അരക്കില്ലാതെ, മടലില്ലാതെ ചക്കപ്പഴം; വിപണിയിൽ ബമ്പർ ഹിറ്റ്; ചക്കച്ചുള പാക്കറ്റിലായപ്പോൾ പൊന്നുംവില!

Mail This Article
ഒന്നാലോചിച്ചു നോക്കൂ. എന്തുകൊണ്ടാണ് ചക്ക കേരളത്തിന്റെ നിത്യഭക്ഷണക്രമത്തിലേക്ക് മടങ്ങിവരാത്തത്? ഈന്തപ്പഴമോ വാഴപ്പഴമോ വാങ്ങിക്കൊടുക്കുന്നതുപോലെ നമ്മള്‍ ചക്കപ്പഴം കുട്ടികൾക്കു കൊടുക്കാത്തത്? കടയിൽനിന്നു വാങ്ങി കൈവശം കൊണ്ടുനടക്കാവുന്ന വിധത്തിൽ ചക്കപ്പഴം കിട്ടാത്തതുകൊണ്ടാണോ? അത് കൈകാര്യം ചെയ്യുന്നതിന്റെ പ്രയാസമോര്‍ത്താണോ? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുകയാണ് ഇരിങ്ങാലക്കുടയിലെ യുവസംരംഭകന്‍ കാർത്തിക് സുരേഷ്. ചക്ക വെട്ടിയൊരുക്കി പായ്ക്ക് ചെയ്തു കൊടുത്താൽ വാങ്ങാൻ ആയിരം പേരുണ്ടാവുമെന്നു കാണിച്ചുതരുന്നു കാർത്തിക്കിന്റെ ഫ്രെഷ് ആൻഡ് ഗുഡ് എന്ന സംരംഭം. കാര്‍ത്തിക്കിന്റെ ചക്കപ്പഴപ്പാക്കറ്റുകൾ എറണാകുളത്തെയും പാലക്കാട്ടെയും തൃശൂരിലെയുമൊക്കെ മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.
വൃത്തിയാക്കി പായ്ക്ക് ചെയ്ത ചക്കച്ചുളകൾക്കു പ്രീമിയം വില നൽകാൻ ഉപഭോക്താക്കൾക്കു മടിയില്ലെന്ന് മൂന്നു മാസത്തെ അനുഭവത്തിൽ കാര്‍ത്തിക് പറയുന്നു.

ദിവസേന ശരാശരി 300 പാക്കറ്റുകളാണ് ഫ്രഷ് ആൻഡ് ഗുഡിന്റെ മുരിയാടുള്ള സംസ്കരണശാലയിൽ വിതരണത്തിനൊരുക്കുന്നത്. ശരാശരി 250 കിലോ ചക്ക വീതം രാവിലെ വെട്ടിയൊരുക്കി നൽകുന്നത് സമീപവാസികളായ തൊഴിലാളികള്‍. ഓരോ ദിവസവും വ്യത്യസ്ത ഇനങ്ങൾ സംസ്കരിക്കാനും അവ പ്രത്യേകം പായ്ക്ക് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. 200 ഗ്രാം പാക്കറ്റിനു കടകളിൽ 120–150 രൂപയാണ് വില. ഇനഭേദമനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസം വരും.
ഇലക്ട്രിക്കൽ എൻജിനീയറായ കാർത്തിക് 4–5 വർഷമായി പഴവർഗ ബിസിനസിലാണ്. രാജ്യവ്യാപകമായി വ്യത്യസ്തതരം പഴത്തോട്ടങ്ങളെയും അവയുടെ ഉടമസ്ഥരെയും കണ്ടെത്തിയാണ് കാർത്തിക് പഴങ്ങൾ സംഭരിക്കുന്നത്. കേരളത്തിൽനിന്നു റംബുട്ടാനും മാങ്കോസ്റ്റിനും പാഷൻഫ്രൂട്ടും ചക്കയുമൊക്കെ വാങ്ങുന്നു. പെഴ്സിമൺ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ പഴങ്ങളുമുണ്ട്. തുടക്കം പാഷൻഫ്രൂട്ടിലായിരുന്നു. ചക്കസംഭരണം ആരംഭിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. സൂപ്പർ മാർക്കറ്റുകളിലും സംസ്കരണ സംരംഭകർക്കും കയറ്റുമതിക്കാർക്കും വിവിധയിനം ചക്കകൾ ആവശ്യമനുസരിച്ച് കൊടുത്തുവരുന്നു.
മൂന്നു മാസം മുൻപാണ് ചക്കച്ചുള പായ്ക്ക് ചെയ്തു വില്‍ക്കാനുള്ള സാധ്യത പരീക്ഷിച്ചത്. ചക്കപ്പഴ ഇനങ്ങള്‍ കൂടിക്കലരാതെ, ഓരോന്നും പ്രത്യേകം പായ്ക്ക് ചെയ്ത് വിപണയിലെത്തിക്കുകയായിരുന്നു തുടക്കത്തില്‍ത്തന്നെ. ഇനവും മഞ്ഞ, ചുവപ്പു നിറങ്ങളും നോക്കി തരം തിരിക്കുന്നതിനൊപ്പം ഇനത്തിന്റെ പേരും ചേർത്ത് ഈ പായ്ക്കറ്റകൾ ലേബൽ ചെയ്യുന്നു. ഉപഭോക്താവിനു സ്വന്തം അഭിരുചിയനുസരിച്ച് ഇനം തിരഞ്ഞെടുക്കാൻ ഇതു സഹായിക്കുന്നു.

ഏഴെട്ട് ഇനങ്ങളാണ് പ്രധാനമായി നൽകാറുള്ളത്. വാണിജ്യകൃഷിയിൽ മുന്‍പന്തിയിലുള്ള വിയറ്റ്നാം ഏർളിക്കു പുറമേ ജെ 33, സിന്ദൂർ, ഡാങ് സൂര്യ, കംബോഡിയൻ ജാക്ക്, ചെമ്പരത്തി ഇനങ്ങളൊക്കെ കാർത്തിക്കിന്റെ സംസ്കരണശാലയിലെത്തും. കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള പ്ലാവുകർഷകരുമായി ചക്ക വാങ്ങാൻ ധാരണയായിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള 25 പ്ലാവുഫാമുകളെങ്കിലും തന്റെ പരിചയത്തിലുണ്ടെന്ന് കാർത്തിക് വ്യക്തമാക്കി.
ഫോൺ: 7907642649