ADVERTISEMENT

നടൻ രവികുമാറിന്റെ മരണത്തിൽ വേദന പങ്കുവച്ച് നടി സീമ. നായികയായ ആദ്യ സിനിമ ‘അവളുടെ രാവുകൾ’ മുതലുള്ള ബന്ധം എന്നും ഊഷ്മളമായിരുന്നുവെന്നും എല്ലായ്പ്പോഴും ഫോണിൽ വിളിക്കാറുണ്ടെന്നും സീമ ഓർക്കുന്നു. ഇടക്കാലത്ത് സ്ഥിരമായി വരാറുണ്ടായിരുന്ന ഫോൺ വിളി കാണാതായപ്പോൾ വിഷമിച്ചു. പെട്ടെന്ന് അദ്ദേഹത്തിന്റെ നമ്പറിൽ നിന്ന് വിളി വന്നപ്പോൾ തന്നെ വിളിക്കാത്തതിന് ചീത്ത പറയാൻ തുടങ്ങിയപ്പോഴാണ് നടുക്കുന്ന വിവരം അറിഞ്ഞത്. അദ്ദേഹം പോയ വിവരം പൊട്ടിക്കരച്ചിലോടെയാണ് രവികുമാറിന്റെ മകൻ അറിയച്ചതെന്ന് സീമ വെളിപ്പെടുത്തി. രവികുമാറിന്റെ മരണം ഏൽപ്പിച്ച ആഘാതം വളരെ വലുതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ലെന്നും സീമ പറഞ്ഞു.  

സീമയുടെ വാക്കുകൾ: "രവി അണ്ണനെ എനിക്ക് മറക്കാൻ കഴിയില്ല. സിനിമയിൽ ആദ്യം മുതൽ എന്നോടൊപ്പം ഉണ്ടായിരുന്ന ആളല്ലേ. രവി അണ്ണൻ അല്ലേ ആദ്യം എന്നോടൊപ്പം ഉണ്ടായിരുന്നത്, അവളുടെ രാവുകളിൽ! വളരെ നല്ല ഒരു ആളായിരുന്നു അദ്ദേഹം. സിനിമയിൽ എന്റെ കൂടെ അഭിനയിക്കാമോ എന്ന് ആദ്യം ചോദിച്ചത് പുള്ളിയുടെ അടുത്താണ്. ‘അണ്ണാ എന്റെ പടത്തിൽ അഭിനയിക്കാമോ’ എന്ന് ചോദിച്ചു, അവളുടെ രാവുകളിൽ! അപ്പോൾ അദ്ദഹം ചോദിച്ചു, ‘നീ എന്താ അണ്ണാ എന്ന് വിളിക്കുന്നേ?’. ഞാൻ തിരിച്ചു ചോദിച്ചു, ‘എന്താ അണ്ണാ എന്ന് വിളിക്കാൻ പാടില്ലേ’? അപ്പോൾ അദ്ദേഹം പറഞ്ഞു, ‘നീ ഇനി എന്നും അണ്ണാ എന്ന് വിളിക്കണം’ എന്ന്.  ഇന്നും ഞാൻ അണ്ണാ എന്നാണു വിളിച്ചത്. ഫോൺ എടുത്തിട്ട് അണ്ണാ എന്ന് വിളിച്ചു, മോൻ ആണ് ഫോൺ എടുത്തത് അവൻ പറഞ്ഞു, ‘ആന്റീ അച്ഛൻ പോയി’. 

"ശശി ചേട്ടനും രവി അണ്ണനും തമ്മിൽ ഭയങ്കര അടുപ്പമായിരുന്നു. അതുപോലെ കമൽ, സോമേട്ടൻ ഇവരൊക്കെ തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. ഞാൻ അദ്ദേഹത്തെ ഇപ്പോഴും വിളിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ വിളിച്ചപ്പോൾ എന്നോട് പറഞ്ഞു, മകന്റെ ഭാര്യ ഗർഭിണിയാണ് എന്ന്. നവംബറിൽ അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു മകന് നല്ല ഒരു കുഞ്ഞുണ്ടാകാൻ നീ പ്രാർത്ഥിക്കണം എന്ന്.  ഞാൻ ഓസ്‌ട്രേലിയയിൽ ആയിരുന്നപ്പോൾ ഡിസംബർ 24ന് എന്നെ വിളിച്ച് മകന് ഒരു കുഞ്ഞു ജനിച്ചു എന്ന് പറഞ്ഞു. ‘സൂപ്പർ താത്താ’ എന്നാണു ഞാൻ തിരിച്ചു മറുപടി മെസ്സേജ് അയച്ചത്. ഒരു മാസമായി അണ്ണൻ എന്നെ വിളിച്ചില്ലല്ലോ എന്ന് ഞാൻ ഇങ്ങനെ ആലോചിച്ച് ഇരിക്കുകയായിരുന്നു. ഇന്ന് ഇങ്ങോട്ട് വിളിച്ചപ്പോൾ ഞാൻ തെറി പറയാനാണ് തുടങ്ങിയത്. ‘എന്താ അണ്ണാ എന്നെ ഇപ്പോഴാണോ ഓർമ്മ വന്നത്’ എന്ന് ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ മകൻ കരയുന്നു.  അദ്ദേഹത്തോടൊപ്പം എത്ര സിനിമയിൽ അഭിനയിച്ചു എന്നെനിക്ക് ഓർമ്മയില്ല. എപ്പോൾ നോക്കിയാലും ഞാനും രവിയണ്ണനും അല്ലെങ്കിൽ ഞാനും ജയൻ ചേട്ടനും ഇങ്ങനെ മാറി മാറി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരം ഇന്ന് ആശുപത്രിയിൽ ആയിരിക്കും. നാളെയേ വീട്ടിൽ കൊണ്ട് വരൂ. മകൻ വിളിച്ച് വിവരങ്ങൾ പറയാം എന്ന് പറഞ്ഞിട്ടുണ്ട്."  സീമ പറഞ്ഞു.

English Summary:

Seema in memory of Ravikumar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com