ആശാ സമരം: പൗരസാഗരമായ് പിന്തുണ; ഐക്യദാർഢ്യമർപ്പിച്ചു സാംസ്കാരിക പ്രവർത്തകർ

Mail This Article
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ 2 മാസത്തിലേറെയായി തുടരുന്ന ആശാ സമരത്തിനുള്ള പിന്തുണ വിളംബരം ചെയ്ത് സാംസ്കാരിക കേരളം. സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചു സമരവേദിയിൽ സാംസ്കാരിക പ്രവർത്തകർ അണിനിരന്ന പൗരസാഗരം നടന്നു. നൂറുകണക്കിന് ആശാ പ്രവർത്തകരും പങ്കാളികളായി. മറ്റിടങ്ങളിലും കൂട്ടായ്മകൾ അരങ്ങേറി.
ആശമാർ നടത്തുന്ന ധർമസമരം വിജയിച്ചേ മതിയാകൂയെന്നു പൗരസാഗരം ഉദ്ഘാടനം ചെയ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ.ഖദീജ മുംതാസ് പറഞ്ഞു. ഓണറേറിയം 21,000 രൂപ എന്ന ന്യായമായ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവർ, ന്യായമായ വർധന ആവശ്യപ്പെടുമ്പോൾ എതിർക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല– ഖദീജ മുംതാസ് പറഞ്ഞു. ജോസഫ് സി. മാത്യു അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ വിഡിയോ സന്ദേശത്തിലൂടെ ആശമാരെ അഭിസംബോധന ചെയ്തു.
ഡോ.ഡി.സുരേന്ദ്രനാഥ്ഡോ.ജെ.ദേവിക, ഡോ.കെ.പി.കണ്ണൻ, ജോസഫ് എം.പുതുശേരി, ശ്രീധർ രാധാകൃഷ്ണൻ, ഫാ.റൊമാൻസ് ആന്റണി, മാധവൻ പുറച്ചേരി, പ്രമോദ് പുഴങ്കര, റെജിമോൻ കുട്ടപ്പൻ, ഡോ.വി.രാജകൃഷ്ണൻ, ഡോ.ജോർജ് ജോസഫ്, കാട്ടൂർ നാരായണപ്പിള്ള, ഡോ.ജോർജ് മാത്യു, ജെയിൻ ആൻസി ഫ്രാൻസിസ്, ഡോ.ബാബു ജോസഫ്, ഫ്രാൻസിസ് കളത്തുങ്കൽ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എം.എ.ബിന്ദു, കെ.പി.റോസമ്മ, വി.കെ.സദാനന്ദൻ, എസ്.മിനി എന്നിവർ പ്രസംഗിച്ചു.
‘വിമോചന സമരം തന്നെ’
സമരം ചെയ്യുന്ന ആശമാരെ ‘വിമോചന സമരക്കാർ’ എന്നു വിശേഷിപ്പിച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിന്റെ മറുപടി. ഇത് യഥാർഥ വിമോചന സമരം തന്നെയാണ്. യഥാർഥ തൊഴിലാളി രാഷ്ട്രീയം തിരിച്ചുപിടിക്കാനുള്ള വിമോചന സമരമാണിത്. – ബിന്ദു പറഞ്ഞു.