"ബജറ്റിൽ കേരളത്തിനു വേണ്ടി യാതൊരാവശ്യവുമായി സുരേഷ് ഗോപി സമീപിച്ചില്ലെന്ന് നിർമല സീതാരാമൻ" ! വാസ്തവമെന്ത്? | Fact Check

Mail This Article
ബജറ്റിൽ കേരളത്തിനു വേണ്ടി നയാപൈസയുടെ ആവശ്യവുമായി സുരേഷ് ഗോപി സമീപിച്ചില്ലെന്ന് നിർമല സീതാരാമൻ എന്ന കുറിപ്പിനൊപ്പം ഒരു കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
ബജറ്റുമായി ബന്ധപ്പെട്ടാണ് നിർമല സീതാരാമന്റെ വാക്കുകൾ പ്രചരിക്കുന്നത്. ഈ സൂചനയിൽ നിന്ന് ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട വാർത്തകളാണ് ഞങ്ങൾ പരിശോധിച്ചത്. സുരേഷ് ഗോപി, നിർമല സീതാരാമൻ എന്നിവരുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളും റിപ്പോർട്ടുകളും പരിശോധിച്ചെങ്കിലും വൈറൽ പ്രചാരണത്തിലുള്ള തരത്തിൽ നിർമല സീതാരാമന്റെ ഇത്തരമൊരു പരാമർശവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും തന്നെ ലഭ്യമായില്ല. ഇതേ അവകാശവാദവുമായി മുൻപും പോസ്റ്റുകൾ പ്രചരിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടു.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ കേന്ദ്ര ബജറ്റിന് ശേഷം വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്, ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തിരഞ്ഞടുപ്പ് എവിടെ എന്നു നോക്കി അവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി, കേന്ദ്ര ബജറ്റിൽ കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവാക്കണമെന്ന് വ്യക്തമാക്കി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു.
കേന്ദ്ര ബജറ്റിന് ശേഷം കേരളത്തിലെ നോക്ക്കൂലിയടക്കമുള്ളവയെ വിമർശിച്ച് നിർമലാ സീതാരാമൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളിലെവിടെയും വൈറൽ പോസ്റ്റിലുള്ള തരത്തിൽ പരാമർശങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല.
ലഭ്യമായ വിവരങ്ങളിൽ നിന്ന് ബജറ്റിൽ കേരളത്തിനു വേണ്ടി നയാപൈസയുടെ ആവശ്യവുമായി സുരേഷ് ഗോപി സമീപിച്ചില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമായി.
∙ വസ്‌തുത
ബജറ്റിൽ കേരളത്തിനു വേണ്ടി നയാപൈസയുടെ ആവശ്യവുമായി സുരേഷ് ഗോപി സമീപിച്ചില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്