ചുംബനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും ക്ഷയരോഗം പടരുമോ ?

Mail This Article
ശ്വാസകോശത്തെ പ്രധാനമായി ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധയാണ് ക്ഷയരോഗം അഥവാ ട്യൂബര്‍കുലോസിസ്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവയവങ്ങള്‍ക്കും ടിബി വരാവുന്നതാണ്. ശ്വാസകോശത്തില്‍ ക്ഷയരോഗം ബാധിച്ചിരിക്കുന്ന രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും സംസാരിക്കുമ്പോഴും വായുവിലേക്ക് എത്തുന്ന അണുക്കള്‍ വഴി രോഗം പടരാറുണ്ട്. എന്നാല്‍ ക്ഷയരോഗാണുക്കള്‍ സജീവമായി തൊണ്ടയിലും ഉമിനീരിലും ഉള്ള രോഗികളില്‍ നിന്ന് ചുംബനം വഴിയും ടിബി പകരാമെന്ന് പള്‍മനോളജിസ്‌റ്റ് ഡോ. വികാസ് മിത്തല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഇത് ടിബി പകരുന്ന സര്‍വസാധാരണമായ വഴിയല്ലെന്നും വായു വഴിയാണ് പ്രധാനമായും ടിബി പകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചുംബിക്കുമ്പോള്‍ അണുബാധിതമായ കണികകള്‍ ശ്വസിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ശ്വാസകോശത്തിന് പുറത്ത് ജനനേന്ദ്രിയ ഭാഗങ്ങളില്‍ വരുന്ന ടിബി ലൈംഗിക ബന്ധത്തിലൂടെ പടരുമെന്നതിനും ശക്തമായ തെളിവുകളില്ല. അതേ സമയം സ്രവങ്ങളില്‍ നിന്ന് ഏതെങ്കിലും മുറിവുകള്‍ വഴി ഈ അണുക്കള്‍ ശരീരത്തിനുള്ളിലെത്താം. എന്നാല്‍ അത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണെന്നും ഡോ. വികാസ് കൂട്ടിച്ചേര്‍ക്കുന്നു. സജീവമല്ലാതെയും ലക്ഷണങ്ങള്‍ കാണിക്കാതെയും ശരീരത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ലേറ്റന്റ് ടിബിയും ചുംബനം വഴിയോ അടുത്ത് ഇടപഴകുന്നത് വഴിയോ ലൈംഗിക ബന്ധം വഴിയോ പടരില്ലെന്നും ഡോ. വികാസ് വിശദീകരിക്കുന്നു. അതേ സമയം ലേറ്റന്റ് ടിബി ശ്വാസകോശത്തില്‍ സജീവമായാല്‍ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ഇത് പുറത്ത് വന്ന് രോഗം പരത്താം.