ADVERTISEMENT

സ്വർണാഭരണ (gold) പ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം പകർന്ന് സ്വർണവില (gold rate) ഇന്നും താഴ്ന്നിറങ്ങി. കേരളത്തിൽ (Kerala gold price) ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.

പവൻവില 70,000നും താഴെയായി എന്ന പ്രത്യേകതയുമുണ്ട്. 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ഇന്നു വ്യാപാരം. വിഷുദിനമായ ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ (ഏപ്രിൽ 12) ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.

Wedding gold bracelets
representative image

ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 25 രൂപ താഴ്ന്ന് 7,225 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 108 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 30 രൂപ കുറച്ച് 7,180 രൂപയാണ്. വെള്ളി വില ഗ്രാമിന് 107 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.

ചാഞ്ചാട്ടത്തിൽ രാജ്യാന്തരവില

രാജ്യാന്തരവില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 3,246 ഡോളർ എന്ന റെക്കോർഡിൽ നിന്ന് നിലവിൽ 3,221 ഡോളറിലേക്ക് ഇറങ്ങിയെങ്കിലും ഇനി കാത്തിരിക്കുന്നത് മുന്നേറ്റമായിരിക്കുമെന്ന നിരീക്ഷണങ്ങളുണ്ട്. പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളും മലക്കംമറിച്ചിലുകളും യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്ന കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ്, സാമ്പത്തികമേഖലയ്ക്കും ജനങ്ങൾക്കും ആശ്വാസമേകാനായി അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറച്ചേക്കാം. അങ്ങനെയെങ്കിൽ സ്വർണവില കൂടും.

gold-bangle

മാത്രമല്ല, താരിഫ് പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിൽ സ്വർണ അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (Gold ETFs) നിക്ഷേപം കുതിച്ചുയരുകയാണ്. ഇതും സ്വർണവിലയെ മുന്നോട്ടുനയിക്കും. ഔൺസിന് 3,203 ഡോളർ വരെ താഴ്ന്നശേഷമാണ് ഈ അനുകൂല ഘടകങ്ങളുടെ കരുത്തിൽ രാജ്യാന്തരവില ഇപ്പോൾ 3,221 ഡോളറിലേക്ക് കയറിയത്. 

2025 കുതിപ്പിന്റെ വർഷമാകും

സ്വർണവില ഈ വർഷം റെക്കോർഡുകൾ തകർത്ത് മുന്നേറുമെന്നാണ് പ്രമുഖ ധനകാര്യസ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, യുബിഎസ് എന്നിവയുടെ പുതിയ പ്രവചനങ്ങൾ. ഔൺസിന് ഈ വർഷം 3,300 ഡോളറാകുമെന്ന മുൻ പ്രവചനം ഗോൾഡ്മാൻ സാക്സ് തിരുത്തി; ഇപ്പോൾ പ്രവചിക്കുന്നത് 3,700 ഡോളർ.

Image : Shutterstock/PradeepGaurs
Image : Shutterstock/PradeepGaurs

ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽശേഖരത്തിലേക്ക് വാങ്ങിനിറയ്ക്കുന്നത് വില കൂടാനൊരു ഘടകമാകും. ആഗോള സാമ്പത്തിക അനിശ്ചിതത്വമാണ് കേന്ദ്രബാങ്കുകളെ ഡോളറിനെ കൈവിട്ട് സ്വർണത്തിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നത്.

Image : shutterstock/V.S.Anandhakrishna
Image : shutterstock/V.S.Anandhakrishna

സ്വർണവില 3,500 ഡോളറിലെത്തുമെന്നാണ് യുബിഎസിന്റെ വിലയിരുത്തൽ. രാജ്യാന്തരവിലയിൽ ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി രണ്ടുരൂപ ഉയരും. അതായത്, കേരളത്തിൽ ഗ്രാം വില 10,000 രൂപയിലേക്കും പവൻ വില 80,000 രൂപയിലേക്കും എത്തുന്നകാലം വിദൂരമായേക്കില്ല. പണിക്കൂലിയും (3-35%) ജിഎസ്ടിയും (3%) ഹോൾമാർ‌ക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലും അധികമായിരിക്കും.

ബിസിനസ്,
ഇക്കണോമി,
സ്റ്റോക്ക് മാർക്കറ്റ്,
പഴ്സനൽ ഫിനാൻസ്,
കമ്മോഡിറ്റി,
സമ്പാദ്യം വാർത്തകൾക്ക്:
manoramaonline.com/business

English Summary:

Kerala Gold Price : Gold rate falls in Kerala, Silver also rises.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com