വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം; ദമാമിൽ പ്രവാസി മലയാളി അന്തരിച്ചു

Mail This Article
ദമാം ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. മലപ്പുറം, തിരൂർ, പരിയാപുരം സ്വദേശി പുഴക്കര അബ്ദുൽ സമദ് (46) ആണ് ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച റിയാദിൽ നിന്നും ദമാമിലേക്ക് വരുന്ന വഴിയിൽ അൽഹസയ്ക്ക സമീപമുള്ള ഹുറൈമ എന്ന സ്ഥലത്തു വച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ കാലിനും തോളെല്ലിനുമുണ്ടായ ഗുരുതര പരുക്കിന് അബ്ദുൽസമദിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരിച്ചു.
ഹുറൈമയിൽ വച്ച് സ്വദേശി പൗരൻ ഓടിച്ച വാഹനം അബ്ദുൽ സമദിന്റെ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം മറിഞ്ഞാണ് ഗുരുതര പരുക്കേറ്റത്. ഡെൽറ്റ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ജോലിയോട് അനുബന്ധിച്ച് ദമാമിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. മുൻപ് ദുബായിലും, ഒമാനിലും ജോലി ചെയ്തിരുന്ന അബ്ദുൽ സമദ് രണ്ടു വർഷം മുൻപാണ് സൗദിയിൽ ജോലിക്കെത്തിയത്.
പുഴക്കര സൈനുദ്ദീൻ, കുഞ്ഞിമാച്ചൂട്ടി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ - ജസീറ, മൂന്ന് കുട്ടികളുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുവാൻ കമ്പനി അധികൃതരോടൊപ്പം കെഎംസിസി അൽ കോബാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ രംഗത്തുണ്ട്. ഖബറടക്കം പിന്നീട് നാട്ടിൽ.