വിരലില്‍ കുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയണോ? വഴികൾ പലത്

Mail This Article
ലോകത്തില്‍ 500 ദശലക്ഷത്തിലധികം പേരെ ബാധിച്ചിട്ടുള്ള രോഗമാണ് പ്രമേഹം. നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ എടുത്താല്‍ പ്രമേഹം മൂലമുള്ള രോഗസങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ശരീരത്തില്‍ സൂചി കുത്തി രക്തമെടുക്കണമെന്ന ചിന്ത പലരെയും പ്രമേഹ പരിശോധനയില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് സൂചി ഉപയോഗിക്കാതെ തന്നെ പ്രമേഹം പരിശോധിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
1. കണ്ടിന്യുവസ് ഗ്ലൂക്കോസ് മീറ്റര്‍
ചര്‍മത്തിനടിയില്‍ ഒരു ചെറിയ സെന്‍സര്‍ ഘടിപ്പിച്ച ശേഷം മിനിട്ടുകള്‍ തോറും രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കുന്ന യന്ത്രമാണ് കണ്ടിന്യുവസ് ഗ്ലൂക്കോസ് മീറ്റര്‍. പലപ്പോഴും വയറിന്റെ ഭാഗത്താണ് സെന്‍സര്‍ വയ്ക്കുക. ഫോണിലെ ഒരു ആപ്പിലേക്കാണ് ഈ യന്ത്രം റീഡിങ്ങുകള്‍ അയക്കുക. രക്തത്തിലെ പഞ്ചസാരയുടെ തോത് വളരെ കൂടുതലോ കുറവോ ആകുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനും ഈ ആപ്പില്‍ സംവിധാനമുണ്ട്. എന്നാല്‍ ഈ യന്ത്രവും കാലിബറേറ്റ് ചെയ്യാനായി ദിവസത്തില്‍ ഒരു തവണ വിരലില്‍ കുത്തി രക്തമെടുക്കേണ്ടി വരാറുണ്ട്.
2. ഫ്രീസ്റ്റൈല്‍ ലിബര്‍
ചര്‍മ്മത്തിനടിയില്‍ വച്ച സെന്‍സറിലൂടെയാണ് ഫ്രീസ്റ്റൈല്‍ ലിബറും പ്രമേഹം അളക്കുക. നിരന്തരമായ റീഡിങ് ഇത് നല്‍കാറില്ല. പകരം പ്രമേഹം അളക്കേണ്ട സമയത്ത് ഇത് സെന്‍സറിലൂടെ ഒരു സ്കാനിങ് നടത്തി പഞ്ചസാരയുടെ തോത് പറഞ്ഞുതരും

3. മൂത്ര പരിശോധന
മൂത്രത്തില്‍ ഒരു ടെസ്റ്റ് സ്ട്രിപ്പ് വച്ചും പഞ്ചസാരയുടെ തോത് അളക്കാറുണ്ട്. പക്ഷേ, ഇത് മൂത്രത്തിലെ പഞ്ചസാര മാത്രമേ അളക്കാന്‍ സഹായിക്കൂ. രക്തത്തിലെ പഞ്ചസാരയുടെ കൃത്യം അളവ് ഇതിലൂടെ അറിയാന്‍ സാധിക്കില്ല. വിരലിന്റെ തുമ്പത്ത് കുത്തി ചെറു തുള്ളി രക്തമെടുത്ത് അതിലൂടെ പ്രമേഹ പരിശോധന നടത്തുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ഈ സമയത്തെ വേദന ലഘൂകരിക്കാനായി ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ സഹായിക്കും.
∙വിരല്‍തുമ്പിന്റെ മധ്യഭാഗത്ത് കുത്തുന്നതിന് പകരം വശത്തായി കുത്തുന്നത് വേദന കുറയ്ക്കും. ഈ ഭാഗത്ത് സംവേദനത്വം കുറവാണെന്നതാണ് കാരണം.
∙കുത്തുന്നതിന് മുന്‍പ് ആല്‍ക്കഹോള്‍ വൈപ്പ് വച്ച് തുടയ്ക്കരുത്. ഇത് ചര്‍മ്മത്തിന്റെ സംവേദനത്വം വര്‍ധിപ്പിക്കാം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാം.
∙കുത്തുന്നതിന് മുന്‍പ് കൈകള്‍ കൂട്ടിത്തിരുമ്മി അവ ചൂടാക്കുക. കാരണം തണുപ്പ് ചര്‍മ്മത്തിന്റെ സംവേദനത്വം വര്‍ധിപ്പിക്കും.
∙ഓരോ സമയം കുത്തുമ്പോഴും പല വിരലുകളില്‍ നിന്ന് രക്തം എടുക്കുന്നതും നന്നാകും.