പാളയത്തിൽ പട തീർത്ത ‘പ്രതിരോധ മന്ത്രി’; ആരാണ് ആ കൊലയ്ക്കു പിന്നിൽ? യുവതീ– യുവാക്കൾ നാടുവിടുന്നു; മ്യാൻമറിൽ സംഭവിക്കുന്നതെന്ത്?

Mail This Article
വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരിതബാധിത പ്രദേശത്തെ ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ആ പ്രതികൂല സാഹചര്യത്തെ നേരിടുവാന്‍ ഒരുമിക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും സാധാരണ കണ്ടുവരാറുള്ളത്. എന്നാല്‍ ഇതിന് അപവാദമായി ഒരു സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചു. മാര്‍ച്ച് 28നു മ്യാന്മറിലെ മാൻഡലേ പ്രദേശത്തിലെ സാഗായിങ് പട്ടണം പ്രഭവകേന്ദ്രമായി രൂപപ്പെട്ട, 7 .7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ വിതച്ചു. ഇതിന്റെ തീവ്രത മൂലം ആയിരത്തില്‍പരം മൈലുകള്‍ ദൂരെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കില്‍ പോലും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ കാഴ്ചകള്‍ ലോകം മുഴുവന്‍ കണ്ടതാണ്. ബാങ്കോക്കില്‍ ഇത്രയ്ക്കധികം നാശം സംഭവിച്ചെങ്കില്‍ ഈ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന്റെ അടുത്തു കിടക്കുന്ന പ്രദേശങ്ങളില്‍ ഉണ്ടായ കെടുതികള്‍ എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 1912നു ശേഷം മ്യാന്മറിന്റെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് പ്രാരംഭ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ എത്രയെന്ന് കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും അയ്യായിരത്തിനും പതിനായിരത്തിനുമിടയ്ക്കാകാം മരിച്ചവരുടെ എണ്ണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഭൂകമ്പം വരുത്തിവച്ച നാശനഷ്ടങ്ങള്‍ നേരിടുന്ന മ്യാന്മര് ജനതയെ സഹായിക്കാന്‍ മറ്റു രാഷ്ട്രങ്ങളും ലോകത്തിലെ പ്രമുഖ സന്നദ്ധസേവന സംഘടനകളും മുന്പോട്ട് വന്നിട്ടുണ്ട്. ഇവര്‍ നല്കുന്ന വസ്തുവകകള്‍ സ്വീകരിച്ച് അവ ദുരിതബാധിതര്‍ക്ക് കഴിയുന്നതും വേഗം എത്തിക്കുക എന്നത് മ്യാന്മര് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മേല്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. എന്നാല്‍ ഈ ആപത്ഘട്ടത്തില്‍ ജനങ്ങളുടെ സഹായത്തിനെത്തുന്നതിനു പകരം മ്യാന്മറിലെ പട്ടാളം ചെയ്തത് ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ മേല്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇങ്ങനെ ഒരു ദുര്യോഗം അനുഭവിക്കുവാന്‍ മാത്രം എന്തു തെറ്റാണ് മ്യാന്മറിലെ ജനത ചെയ്തതെന്ന ചോദ്യം ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്ന അവസരത്തില്‍ ഈ വിഷയത്തിന്റെ മൂല കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു പരിശോധന ആവശ്യമാണ്.