വീണ പറയുന്നു: എന്റെ കഥ പറയുന്നത് നിർത്താൻ തീരുമാനിച്ചതാണ്, പക്ഷേ...; ആ കുട്ടിയുടെ കത്ത് മറക്കില്ല; 65 തവണ പരീക്ഷിച്ച വിഭവം വരെയുണ്ട്!

Mail This Article
‘ഹായ്, നമസ്കാരം. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, ഇവിടെ ഞങ്ങളും സുഖമായി ഇരിക്കുന്നു’.. ഇങ്ങനെ പറഞ്ഞു തുടങ്ങി പാചകത്തിന്റെയും രൂചിയൂറും വിഭവങ്ങളുടെയും ലോകത്തേക്ക് നമ്മെയെല്ലാം ക്ഷണിക്കുന്ന യുട്യൂബ് ചാനൽ. അതാണ് 25 ലക്ഷത്തിലേറെ സബ്സ്ക്രൈബർമാരുള്ള ‘വീണാസ് കറിവേൾഡ്’. പാചക വിഡിയോകളിലൂടെ യുട്യൂബിൽ 10 ലക്ഷം സബ്സ്ക്രൈബർമാരെ നേടിയ, ടെക്കി ഭാഷയിൽ പറഞ്ഞാൽ, ‘വൺ മില്യനടിച്ച’ ആദ്യ മലയാളി വനിത. തൃശൂരിലെ വീട്ടിൽ അമ്മ പകർന്ന രൂചിക്കൂട്ടുകൾ ഓർമയിൽനിന്ന് അടുക്കളയിലേക്കു പകർത്തി സ്വാദേറും വിഭവങ്ങളുണ്ടാക്കുന്ന വീണ ജാൻ ഇന്നു ലോകമറിയുന്ന യുട്യൂബറാണ്. വീണയുടെ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാത്ത മലയാളി വീടുകൾ കുറവ്. പ്രവാസജീവിതത്തിലേക്കു ചേക്കേറിയ മലയാളികളും ലോകത്തിന്റെ ഏതു മൂലയിലാണെങ്കിലും വീണയുടെ യുട്യൂബ് ചാനൽ തുറന്നാൽ നാടിന്റെ രുചിയോർക്കും. ഒരുപക്ഷേ വീണയുടെ വീട്ടിലെ അടുക്കളയിൽനിന്നുയരുന്ന രുചിഗന്ധം പോലും അവർ തിരിച്ചറിയുന്നുണ്ടാകാം. അത്രയേറെ ആത്മാർഥമായാണ് ഓരോ പാചക പരീക്ഷണവും, ഓരോ വിഡിയോയും വീണ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നത്. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോൾ വിരസത മാറ്റാൻ തുടങ്ങിയ ചാനലാണ് ഇന്നു ദശലക്ഷങ്ങൾ പിന്തുടരുന്ന ‘വീണാസ് കറിവേൾഡ്’. എങ്ങനെയാണു വീണ ഇത്രയേറെ വരിക്കാരുള്ള കണ്ടന്റ് ക്രിയേറ്ററായത്? എങ്ങനെയാണ് വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കുന്നത്? ആ വിശേഷങ്ങളിലേക്കാണ് ഈ വിഷു സ്പെഷൽ പ്രീമിയം യാത്ര.