ബ്രസീലിലെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസ്; വരുമോ മറ്റൊരു മഹാമാരി?

Mail This Article
വര്‍ഷം അഞ്ചായെങ്കിലും കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയുടെയും ദുഖത്തിന്റെയും നഷ്ടങ്ങളുടെയും അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പിന്നിട്ട ആ മഹാമാരി നാളുകളുടെ ആശങ്ക നിറഞ്ഞ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുകയാണ് ബ്രസീലിലെ സിയറ സംസ്ഥാനത്ത് വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ്. ബ്രസീല്‍,ഹോങ്കോങ് സര്‍വകലാശാലകളിലെ ഗവേഷകര്‍ കണ്ടെത്തിയ ഈ പുതിയ വൈറസിന് മെര്‍സ്-കോവിയുമായി അടുത്ത ബന്ധമുണ്ട്. മിഡില്‍ ഈസ്‌റ്റ് റെസ്‌പിറേറ്ററി സിന്‍ഡ്രോമിന് കാരണമായ വൈറസാണ് മെര്‍സ്-കോവി. പുതിയ വൈറസ് മനുഷ്യരെ ബാധിക്കുമോ എന്ന് കണ്ടെത്താനുള്ള പഠനങ്ങളിലാണ് ഗവേഷകര്‍.
മോളോസസ് മോളോസസ് എന്ന പ്രാണികളെ തിന്നുന്ന വവ്വാലുകളിലും ആര്‍ട്ടിബ്യൂസ് ലിറ്റുറാറ്റസ് എന്ന പഴംതീനി വവ്വാലുകളിലുമാണ് പുതിയ കൊറോണ വൈറസ് കണ്ടെത്തിയത്. മെര്‍സ്-കോവി വൈറസിന്റെ 71.9 ശതമാനം ജനിതകഘടനും പുതിയ വൈറസ് പങ്കുവയ്‌ക്കുന്നതായി ഗവേഷകര്‍ പറയുന്നു. വൈറസിനെ കോശങ്ങള്‍ക്കുള്ളില്‍ കടക്കാന്‍ സഹായിക്കുന്ന സ്‌പൈക് പ്രോട്ടീന്‍ ഘടനയിലും 71.74 ശതമാനം സാദൃശ്യമുണ്ട്. നിലവില്‍ ഈ പുതിയ വൈറസ് മനുഷ്യരിലേക്ക് പകരുമെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടരുന്നതേയുള്ളൂ എന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ബ്രൂണ സ്റ്റെഫാനി സില്‍വേറിയോ പറയുന്നു. ഹോങ്കോങ് സര്‍വകലാശാലയിലെ ഹൈ ബയോസെക്യൂരിറ്റി ലാബുകളിലാണ് പഠനം പുരോഗമിക്കുന്നത്.