5500 എംഎഎച്ച് ബാറ്ററി,50 എംപി മെയിൻ ക്യാമറ; 11,499 രൂപയ്ക്ക് 5ജി സ്മാർട്ഫോണ്

Mail This Article
ബജറ്റ്– ഇടത്തരം വിലയുള്ള ഫോണുകളുടെ വിപണിയിൽ ശ്രദ്ധ നേടിയ ബ്രാൻഡായ ഇൻഫിനിക്സ് ഏതാനും ദിവസം മുൻപു പുറത്തിറക്കിയ ഇൻഫിനിക്സ് നോട്ട് 50 എക്സ് 11,499 രൂപ വിലയിൽ കിട്ടുന്ന അപൂർവം ഫീച്ചർ–റിച്ച് 5ജി ഫോണുകളിലൊന്നാണ്. മീഡിയടെക് ഡൈമൻസിറ്റി 7300 അൾട്ടിമേറ്റ് എന്ന പ്രോസസർ ഉപയോഗിക്കുന്ന ആദ്യ ഫോണാണിതെന്ന് കമ്പനി പറയുന്നു.
ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് ആണ് ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ. 5500 എംഎഎച്ച് ബാറ്ററിയും 45വാട്ട് ഫാസ്റ്റ് ചാർജിങ്ങുമാണുള്ളത്. കാഴ്ചയിൽ തികഞ്ഞ പ്രീമിയം ലുക്ക് ഉറപ്പാക്കാൻ നിർമാതാക്കൾക്കു കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് ആണെന്നു തോന്നാത്ത രീതിയിൽ പ്രത്യേക കോട്ടിങ്ങോടെ ഒരുക്കിയ പ്ലാസ്റ്റിക് ബോഡിയാണു ഫോണിന്. കരുത്തിന് മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്.
ജെം–കട്ട് ക്യാമറ മൊഡ്യൂൾ
പൊടി–ജല പ്രതിരോധത്തിന് ഐപി 64 റേറ്റിങ്ങും. വീഗൻ ലെതർ, മെറ്റാലിക് ഫിനിഷ് ബോഡികളാണ് ഫോണിന്റേത്. വശങ്ങൾ ചെത്തി മിനുക്കിയ ജെം–കട്ട് ക്യാമറ മൊഡ്യൂൾ ആകർഷകം. അതിൽ ഒരു ഹാലോ ലൈറ്റ് റിങ്ങുമുണ്ട്; ചാർജിങ്, നോട്ടിഫിക്കേഷൻ, ഗെയിമിങ് വേളകളിൽ തെളിയും.
6.67ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേ. 120 ഹെട്സ് വരെ റിഫ്രഷ് റേറ്റ്. 672 നിറ്റ്സ് ആണു പീക് ബ്രൈറ്റ്‌നെസ്. ഉയർന്ന വിലയുള്ള ഫോണുകളുമായി താരതമ്യപ്പെടുത്താതിരുന്നാൽ തൃപ്തികരമായ അനുഭവം. 6GB RAM + 128GB, 8GB + 128GB വേരിയന്റുകളാണുള്ളത്. 2 സിം അഥവാ ഒരു സിമ്മും ഒരു മൈക്രോഎസ്ഡി കാർഡും ഇടാനുള്ള സ്ലോട്ടുണ്ട്. ഫോണിനു ഭാരം 200 ഗ്രാമിൽത്താഴെ.
എഐ സേവനങ്ങളും നൽകും
സ്മാർട് ഫോണിന്റെ നിത്യോപയോഗങ്ങൾക്കു പുറമെ, സാധാരണ ഗെയ്മിങ് പ്രേമികളെയും ആകർഷിക്കാനാകുന്ന പെർഫോമൻസ് ഇൻഫിനിക്സ് നോട്ട് 50എക്സ് നൽകും. പ്രോസസറിന്റെ പ്രകടനവും ഗ്രാഫിക്സ് ശേഷിയും ഈ വിലനിലവാരത്തിൽ തികച്ചും ശ്രദ്ധേയം. ഗെയിം മോഡ് ഉണ്ട്. ഉപകാരപ്രദമായ എഐ സേവനങ്ങളാണ് ഫോണിന്റെ മറ്റൊരു പ്ലസ് പോയിന്റ്.
50 എംപി മെയിൻ ക്യാമറയും 8 എംപി സെൽഫി ക്യാമറയും നല്ല വെളിച്ചത്തിൽ നല്ല റിസൽറ്റ് നൽകുന്നു. 6 ജിബി മോഡലിന് 11,499 രൂപയും 8 ജിബി മോഡലിന് 12,999 രൂപയുമാണു വില. 15000 രൂപയിൽത്താഴെയുള്ള 5ജി ഫോണുകൾ നോക്കുന്നവരെയാണ് ധാരാളം ഫീച്ചറുകൾ നിരത്തിവച്ച് ഇൻഫിനിക്സ് നോക്കുന്നത്.