"ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്രം നിര്‍ത്തലാക്കിയോ?" | Fact Check

Mail This Article
വഖഫ് ബില്ലിനെ അനുകൂലിച്ച മുനമ്പത്തെ പ്രദേശവാസികളെ പരാമർശിച്ച് കേന്ദ്ര സര്‍ക്കാർ ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് ഹെൽപ്‌ലൈൻ നമ്പറിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം
∙ അന്വേഷണം
"ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിര്‍ത്തലാക്കി... ഇത് casa യുടെ വിജയം. നമുക്ക് മുനമ്പത്ത് സന്തോഷമായില്ലേ." എന്നാണ് വസ്തുതാ പരിശോധനയ്ക്ക് ഞങ്ങൾക്ക് ലഭിച്ച സന്ദേശം.
കേന്ദ്രസര്‍ക്കാര്‍ ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. എന്നാൽ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ദുഃഖവെള്ളി അവധി റദ്ദാക്കി, തീരുമാനം 'അസ്വീകാര്യം' എന്ന് ക്രിസ്ത്യൻ സമൂഹം എന്ന തലക്കെട്ടോടെ 2019–ൽ പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ദാമൻ, ദിയു, ദാദ്ര & നാഗർ ഹവേലി എന്നിവിടങ്ങളിലെ ദുഃഖവെള്ളി പൊതു അവധിയായി ബോംബെ ഹൈക്കോടതി പുനഃസ്ഥാപിച്ചു എന്ന തരത്തിൽ 2019–ലെ തന്നെ മറ്റൊരു റിപ്പോർട്ടും ലഭിച്ചു.
ഇത് കൂടാതെ, ചണ്ഡിഗഡിൽ ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കിയതിലൂടെ ബിജെപി ക്രിസ്ത്യൻ വിരുദ്ധ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ചു കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകളും ലഭ്യമായി.ഇതുമായി ബന്ധപ്പെട്ട വിഡിയോ റിപ്പോർട്ട് കാണാം
ഈ റിപ്പോർട്ടുകളിലെവിടെയും കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇത്തരത്തിലൊരു ഉത്തരവ് നിലവിലുള്ളതായി വ്യക്തമാക്കിയിട്ടില്ല.
ചണ്ഡിഗഡിലെ, ദുഃഖവെള്ളിയിലെ പൊതു അവധി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചപ്പോൾ ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 18–ലെ ദുഖവെള്ളി, മെയ് 12–ലെ ബുദ്ധപൂർണിമ എന്നീ പൊതു അവധികൾ റദ്ദാക്കിയതായി വ്യക്തമാക്കുന്ന 2025 മാർച്ച് 24–ന് പുറത്തിറക്കിയ ഉത്തരവ് ലഭിച്ചു.
2024 ഡിസംബർ 27-ന് ആഭ്യന്തര വകുപ്പ്, ചണ്ഡിഗഡ് ഭരണകൂടം പുറപ്പെടുവിച്ച, 6/1/1-IH(I)-2024/18285-92 എന്ന വിജ്ഞാപനത്തിലെ ഷെഡ്യൂൾ III-ൽ വ്യക്തമാക്കിയിട്ടുള്ള, 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ സെക്ഷൻ 25 പ്രകാരം, 2025 കലണ്ടർ വർഷത്തിലെ ദുഃഖവെള്ളിയാഴ്ച (2025 ഏപ്രിൽ 18), ബുദ്ധപൂർണിമ (2025 മെയ് 12) എന്നിവയ്ക്ക് മുമ്പ് പ്രഖ്യാപിച്ച പൊതു അവധി ദിനങ്ങൾ റദ്ദാക്കിയിരിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതിൽ നിന്ന് ചണ്ഡിഗഡിലേക്ക് മാത്രമാണ് ഇത്തരത്തിലൊരു ഉത്തരവെന്ന് വ്യക്തമായി.
പിന്നീട് 2025ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവധി ദിനങ്ങളെപ്പറ്റിയാണ് ഞങ്ങൾ അന്വേഷിച്ചത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഏപ്രിൽ 18–ന് ദുഃഖവെള്ളി അവധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് ചണ്ഡിഗഡില്‍ ഒഴികെ ദുഃഖവെള്ളി പ്രവൃത്തി ദിനമാക്കി ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല.കേന്ദ്ര സര്‍ക്കാരിന്റെ കലണ്ടര്‍ പ്രകാരം ദുഃഖവെള്ളി ദിനമായ ഏപ്രില്‍ 18 പൊതു അവധി തന്നെയാണ്
∙ വസ്‌തുത
കേന്ദ്ര സര്‍ക്കാര്‍ ദുഃഖവെള്ളിയുടെ അവധി ദിനം റദ്ദാക്കിക്കൊണ്ട് ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കലണ്ടര്‍ പ്രകാരം ദുഖവെള്ളി ദിനമായ ഏപ്രില്‍ 18 പൊതു അവധിയാണ്.