വാഹന ശബ്ദവും വായുമലിനീകരണവും പക്ഷാഘാതത്തിന് കാരണമാകും

Mail This Article
ഗതാഗത ശബ്ദവും വായു മലിനീകരണവും പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്ന് പഠനം. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ മെഡിസിനിലെ ഗവേഷകരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. വാർധക്യം, ഉയർന്ന രക്തസമ്മർദം, പുകവലി തുടങ്ങിയവയോടൊപ്പം വായു, ശബ്ദ മലിനീകരണങ്ങളും പക്ഷാഘാതത്തിന് കാരണമാകുന്നതായി ഗവേഷകർ ചൂണ്ടികാണിക്കുന്നു.
പ്രതിവർഷം ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നതിന്റെ രണ്ടാമത്തെ കാരണം വായുമലിനീകരണമാണ്. ഇതോടൊപ്പം ശബ്ദ മലിനീകരണവും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വാഹനങ്ങളുടെ ശബ്ദം ആളുകളെ പിരിമുറുക്കത്തിലാക്കുകയോ ആരോഗ്യകരമായ ഉറക്ക രീതികളെ താളം തെറ്റിക്കുകയോ ചെയ്യുന്നു. വായു, ശബ്ദ മലിനീകരണ തോത് കൂടുതലുള്ള സ്ഥലങ്ങളിൽ പക്ഷാഘാത സാധ്യത കൂടുതലാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

വായുവിന്റെ ഗുണനിലവാരത്തിലും ശബ്ദത്തിലും കർശനമായ നിയന്ത്രണങ്ങൾ വേണമെന്നും കുറഞ്ഞ മലിനീകരണം പോലും പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകരായ ഡോ.ഹുയെൻ എൻഗുയെൻ തി ഖാനും ഡോ. ജെറോയിൻ ഡി ബോണ്ടും പറഞ്ഞു. ഒരു വ്യക്തി പതിവായി ശബ്ദ, വായു മലിനീകരണങ്ങൾ നേരിടുന്നുണ്ടെകിൽ അവരിൽ ശാരീരിക മാറ്റങ്ങൾ കൂടുതൽ പ്രകടമായി കാണും. തിരക്കേറിയ റോഡുകൾക്കോ വ്യാവസായിക മേഖലകൾക്കോ സമീപം താമസിക്കുന്നവർക്ക് അപകട സാധ്യത കൂടുതലാണ്.
വായു മലിനീകരണവും ഗതാഗത ശബ്ദവും മാത്രമല്ല പക്ഷാഘാതത്തിന് കാരണമാകുന്ന പാരിസ്ഥിതിക ആശങ്കകൾ എങ്കിലും ശബ്ദം കുറഞ്ഞ വാഹനങ്ങൾ, ശുദ്ധീകരിച്ച ഇന്ധനങ്ങൾ, ശബ്ദ നിയന്ത്രണ പരിഹാരങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചാൽ ഒരുപരിധിവരെ അപകട സാധ്യത കുറക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. എൻവയോൺമെന്റ് ഇന്റർനാഷണൽ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.