തീരുവ യുദ്ധത്തിൽ ട്രംപിനെ കോടതി കയറ്റാൻ യുഎസ് കമ്പനികൾ; വീണ്ടും ട്രോളി ചൈനീസ് വിഡിയോ

Mail This Article
ലോക രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് യുഎസിലെ ഒരു വിഭാഗം കമ്പനികൾ കോടതിയിൽ. കോൺഗ്രസിന്റെ അധികാരം പ്രസിഡന്റ് എന്ന നിലയിൽ സ്വയം കവർന്നാണ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതെന്നു കാട്ടി 5 ചെറുകിട ബിസിനസുകളാണ് യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിനെ സമീപിച്ചത്. പകരച്ചുങ്കം പ്രഖ്യാപിച്ച നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

10% അടിസ്ഥാന ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടി തന്നെ രാജ്യത്തെ ചെറുകിട ബിസിനസുകളെ തർക്കുമെന്ന് ഹർജിയിലുണ്ട്. വ്യാപാരക്കമ്മി കുറയ്ക്കാനാണ് അടിയന്തരമെന്നോണം ട്രംപ് ഇറക്കുമതിച്ചുങ്കം കുത്തനെ കൂട്ടിയത്. എന്നാൽ, വർഷങ്ങളായി കൂടിനിൽക്കുന്ന വ്യാപാരക്കമ്മി യുഎസ് സമ്പദ്‍വ്യവസ്ഥയെ ഒരിക്കലും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നിരിക്കെ, ട്രംപിന്റെ വാദങ്ങൾ അദ്ദേഹത്തിന്റെ ‘തോന്നലുകൾ’ മാത്രമാണെന്നും കമ്പനികൾ വാദിക്കുന്നു.
അതേസമയം, യുഎസിൽ മാനുഫാക്ചറിങ് കമ്പനികൾ സ്ഥാപിക്കണമെന്നും മെയ്ഡ് ഇൻ യുഎസ്എ ക്യാംപയിനെ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള ട്രംപിന്റെ ആഹ്വാനത്തെ കളിയാക്കി ചൈനീസ് ട്രോളന്മാർ പുറത്തിറക്കിയ പുതിയ വിഡിയോകളും വ്യാപകമായി പ്രചരിക്കുകയാണ്. പ്രസിഡന്റ് ട്രംപ്, യുഎസ് ഗവൺമെന്റിനു കീഴിലെ ‘ഡോജി’നെ നയിക്കുന്ന ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, എക്സ്, സ്പേസ്എക്സ് എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്ക് തുടങ്ങിവരെ പരിഹസിക്കുന്ന വിഡിയോയാണ് വൈറലായത്. ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 84ൽ നിന്ന് 125 ശതമാനത്തിലേക്ക് ഉയർത്തിയ പശ്ചാത്തലത്തിൽ ഇറക്കിയ വിഡിയോയാണിത്.