ടും! വംശനാശം നേരിടുന്ന തിമിംഗലത്തെ ആക്രമിച്ച് ‘കടൽഗുണ്ട’കൾ

Mail This Article
കടലിൽ മറ്റു ജീവികളുടെ പേടിസ്വപ്നം ആണ് ഓർക്ക തിമിംഗലങ്ങൾ. കടലിലെ ഗുണ്ടാമാഫിയയെന്നറിയപ്പെടുന്ന ഇവ സംഘം ചേർന്ന് വലിയ ഇരകളെപ്പോലും വേട്ടയാടിക്കൊല്ലാൻ മിടുക്കൻമാരാണ്. ഇത്തരത്തിലുള്ള ഇവയുടെ ആക്രമണങ്ങളിൽ ഒന്ന് കഴിഞ്ഞദിവസം ഓസ്ട്രേലിയയിൽ നടന്നു. പിഗ്മി നീലത്തിമിംഗലം അഥവാ കുള്ളൻ നീലത്തിമിംഗലം എന്നറിയപ്പെടുന്ന അപൂർവ തിമിംഗലത്തെയാണ് ഇവർ വേട്ടയാടിക്കൊന്നത്. ഓസ്‌ട്രേലിയയിലെ ബ്രെമർ ഉൾക്കടലിലാണു സംഭവം. 60 ഓർക്കകൾ അടങ്ങിയ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. 40 മിനിറ്റോളം നീണ്ട വേട്ടയ്ക്കൊടുവിൽ ഓർക്ക സംഘം പിഗ്മി നീലത്തിമിംഗലത്തെ കൊന്നു. ഇതിനുശേഷം ഇവ കടലിൽ ആഹ്ലാദസൂചകമായി ചുറ്റിക്കറങ്ങി പ്രകടനവും നടത്തി.

പിഗ്മി നീലത്തിമിംഗലങ്ങൾ ഓസ്ട്രേലിയൻ മേഖലയിൽ കാണപ്പെടുന്നവയാണ്. ആയിരക്കണക്കിനു വർഷങ്ങൾ മുൻപാണ് ഇവ നീലത്തിമിംഗലങ്ങളിൽ നിന്നു വേർപിരിഞ്ഞു പ്രത്യേക വിഭാഗമായി മാറിയതെന്നു ജന്തുശാസ്ത്രജ്ഞർ പറയുന്നു. 24 മീറ്റർ നീളവും 90 ടൺ ശരീരഭാരവും ഇവയ്ക്കുണ്ട്. നീലത്തിമിംഗലത്തേക്കാൾ കുറവാണ് ഈ ശാരീരിക സവിശേഷതകൾ. വംശനാശഭീഷണി നേരിടുന്ന ജീവികളായാണ് ഇവ പരിഗണിക്കപ്പെടുന്നത്.
കില്ലർ വെയിൽ അഥവാ കൊലയാളിത്തിമിംഗലം എന്നും ഓർക്കകൾ അറിയപ്പെടുന്നു. 23 മുതൽ 32 അടി വരെ നീളവും 6000 കിലോ വരെ ഭാരവും വയ്ക്കുന്ന ഇവ സസ്തനികളാണ്. തിമിംഗല ഗ്രൂപ്പിലെ അംഗമായ ഡോൾഫിൻ കുടുംബത്തിൽ (ഡെൽഫിനിഡെ) വലുപ്പത്തിൽ ഏറ്റവും കൂടിയ വിഭാഗമാണ് ഓർക്കകൾ. സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് ഓർക്കകൾ. കറുപ്പും വെളുപ്പും ഇടകലർന്ന രൂപം കാരണം ഇവയെ സമുദ്രത്തിൽ പെട്ടെന്നുതന്നെ തിരിച്ചറിയാം. തണുപ്പുകൂടിയ മേഖലകളിലാണ് ഇവയുടെ അധിവാസമെങ്കിലും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്.

ഒട്ടേറെ കടൽജീവികളെ ഭക്ഷണമാക്കുന്ന ഓർക്കകൾ സംഘമായാണ് വേട്ടയാടാറുള്ളത്. പലതരം മീനുകൾ, പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ ചിലപ്പോളൊക്കെ മറ്റുതിമിംഗലങ്ങൾ വരെ ഇവയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു ഭക്ഷണമാകാറുണ്ട്. നാലിഞ്ചു നീളമുള്ള പല്ലുകൊണ്ട് സീലുകളെ ഐസിൽ നിന്നു കടിച്ചെടുക്കാൻ ഇവയ്ക്കു വല്ലാത്ത കഴിവാണ്.
വളരെ ബുദ്ധികൂർമതയുള്ള ജീവികളായ ഓർക്കകൾ വേട്ടയാടുന്നതിലും ഈ ശേഷി കാട്ടാറുണ്ട്. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ഇവയുടെ രീതി കരയിൽ ചെന്നായ്ക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്നവരിൽ നിന്നു വേട്ടയാടലിന്റെയും ഭക്ഷണശൈലിയുടെയും ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു. ഇവ തമ്മിൽ ആശയവിനിമയം നടത്തുന്നത് പ്രത്യേക കരച്ചിൽ ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ്.