ADVERTISEMENT

രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് (Consumer Price Index/CPI) ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാംമാസവും കേരളം. ഫെബ്രുവരിയിൽ കേരളത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം (Retail Inflation) 7.31 ശതമാനമായിരുന്നത് മാർച്ചിൽ 6.59 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതലെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. കർണാടക (4.44%), ഛത്തീസ്ഗഢ് (4.25%), ജമ്മു ആൻഡ് കശ്മീർ (4%), മഹാരാഷ്ട്ര (3.86%) എന്നിവയാണ് കേരളത്തിനു തൊട്ടുപിന്നാലെ യഥാക്രമമുള്ളത്.

kerala-inflation-top-march-JPG
വിലക്കയറ്റം ഏറ്റവും കൂടുതലുള്ള 5 സംസ്ഥാനങ്ങൾ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്

തെലങ്കാനയിലാണ് ഏറ്റവും കുറവ് (1.04%). ഡൽഹി 1.48 ശതമാനവുമായി തൊട്ടടുത്തുണ്ട്. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ് 2.50%, തമിഴ്നാട് 3.75% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തെ വലയ്ക്കുന്നത്. മാർച്ചിൽ ഇത് 7.29 ശതമാനമാണ്. നഗരങ്ങളിൽ 5.39 ശതമാനം. ജനുവരിയിൽ 6.79 ശതമാനവുമായാണ് കേരളം പണപ്പെരുപ്പ പട്ടികയിൽ ഒന്നാമതെത്തിയത്.

ദേശീയതലത്തിൽ വൻ ആശ്വാസം

ദേശീയതലത്തിൽ കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം 2019 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ചയായ 3.34 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ രേഖപ്പെടുത്തിയ, 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിൽ നിന്നാണ് കഴിഞ്ഞമാസം പണപ്പെരുപ്പം മൂന്നര ശതമാനത്തിനും താഴേക്കെത്തിയത്. മാർച്ചിൽ ദേശീയതല ഗ്രാമീണ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.79 ശതമാനത്തിൽ നിന്ന് 3.25 ശതമാനത്തിലേക്ക് കുറഞ്ഞു. അതേസമയം, നഗരമേഖലയിലെ പണപ്പെരുപ്പം 3.32ൽ നിന്ന് 3.43 ശതമാനമായി ഉയർന്നു.

india-retail-inflation-main-JPG
ദേശീയതലത്തിലെ പണപ്പെരുപ്പ കണക്കും ഗ്രാമ-നഗരങ്ങളിലെ കണക്കും. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്.

ഭക്ഷ്യവിലപ്പെരുപ്പം താഴേക്ക്

കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും ഏറ്റവും ആശങ്കപ്പെടുത്തിയിരുന്ന ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) കുത്തനെ കുറയുന്നത് വലിയ ആശ്വാസമാണ്. 2024ൽ 10 ശതമാനത്തിനും മുകളിലായിരുന്ന ഇത് കഴിഞ്ഞമാസം 40-മാസത്തെ താഴ്ചയായ 2.69 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ 3.75 ശതമാനമായിരുന്നു. 

India-retail-inflation-food-compare-JPG
കഴിഞ്ഞ മാസങ്ങളിലെ പണപ്പെരുപ്പ, ഭക്ഷ്യവിലപ്പെരുപ്പ കണക്കുകൾ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്

വെളിച്ചെണ്ണ (+56.81%), നാളികേരം (+42.05%), സ്വർണം (+34.09%), വെള്ളി (+31.57%), മുന്തിരി (+25.55%) എന്നിവയ്ക്കാണ് മാർച്ചിൽ വില ഏറ്റവുമധികം കൂടിയത്. ഇഞ്ചി (-38.11%), തക്കാളി (-34.96%), കോളിഫ്ലവർ (-25.99%), ജീരകം (-25.86%), വെളുത്തുള്ളി (-25.22%) എന്നിവയാണ് വില ഏറ്റവുമധികം കുറഞ്ഞവയെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പറയുന്നു.

ഇനിയും കുറയും പലിശഭാരം

റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) പരിഷ്കരിക്കാറുള്ളത്. പണപ്പെരുപ്പം കുറയുന്നതു കണക്കിലെടുത്തും ജിഡിപി വളർച്ചയ്ക്ക് പിന്തുണയേകാനുമായി കഴിഞ്ഞ ഫെബ്രുവരിയിലും ഈ മാസവും റിസർവ് ബാങ്ക് റീപ്പോനിരക്ക് 0.25% വീതം കുറച്ചിരുന്നു. 

Kolkata, India dated 15/08/2020. Man counting indian currency with hands.
representative image

പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ‌ നിലനിൽക്കുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യവും. എന്നാൽ, തുടർച്ചയായി പണപ്പെരുപ്പം 4 ശതമാനത്തിനും താഴെയാണെന്നിരിക്കെ, ജൂണിലെ പണനയ നിർണയ യോഗത്തിലും പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായി. ട്രംപിന്റെ താരിഫ് നയങ്ങൾ പണപ്പെരുപ്പം കൂടാനിടയാക്കുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ, പകരച്ചുങ്കം ട്രംപ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചു എന്നതും ഇപ്പോൾ അനുകൂലഘടകമാണ്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Retail inflation cools to 67-month low of 3.34% in March while Kerala Inflation Remains Highest in India.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com