ഉറക്കം തീരെയില്ല, അകാരണമായ ദേഷ്യവും അസ്വസ്ഥതയും; ഹൃദ്രോഗത്തിന് സാധ്യതയുണ്ടോ?

Mail This Article
ചോദ്യം : എന്റെ ഭർത്താവ് ഒരു ഐടി പ്രഫഷനലാണ്. യുഎസ് കമ്പനിയായതിനാൽ അമേരിക്കൻ സമയത്താണ് ജോലി. ആദ്യമൊക്കെ രാത്രി ഉറങ്ങാതെ ജോലി ചെയ്യുകയും രാവിലെ ഉറങ്ങുകയും ചെയ്യുമായിരുന്നു. ഈയിടെയായി തീരെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അകാരണമായ ദേഷ്യവും അസ്വസ്ഥതയുമുണ്ട്. ഇത് ഹൃദ്രോഗത്തിലേക്കു നയിക്കുമോ? ഭർത്താവിന്റെ മൂത്ത സഹോദരന് വളരെ ചെറുപ്പത്തിൽ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഉത്തരം : ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. എങ്ങനെ ഉറങ്ങി എന്നതും പ്രധാനമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് എടുത്താൽ 80 കളിലും 90 കളിലും 8 മണിക്കൂർ ഉറങ്ങിയിരുന്ന മനുഷ്യൻ ഇപ്പോൾ 5–4 മണിക്കൂർ ആയി ഉറക്കം കുറച്ചിരിക്കുകയാണ്. മിക്ക പഠനങ്ങളും വ്യക്തമാക്കുന്നത് ഉറക്കത്തിന്റെ ദൈർഘ്യം കുറഞ്ഞു എന്നാണ്. അതനുസരിച്ച് സമൂഹത്തിലേക്കു നോക്കിയാലും ഹൃദ്രോഗവും പ്രമേഹവും രക്തസമ്മർദവുമെല്ലാം വർധിക്കുകയാണ്.

ഹൃദ്രോഗവും ഉറക്കവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ഉറക്കത്തിന്റെ ദൈർഘ്യമാണ്. അതനുസരിച്ച് ഉറക്കവും ഹൃദ്രോഗവും ഒരു യു പാറ്റേൺ, അതായത് 7 മണിക്കൂറിൽ കുറഞ്ഞ ഉറക്കം, അതിൽത്തന്നെ 4 ഉം 5 ഉം മണിക്കൂറുള്ള ഉറക്കം ഹൃദ്രോഗം കൂട്ടുന്നതായി കാണിക്കുന്നു. 9 മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്നതും ഹൃദ്രോഗമോ ഹൈപ്പർ ടെൻഷനോ കൂടാൻ ഇടയാക്കും. 7 മുതല്‍ 8 മണിക്കൂറുള്ള ഉറക്കമാണ് നല്ലത്.
ഉറക്കത്തിന്റെ നിലവാരവും പ്രധാനമാണ്. ഇടയ്ക്കിടെ ഉറങ്ങുമ്പോഴും ബഹളത്തിന്റെ ഇടയിൽ കിടന്ന് ഉറങ്ങുമ്പോഴുമെല്ലാം ഉറക്കത്തിന്റെ നിലവാരം കുറവായിരിക്കും. ഇത്തരം ഉറക്കം നല്ലതല്ല. പലപ്പോഴും ഉറക്കത്തിൽ ശ്വാസം നിന്നുപോകുന്നവരുണ്ട്. ഇടയ്ക്ക് ശ്വാസം എടുക്കാതെയാവും. പിന്നെയും കൂർക്കം വലിക്കും. ഇത് വല്ലാത്ത ഒരവസ്ഥയിലേക്കു പോകുന്നതു പോലെ അടുത്തുള്ളവർക്ക് തോന്നാം. ഈ അവസ്ഥയാണ് സ്ലീപ്അപ്നിയ. അതുപോലെ ഇൻസോമ്നിയ അല്ലെങ്കിൽ ഉറക്കമില്ലായ്മ. ചിലർക്ക് ഉറക്കമില്ലായ്മ തന്നെയുണ്ടാകും. ചിലപ്പോൾ ഉറങ്ങാൻ പോകുന്നതിനുള്ള ബുദ്ധിമുട്ടാകാം. അല്ലെങ്കിൽ നേരത്തേ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുന്നതാകാം പ്രശ്നം. അതുകൊണ്ട് എത്ര സമയം ഉറങ്ങി എന്നതും എങ്ങനെ ഉറങ്ങി എന്നതും പ്രധാനമാണ്.

ഉറക്കം കുറഞ്ഞാലും പ്രശ്നമാണ്. ഉറക്കത്തിൽ രക്തസമ്മർദം കുറയും. ശരീരത്തിൽ രണ്ടു തരത്തിലുള്ള ഒപ്പോസീവ് ഹോർമോൺസ് ആണുള്ളത്. ഒന്ന് സിംപതെറ്റിക് സിസ്റ്റം. മറ്റൊന്ന് പാരാസിംപതെറ്റിക് സിസ്റ്റം. ഇതിൽ സിംപതെറ്റിക് സിസ്റ്റത്തിൽ നിന്നു വരുന്ന അഡ്രിനാലിൻ പോലുള്ള ഹോർമോണുകളാണ് നമ്മളെ ജോലി ചെയ്യാനും ഓടിനടക്കാനും ഒരു പ്രശ്നമുണ്ടായാൽ അതിനെ പ്രതിരോധിക്കാനുമൊക്കെ പ്രാപ്തരാക്കുന്നത്. പാരാസിംപതെറ്റിക് സിസ്റ്റം ഹൃദയത്തിന്റെ മിടിപ്പ് കുറയ്ക്കുകയും സമാധാനത്തോടെ ഉറങ്ങാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും. ഇവ രാത്രിയിലും പകലുമൊക്കെ വ്യത്യസ്തമായിരിക്കും. സിംപതെറ്റിക് ആക്ടിവിറ്റി നന്നായി കുറഞ്ഞു കഴിയുമ്പോൾ രക്തസമ്മർദവും പ്രമേഹവും കുറയുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യും. ഉറക്കത്തിന്റെ അളവ് കുറയുമ്പോൾ സിംപതെറ്റിക് ആയ ഓവർ ആക്ടിവിറ്റി വരും.
ഉറക്കക്കുറവുണ്ടെങ്കിൽ അതിന് എന്തെങ്കിലും കാരണമുണ്ടാകും. ഒരു ഡോക്ടറെ കണ്ട് പരിശോധിക്കുക. അല്ലെങ്കിൽ സ്ലീപ് ലാബുകളുണ്ട്. ഉറക്കത്തെക്കുറിച്ച് പഠനം നടത്തുന്ന സ്ഥലങ്ങളാണത്. സ്ലീപ് ലാബുകളിൽ നോക്കി പരിശോധിച്ച് കാരണം കണ്ടെത്തി അതനുസരിച്ചു ചികിത്സയെടുക്കുക. ഭർത്താവിന്റെ സഹോദരൻ വളരെ ചെറുപ്പത്തിലേ ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നുവെന്ന് ചോദ്യത്തിൽ പറയുന്നുണ്ടല്ലോ. പാരമ്പര്യമായും ഹൃദ്രോഗം വരാവുന്നതാണ്. ഒരു ജനിതക സ്വഭാവം അതിലുണ്ട്. അത്തരം അവസ്ഥ വന്നാൽ പരിശോധനകള്‍ ചെയ്തു നോക്കേണ്ടതാണ്.