വിൻസിക്ക് എന്തുകൊണ്ട് സിനിമ കിട്ടുന്നില്ല, കുഴപ്പമുണ്ട്: വെളിപ്പെടുത്തലുമായി ശ്രുതി രജനികാന്ത്

Mail This Article
നടി വിൻ സി. അലോഷ്യസിന് പിന്തുണയുമായി ശ്രുതി രജനീകാന്ത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി ജോലി ചെയ്യില്ലെന്ന് വിൻ സി പ്രഖ്യാപിച്ചതിനു ശേഷം സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടി നേരിട്ടത്. വിൻ സിക്ക് അവസരങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കൽ മാത്രമാണ് എന്നുള്ള കമന്റുകളാണ് പലരും ചെയ്തത്. ഇതിനെ വിമർശിച്ചുകൊണ്ട് എത്തുകയാണ് നടി ശ്രുതി. താൻ ഏറെ ആരാധിക്കുന്ന വളരെ കഴിവുള്ള നടി ആണ് വിൻ സിയെന്നും സിനിമയിൽ അവർക്ക് അവസരങ്ങൾ ഇല്ലെങ്കിൽ അതിന്റെ കാരണം പ്രേക്ഷകർക്ക് തന്നെ ചിന്തിച്ചാൽ മനസിലാകുമെന്നും ശ്രുതി പറയുന്നു. വിൻ സി. തുറന്നു പറഞ്ഞതുപോലെയുള്ള അവസ്ഥ താനും നേരിട്ടിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഓരോ വ്യക്തികളുടെ സ്വാതന്ത്ര്യമാണെങ്കിലും അത് ഉപയോഗിച്ച് പൊതു സ്ഥലങ്ങളിൽ വരുന്നത് മറ്റുള്ളവർക്ക് ശല്യമാണെന്ന് ശ്രുതി പറയുന്നു. സിനിമയിൽ വലിയ സ്ഥാനത്തിരിക്കുന്ന ഒരു താരം തന്നോട് ബഹുമാനം ഇല്ലാതെ പെരുമാറിയപ്പോൾ താൻ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.
“എന്റെ ഒരു കാഴ്ചപ്പാട് പറയാൻ പറ്റുന്ന ഒരു വിഷയമാണ് ഇത്. വിൻസി അലോഷ്യസ് പറഞ്ഞ കാര്യമാണ് പറയാൻ പോകുന്നത്. വിൻസി അലോഷ്യസ് ഒരു പ്രശസ്തയായ നടിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ്. വിൻസി ഒരു നടി ആകുന്നതിനു മുന്നേ തന്നെ എനിക്ക് ഇഷ്ടമാണ്. ‘നായികാനായകനി’ലൂടെയാണ് വിൻസി വരുന്നത്. വിൻസിയെ അന്നേ എനിക്ക് ഭയങ്കര കഴിവുള്ള ആളാണെന്നു തോന്നിയിട്ടുണ്ട്. വിൻസിയുടെ കോഴിക്കറി വയ്ക്കുന്ന വിഡിയോ കാണാത്തവരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. അത് കഴിഞ്ഞിട്ടുള്ള നേട്ടങ്ങൾ ആണെങ്കിൽ കൂടി വിൻസി ഒരു കഴിവുറ്റ കലാകാരി ആണെന്ന് നമുക്ക് പറയാൻ പാട്ടും. വിൻസി ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടിവന്നു എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയി തോന്നി. അവർ പറഞ്ഞ കാര്യത്തിന് ആളുകളിൽ നിന്നും വന്നകമന്റുകൾ കണ്ട് ആണ് ഞാൻ ഞെട്ടിയത്. ചില ആളുകൾ ജീവിതത്തിലെ നിരാശ ഇങ്ങനെ പറഞ്ഞു തീർക്കുന്നതാകാം അല്ലെങ്കിൽ ചിലർ ചുമ്മാ നെഗറ്റീവ് പറഞ്ഞാൽ കമന്റ്സിന് ലൈക്ക് കിട്ടും എന്നുകരുതി ആയിരിക്കും. അതെല്ലാം ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്.
സിനിമയോ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയോ ആകട്ടെ നമ്മൾ കാണുന്ന ആളുകളല്ല ജീവിതത്തിലേക്ക് വരുമ്പോൾ. ഞാൻ എല്ലാ സിനിമയും മുടങ്ങാതെ പോയി തിയറ്ററിൽ കാണുന്ന ഒരാളായിരുന്നു. അതുപോലെതന്നെ സിനിമ എന്ന് പറയുമ്പോൾ കണ്ണിൽ ഒരു അദ്ഭുതവും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ഇപ്പോ ഞാൻ സിനിമ കാണുന്നത് ചുരുങ്ങി. ചിലരുടെ പടം വന്നാൽ ഞാൻ കാണാതായി. അതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ട്. ചിലത് ദൂരെനിന്ന് കാണുമ്പോൾ ഭയങ്കര ഭംഗിയായിരിക്കും. അടുത്തു വരുമ്പോഴേ
അതിന്റെ കുറ്റങ്ങൾ മനസ്സിലാകൂ. അതുപോലെയാണ് ഇപ്പോൾ വിൻസി പറഞ്ഞ കാര്യം. നമുക്ക് വെളിയിൽനിന്ന് കാണുമ്പോൾ ഭയങ്കര ആഡംബര ജീവിതം, അവരുടെ അഭിനയിക്കാനുള്ള കഴിവ്, സ്റ്റാർഡം. ഇതെല്ലാം കണ്ടാൽ എന്ത് അടിപൊളിയാ എന്ന് തോന്നിപ്പോകും.
പക്ഷേ അവരൊന്നും അങ്ങനെയല്ല. ഇത്രയധികം സ്റ്റാർഡം ഉണ്ടായിട്ടും വിനയത്തോടെ പെരുമാറുന്നവരുണ്ട്. അല്ലെങ്കിൽ നമ്മൾ ഭയങ്കര അഹങ്കാരി ആയിരിക്കും എന്നു വിചാരിച്ച് അടുത്ത് ചെന്ന് കഴിഞ്ഞ് ഒരുപാട് മനസ്സിലാക്കി കഴിയുമ്പോൾ അയ്യോ ഇതൊരു പാവമാണല്ലോ എന്ന് ചിന്തിക്കുന്ന ആളുകളും ഉണ്ട്. അതുപോലെ തന്നെ ഒരുപാട് ആരാധിച്ച് നമ്മൾ അടുത്തറിഞ്ഞു കഴിഞ്ഞപ്പോൾ ദൈവമേ ഇതിനെ പരിചയപ്പെടേണ്ടായിരുന്നു, എന്റെ ജീവിതത്തിൽ ഇനി ഇയാളെ കാണാൻ താൽപര്യമില്ല എന്ന് തീരുമാനിച്ച ആളുകളും ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടുണ്ട്.
വിൻസിയോ നീ വല്യ സൂപ്പർ സ്റ്റാറോ, നിനക്കിപ്പോ സിനിമ വല്ലതും ഉണ്ടോ, എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്. അവരോടൊന്നും എനിക്ക് ഒരു ബഹുമാനവും ഇല്ല അവരെയൊന്നും ഞാൻ ഒരു വ്യക്തിയായി കണക്കാക്കുന്നതുമില്ല. ഇവർക്കൊക്കെ വിദ്യാഭ്യാസം ഇല്ലെന്നു പറയണോ അതോ വിദ്യാഭ്യാസം കൂടിപോയതുകൊണ്ടാണ് എന്ന് പറയണോ എന്ന് അറിയില്ല. വിൻസി പറഞ്ഞ ഒരു കാര്യം സത്യമാണ്, ഒരുപക്ഷേ പടം ഇല്ലായിരിക്കാം. ഇപ്പോ ഞാനാണെങ്കിലും എന്നോട് കുറേ പേര് അടുത്ത പ്രോജക്റ്റ് ഏതാ എന്ന് ചോദിച്ചാൽ പറയാൻ എനിക്ക് പ്രോജക്റ്റ് ഇല്ല. പ്രോജക്റ്റ് ഇങ്ങനെ തുരുതുരാ വന്നുകൊണ്ടിരിക്കുന്ന സാധനം അല്ല. വരുന്നതൊക്കെ നമുക്ക് ഇഷ്ടപ്പെടണം എന്നുമില്ല. ഭയങ്കര മത്സരമുള്ള ഫീൽഡ് ആണ്, എന്തും എങ്ങനെയും ചെയ്യാൻ തയാറായ ആൾക്കാരുണ്ട്, അങ്ങനെ അല്ലാത്തവരും ഉണ്ട്. ഇതൊരു ഭയങ്കര വിശാലമായ കാര്യമാണ്. പ്രോജക്റ്റ് ഇല്ലാത്ത കഴിവ് ഇല്ലാത്തതുകൊണ്ടാണ് എന്ന് വിൻസിയെപോലെ ഒരു ആർട്ടിസ്റ്റിന്റെ മുഖത്ത് നോക്കി എങ്ങനെ പറയാൻ പറ്റും? ഒരിക്കലും പറയാൻ പറ്റില്ല. അപ്പോൾ നിങ്ങൾ ചിന്തിക്കേണ്ടത് തിരിച്ചാണെന്നാണ്, കാരണം വിൻസിക്കൊക്കെ പടം കിട്ടുന്നില്ല എന്നുണ്ടെങ്കിൽ അവിടെ എന്തോ കുഴപ്പമുണ്ട് എന്നാണ് ചിന്തിക്കേണ്ടത്.
വിഡിയോയുടെ താഴെയുള്ള കുറെ കമന്റുകൾ കണ്ടു, ഇങ്ങനെ പലരും മുന്നോട്ടു വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്ന്. മുന്നോട്ടു വന്നതുകൊണ്ട് കാര്യമില്ല നിങ്ങളും ഓരോരുത്തരും മുന്നോട്ടു വരണം. എന്തുകൊണ്ട് ചില ആർട്ടിസ്റ്റുകൾക്ക് ഇപ്പോൾ അവസരം കിട്ടുന്നില്ല, എന്തുകൊണ്ട് ഇന്ന ആർട്ടിസ്റ്റിനെ ഇപ്പോൾ കാണുന്നില്ല എന്നുള്ളത് ചെകഞ്ഞു പോകാൻ ആളുകൾ ഉണ്ടെങ്കിൽ ഈ ആർട്ടിസ്റ്റുകൾ ഒക്കെ മുന്നോട്ട് വരും. നമ്മൾ പറയില്ലേ മിന്നുന്നതെല്ലാം പൊന്നല്ല എന്ന്, അതുപോലെ തന്നെയാണ് എനിക്ക് പറയാനുള്ളത് നമ്മൾ ഈ കാണുന്നതൊന്നുമല്ല യാഥാർഥ്യം. അത് എല്ലാവരും മനസ്സിലാക്കുക. പലർക്കും പല രീതിയിലുള്ള മോശ അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവും, സാധാരണക്കാരൻ ആണെങ്കിലും ഇപ്പോ ഇൻഡസ്ട്രിയിൽ നിൽക്കുന്നവരാണെങ്കിലും ഒക്കെ.
ഞാൻ നേരിട്ട ഒരനുഭവം ഉണ്ട്. ഒരു സാഹചര്യത്തിൽ എന്നോടു വളരെ മോശമായി പെരുമാറുന്നത് കണ്ടപ്പോൾ ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയി. സിനിമയിൽ വലിയ ഒരു പൊസിഷനിൽ നിൽക്കുന്ന ഒരാൾ അപ്പോ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട് “നീ ആരാ മമ്മൂട്ടിയോ? എന്റെ മുമ്പിൽ നിന്ന് ഇങ്ങനെ ഇറങ്ങി പോകാൻ, വാക്ക്ഔട്ട് നടത്താൻ” എന്ന്. ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ട കാര്യമുണ്ട്, മമ്മൂട്ടി ആണേലും മോഹൻലാൽ ആണേലും, ഞാൻ അവരെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. പക്ഷേ ഒരാൾക്ക് ബഹുമാനം കിട്ടണമെങ്കിൽ അത്രയും വലിയ സൂപ്പർസ്റ്റാർ ആകണമെന്നില്ല. നമ്മളോട് മോശമായി പെരുമാറുന്ന ഇടത്തുനിന്ന് ഇറങ്ങിപോകാനും തിരിച്ചുപറയുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.
വ്യക്തിപരമായി നമ്മൾ ആരാണ് എന്നുള്ളിടത്ത് നമ്മൾ നിൽക്കണം. അതായത് ഒരു വ്യക്തി എന്നുള്ള നിലയിൽ ഞാൻ ആരാണെന്നുള്ളതും എന്നെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്നുള്ളതിലും എനിക്കൊരു കാഴ്ചപ്പാടുണ്ട്, അത് തെറ്റിക്കുമ്പോൾ ഞാൻ പ്രതികരിക്കും. ഇപ്പൊ വിൻസി പറഞ്ഞ കാര്യത്തിൽ എനിക്ക് അദ്ഭുതം ഒന്നുമില്ല. മദ്യപാനം നടത്തിയിട്ടു അല്ലെങ്കിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ട് മോശമായി പെരുമാറുമ്പോൾ മറ്റുള്ളവരുടെ അവസ്ഥ ഓർത്ത് നമുക്ക് ഒന്നും പറയാതെ അവിടെ നിൽക്കേണ്ടി വന്നിട്ടുണ്ട്, അത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അത് കാരണം ഷൂട്ട് മുടങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വിൻസി പറഞ്ഞ കാര്യത്തെ ഞാൻ പിന്തുണയ്ക്കുന്നു. ആരുടേയും വ്യക്തിപരമായ ജീവിതത്തിൽ നമ്മൾ ഇടപെടില്ല. പക്ഷേ ജോലി ചെയ്യുന്നിടത്ത് ഈ മാതിരി ലഹരി വസ്തുക്കൾ ഉപയോഗിച്ച് വന്നിട്ട് അത് വന്നവരെയും നിന്നവരെയും ചുറ്റും വർക്ക് ചെയ്യുന്നവരെയും എല്ലാം ബുദ്ധിമുട്ടിലാക്കുന്ന കാര്യമായി മാറുന്നത് തെറ്റ് തന്നെയാണ്. എന്തുകൊണ്ട് ഇത് വീണ്ടും സഹിക്കുന്നു, ഇത്രയധികം ആളുകൾ ഇവിടെ ഇല്ലാഞ്ഞിട്ടാണോ എത്രയോ പേര് അഭിനയിക്കാൻ താല്പര്യമുള്ള ആളുകൾ അത്രയും കഴിവുള്ള ആളുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ പറയുന്ന കാര്യങ്ങൾ ഉപയോഗിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നത് എന്നുള്ളത് നിങ്ങൾ ഓരോരുത്തരുമാണ് ചിന്തിക്കേണ്ടത്.
ഞാൻ വിൻസിക്കു പിന്തുണ കൊടുക്കും, വിൻസിയെ ഓർത്ത് എനിക്ക് അഭിമാനം ഉണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആര്ടിസ്റ്റാണ് വിൻസി, വിൻസി ഇത്തരത്തിൽ തുറന്നു പറഞ്ഞത് ഓർത്ത് എനിക്ക് അഭിമാനമുണ്ട്. വിൻസി എപ്പോഴും തുറന്നു പറയുന്ന ആളാണ്, എനിക്ക് ഒരുപാട് അവസരങ്ങൾ കിട്ടാറില്ല, സിലക്ട് ചെയ്ത് എടുക്കണം എങ്കിൽ ഒരുപാട് അവസരങ്ങൾ വരണം എന്നൊക്കെ. അതാണ് യാഥാർഥ്യം. സിനിമാ മേഖലയിൽ നമ്മൾ ഓരോരുത്തരും ഒരു പാസിങ് ക്ലോസ്ഡ് ആണ്. ഇത് എത്രയും പെട്ടെന്ന് മനസ്സിലാക്കുന്നോ അത്രയും നല്ലത്. ഈ സംഭവം മുന്നിൽ നിർത്തിക്കൊണ്ട് തന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് എനിക്കറിയാവുന്നവരും എനിക്ക് മെസ്സേജ് അയക്കുന്നവരും സുഹുത്തുക്കളും ഒക്കെ അതുമാത്രമേ ചെയ്യൂ എന്ന് പറഞ്ഞിരിക്കരുത്.
നിങ്ങളുടെ ജീവിതം വെറുതെ നശിപ്പിച്ചു കളയരുത്. വരാനുള്ളത് വരും. അഭിനയം ഒരു പാഷൻ ആയി നോക്കിക്കൊള്ളൂ. പക്ഷേ പ്രഫഷനൽ ആയി എന്തെങ്കിലും ഒരു സ്ഥിരവരുമാനം കണ്ടെത്തണം. സിനിമയുടെ അകത്തുനിന്ന് കണ്ടു മനസിലാക്കിയതുകൊണ്ടു പറയുകയാണ് ഇതൊരു പാസിങ് ക്ലൗഡ് മാത്രമാണ്. ഇന്ന് വർക്ക് ഉണ്ടാകും ഇന്ന് വാനോളം പുകഴ്ത്തും എന്ന് കരുതി നാളെ അത് ഉണ്ടാകണം എന്നില്ല. നാളെ പണവും പ്രശസ്തിയും ഇല്ലാതാകുമ്പോൾ നമുക്ക് ജീവിക്കാനുള്ളത് നമ്മൾ കണ്ടെത്തിയേ മതിയാകൂ. എനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞിരിക്കരുത്, നമ്മൾ പഠിച്ച എന്തെങ്കിലും പ്രാവർത്തികമാക്കി ഒരു സ്ഥിരവരുമാനം കണ്ടെത്തണം. അല്ലെങ്കിൽ ജീവിതം മുഴുവൻ ഒരു പ്രഷർ കുക്കറിൽ ആയിരിക്കും. ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്, ഞാൻ ദുബായിലേക്ക് ജോലിക്ക് വന്നപ്പോൾ എല്ലാവരും ചോദിക്കുന്നുണ്ട് ആക്ടിങ് നിർത്തിയോ എന്ന്. ഒരിക്കലുമില്ല അഭിനയം എന്നും എന്റെ പാഷൻ ആയിരിക്കും.
നല്ല ആളുകൾ എല്ലായിടത്തും ഉണ്ട്. ഞാൻ അനൂപ് മേനോന്റെ ഒക്കെ സെറ്റിൽ വർക്ക് ചെയ്തപ്പോൾ ആ സെറ്റ് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. നമുക്ക് കൂടുതൽ മനസിലാക്കാനും പഠിക്കാനും പറ്റുന്ന ഒരു സെറ്റ് ആയിരുന്നു. അങ്ങനെ നല്ല ആളുകളും എല്ലായിടത്തും ഉണ്ട്. ഞാൻ ഇവിടെ വന്നത് എനിക്ക് ആർജെ ആയി റേഡിയോ കേരളത്തിൽ നിന്ന് ഒരു നല്ല ഒരു സാലറി പാക്കേജ് ആയി നല്ല ഒരു അവസരം കിട്ടിയതുകൊണ്ടാണ്. ഒരു സ്ഥിരവരുമാനം ഉണ്ടാകുമല്ലോ, എന്റെ പാഷനും ബിസിനസും എല്ലാം ഉണ്ടെങ്കിലും ഒരു സ്ഥിരവരുമാനം, നമ്മുടെ തലച്ചോറിനു പായ് എടുക്കാൻ പറ്റുന്ന സ്ഥലമാണ് ഇത്. ഇതിനിടയിൽ എനിക്ക് നല്ല സിനിമകളും ഷോയും ഒക്കെ വരുകയാണെങ്കിൽ ഞാൻ നാട്ടിലേക്ക് വന്ന് അത് ചെയ്തിട്ട് തിരിച്ചുവരും. നമ്മൾ എന്തെങ്കിലും കിട്ടും എന്ന് കരുതി കാത്തിരിക്കരുത്, ഞാൻ ഇപ്പോഴും ഓഡിഷന് വേണ്ടി അപേക്ഷ അയക്കാറുണ്ട്. നന്നായി കഠിനാധ്വാനം ചെയ്താലേ എപ്പോഴും വീണാൽ നാല് കാലിൽ വീഴാൻ പറ്റൂ.’’–ശ്രുതിയുടെ വാക്കുകൾ.