ADVERTISEMENT

ഇഡ്ഡലിയും പുട്ടും ഇടിയപ്പവും അപ്പവുമെല്ലാമായി വളരെ വൈവിധ്യമാര്‍ന്ന പ്രാതല്‍ വിഭവങ്ങള്‍ നമുക്കുണ്ട്. പൊതുവേ പ്രോട്ടീന്‍, നാരുകള്‍ എന്നിവ കുറവും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലുമുള്ള വിഭവങ്ങളാണ് ഇവ. പോഷകസമൃദ്ധമാണെങ്കിലും ഇവ അമിതമായി കഴിച്ചുപോകുന്നത് പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ഒട്ടേറെ രോഗങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ഒരു കാര്യമാണ്.

ഇവിടെയാണ്‌ സാലഡുകളുടെ പ്രാധാന്യം. സൂക്ഷ്മമൂലകങ്ങളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഇലക്കറികളും പച്ചക്കറികളും ചേര്‍ന്ന സാലഡുകള്‍ ഇത്തരം രോഗങ്ങള്‍ തടയുമെന്ന് മാത്രമല്ല, ചര്‍മം, മുടി മുതലായവയുടെ ആരോഗ്യവും മൊത്തത്തിലുള്ള ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രാതലിന് ഉണ്ടാക്കാനായി കഴിച്ചാല്‍ മികച്ച സംതൃപ്തി നല്‍കുന്നതും അതീവ രുചികരവുമായ അടിപൊളി സാലഡുകള്‍ ഇതാ...

1. പ്രോട്ടീൻ വെജിറ്റബിൾ സാലഡ്

വേണ്ട സാധനങ്ങള്‍

കുക്കുമ്പർ - 1

ഉള്ളി (ചെറുത്) - 1

തക്കാളി (ഇടത്തരം) - 1

ലെറ്റസ് - ഒരു പിടി

കാപ്സിക്കം (2 നിറം) - പകുതി ഭാഗം

ബ്രോക്കോളി - ഒരു പിടി

വറുത്ത നിലക്കടല - 1/4 കപ്പ്

വേവിച്ച കടല - 1/2 കപ്പ്

വേവിച്ച രാജ്മ - 1/2 കപ്പ്

പനീർ - 100 ഗ്രാം

മല്ലിയില - 2 ടീസ്പൂൺ

നാരങ്ങ നീര് - 1/4 കപ്പ്

പൊടിച്ച കുരുമുളക് - 1 ടീസ്പൂൺ

ഉപ്പ് - 1/2 ടീസ്പൂൺ

ഒലിവ് ഓയിൽ - 2 ടീസ്പൂൺ

ചാട്ട് മസാല - 1 ടീസ്പൂൺ

വറുത്ത ജീരകപ്പൊടി - 1/2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ കക്കിരിക്ക, ഉള്ളി, തക്കാളി, ലെറ്റസ് എന്നിവ അരിഞ്ഞു ഇടുക. ബ്രോക്കോളി, ക്യാപ്സിക്കം എന്നിവ ആവിയില്‍ വേവിച്ചും ഇതിലേക്ക് ഇടാവുന്നതാണ്. എന്നിട്ട് ഒരു പച്ചമുളക് ഇതിലേക്ക് അരിഞ്ഞു ഇടുക. 

432218620
Image credit: StockLite/Shutterstock

നിലക്കടല, കടല, രാജ്മ, ചെറുതായി പിച്ചിയെടുത്ത പനീര്‍ എന്നിവയും ചേര്‍ത്ത് ഇളക്കുക. 

ഡ്രസ്സിങ്ങിനായി ഒരു പാത്രത്തില്‍ ഒലിവ് ഓയില്‍, മല്ലിയില, നാരങ്ങ നീര്, പൊടിച്ച കുരുമുളക്, ഉപ്പ്, ചാട്ട് മസാല, വറുത്ത ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് പാത്രത്തിലേക്ക് ചേര്‍ത്ത് എല്ലാംകൂടി ചേര്‍ത്ത് ഇളക്കി കഴിക്കാം. 

2. ഈസി ചിക്കന്‍ സാലഡ് 

ഇതിനായി ചിക്കന്‍റെ ബ്രെസ്റ്റ് പീസ്‌ ആവശ്യമുള്ളത്ര എടുത്ത് ഉപ്പ് മാത്രമിട്ട് ഏകദേശം 12 മിനിറ്റ് വേവിച്ച് വയ്ക്കുക. ആവശ്യത്തിന് സവാള, കാരറ്റ്, തക്കാളി, കാബേജ് എന്നിവയും അരിഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക. ഇതും ചിക്കനും കൂടി മിക്സ് ചെയ്യുക.

chicken-salad

ഒരു പാത്രത്തില്‍, ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഉപ്പ് എന്നിവ യോജിപ്പിച്ച് ഡ്രസ്സിംഗ് ഉണ്ടാക്കുക. ഇത് സാലഡിന് മുകളിലേക്ക് ഒഴിച്ച് എല്ലാം കൂടി ഒരുമിച്ചു ചേര്‍ത്ത് കഴിക്കാം. 

മുട്ട സാലഡ്

ചിക്കനും മീനുമൊന്നും ഇല്ലെങ്കില്‍പ്പോലും എല്ലാ വീട്ടിലും മുട്ട എന്തായാലും കാണും. സാലഡ് കഴിക്കാന്‍ മടി ഉള്ള ആളുകള്‍ക്ക് പോലും വളരെയധികം ഇഷ്ടപ്പെടുന്ന അടിപൊളി സാലഡ് മുട്ടകൊണ്ട് ഉണ്ടാക്കാം. 

അതിനായി, മൂന്നു മുട്ട പുഴുങ്ങി എടുക്കുക. ഒരു ഉരുളക്കിഴങ്ങും പുഴുങ്ങി തൊലി കളയുക. ബ്രോക്കോളി എടുത്ത് ആവിയില്‍ വേവിക്കുകയോ രണ്ടു മൂന്നു മിനിറ്റ് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയോ ചെയ്യാം. ചെറിതക്കാളി ഒരു രണ്ടു മൂന്നെണ്ണം എടുത്ത് അരിയുക. 

2432295175
Image credit: Sea Wave/Shutterstock

ഡ്രസ്സിങ് ഉണ്ടാക്കാന്‍, കുരുമുളക് പൊടി, ഒലിവ് ഓയില്‍, അല്‍പ്പം തേന്‍, ഉപ്പ് എന്നിവ യോജിപ്പിക്കുക. മറ്റു ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഇട്ട്, ഈ ഡ്രസ്സിങ് അതിനു മുകളിലേക്ക് ഒഴിക്കുക. അടിപൊളി മുട്ടസാലഡ് റെഡി!

English Summary:

Easy Salad Recipes for Weight Loss

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com