ഒട്ടകപ്പക്ഷിക്ക് എന്ത് പ്രധാനമന്ത്രി! ബോറിസ് ജോൺസണെ ആക്രമിച്ചു: വിഡിയോ പങ്കുവച്ച് ഭാര്യ

Mail This Article
രാഷ്ട്രീയ നേതാക്കളോട് പലതരത്തിൽ പ്രതിഷേധിക്കുന്നവരുണ്ട്. കരിങ്കൊടി കാട്ടുന്നതും നിരാസഹാര സമരം കിടക്കുന്നതുമൊക്കെ ഇതിൽ പെടും. പക്ഷേ നേതാവിന്റെ കൈയിൽ കൊത്തി പ്രതിഷേധിക്കുന്ന രീതി ലോകത്തെവിടെയും കേട്ടുകേൾവിയുള്ളതല്ല. യുകെയുടെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം അത്തരം ഒരു ആക്രമണമാണ് നേരിട്ടത്. രാഷ്ട്രീയ വൈരികളല്ല മറിച്ച് ഒരു ഒട്ടകപ്പക്ഷിയായിരുന്നു ഈ ആക്രമണത്തിന് പിന്നിലെന്നു മാത്രം. ടെക്സസ് വന്യജീവി പാർക്കിലൂടെയുള്ള യാത്രയ്ക്കിടയിൽ ഒരു ഒട്ടകപ്പക്ഷി ബോറിസ് ജോൺസണെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുടുംബത്തിനൊപ്പമായിരുന്നു ബോറിസ് ജോൺസൺ വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയ്ക്ക് ഇറങ്ങിയത്. അദ്ദേഹം തന്നെ വാഹനം ഡ്രൈവ് ചെയ്യുകയായിരുന്നു. കാഴ്ചകൾ കണ്ടു വളരെ സാവധാനത്തിൽ നീങ്ങുന്നതിനിടെയാണ് റോഡിന്റെ ഒരു വശത്തുകൂടി ഒട്ടകപ്പക്ഷി നടന്നുവരുന്നത് കുടുംബം കണ്ടത്. വാഹനം നിർത്തി കൗതുകത്തോടെ അതിനെ കണ്ടിരിക്കുകയായിരുന്നു ബോറിസ്. കാർ കണ്ട പക്ഷി ഇതെന്താണ് സംഭവം എന്ന മട്ടിൽ അവർക്കരികിലേയ്ക്ക് വന്നു. അദ്ദേഹത്തിന്റെ മകനാവട്ടെ ഒട്ടകപ്പക്ഷിയെ തൊട്ടടുത്ത് കണ്ടതിന്റെ ത്രില്ലിലായിരുന്നു.
കാറിനരികിലെത്തിയ ഒട്ടകപ്പക്ഷി നേരെ കാർ വിൻഡോയിലൂടെ തല ഉള്ളിലേക്കിട്ടു. ഭക്ഷണം എന്തെങ്കിലുമുണ്ടോ എന്ന് പരതിയതാവാം അത്. എന്നാൽ മുന്നിൽ കണ്ടത് ബോറിസ് ജോൺസൻ്റെ കൈകളാണ്. അടുത്ത നിമിഷം ഒട്ടകപ്പക്ഷി അദ്ദേഹത്തിന്റെ ഇടംകൈയിൽ ആഞ്ഞു കൊത്തി. വേദനയോടെ അദ്ദേഹം കൈ പിൻവലിക്കുന്നതും വിഡിയോയിൽ കാണാം. വീണ്ടും കൊത്തുമെന്ന് പേടിച്ച് ബോറിസ് കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങി.
‘അതീവ രസകരമായ ഈ സംഭവം പങ്കുവയ്ക്കാതിരിക്കാനാകില്ല’ എന്ന അടിക്കുറിപ്പോടെയാണ് ബോറിസ് ജോൺസന്റെ ഭാര്യ കാരി ജോൺസണ്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുദിവസങ്ങൾക്കും മുൻപ് പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.