ഓഹരിക്ക് കാളക്കുതിപ്പ്, സെൻസെക്സ് 1600 പോയിന്റ് കയറി, നേട്ടം 9 ലക്ഷം കോടി, കേരളക്കമ്പനികൾക്കും തിളക്കം

Mail This Article
മൂന്നു ദിവസത്തെ അവധിയുടെ ആലസ്യമില്ലാതെ ഇന്ത്യൻ ഓഹരി വിപണികൾ ഇന്നു കാഴ്ചവയ്ക്കുന്നത് മികച്ച മുന്നേറ്റം. സെൻസെക്സ് ഒരുഘട്ടത്തിൽ 1,600 പോയിന്റിലധികമാണ് മുന്നേറിയത്. കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ് പോയിന്റായ 75,157ൽ നിന്ന് ഇന്ന് 76,852 വരെ എത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ സൂചികയുള്ളത് 2.10% (+1,571 പോയിന്റ്) ഉയർന്ന് 76,730ൽ. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ (നിക്ഷേപക സമ്പത്ത്) 8.55 ലക്ഷം കോടി രൂപയുടെ വർധനയും ഇന്ന് ഇതിനകമുണ്ടായി.

ഇൻഡസ്ഇൻഡ് ബാങ്ക് (+6.35%), ടാറ്റാ മോട്ടോഴ്സ് (+4.60%), എൽ ആൻഡ് ടി (4.43%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+4.06%), അദാനി പോർട്സ് (+3.87%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ. അദാനി പോർട്സിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം 17ന് ചേരുന്നുണ്ട്. പ്രിഫറൻഷ്യൽ ഇഷ്യൂ സംബന്ധിച്ച പ്രഖ്യാപനമാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഡെപ്പോസിറ്റ് പലിശനിരക്കുകൾ കുറച്ച പശ്ചാത്തലത്തിലാണ് ബാങ്കിങ് ഓഹരികളുടെ മുന്നേറ്റം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് പിടിവാശിയിൽ നിന്ന് പിന്നാക്കം പോകുന്നത് ആഗോള ഓഹരിവിപണികൾക്ക് ഉണർവാകുന്നുണ്ട്. ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ ഉഗ്രവാശിയോടെ പകരച്ചുങ്കം പ്രഖ്യാപിച്ച ട്രംപ്, 90 ദിവസത്തേക്ക് അതു മരവിപ്പിച്ചു. എന്നിട്ടും, ചൈനയ്ക്കുമേൽ ഈ ആനുകൂല്യം നൽകാതെ ചുങ്കം 125 ശതമാനമാക്കിയിരുന്നു. ഈ നടപടി യുഎസിന് തന്നെ വിനയാകുമെന്നായതോടെ ട്രംപ് പിന്നെയും മലക്കംമറിഞ്ഞു.
പിടിവാശി അയയുന്നു; മലക്കംമറിഞ്ഞ് ട്രംപ്
യുഎസിലേക്കുള്ള സ്മാർട്ഫോൺ, ലാപ്ടോപ്, കംപ്യൂട്ടറുകൾ എന്നിവയെ പകരച്ചുങ്കത്തിൽ നിന്ന് ഒഴിവാക്കിയതാണ് ട്രംപിന്റെ പുതിയ തീരുമാനം. ഇതോടെ, ട്രംപ് പിടിവാശി ഉപേക്ഷിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഉയരുന്നതാണ് ഓഹരികൾക്ക് ഊർജമാകുന്നത്. പകരച്ചുങ്കം മരവിപ്പിച്ച നടപടികൾ വാഹനം, മെറ്റൽ, ഐടി, ഫാർമ തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികൾക്കും നേട്ടമാവുകയായിരുന്നു.
ഹിന്ദുസ്ഥാൻ യൂണിലിവർ (-0.61%), ഐടിസി (-0.20%), നെസ്‍ലെ (-0.18%) എന്നീ എഫ്എംസിജി ഓഹരികളാണ് ഇന്ന് സെൻസെക്സിൽ നഷ്ടത്തിലുള്ളത്. ഇന്ത്യയുടെ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ഇന്നു പുറത്തുവരാനിരിക്കേയാണ് എഫ്എംസിജി ഓഹരികളിൽ സമ്മർദം. നിഫ്റ്റി50ലും നിലവിൽ ഇതേ മൂന്ന് ഓഹരികളാണ് നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നത്. നിലവിൽ 478 പോയിന്റ് (+2.10%) ഉയർന്ന് 23,307ലാണ് നിഫ്റ്റി50യുള്ളത്. ഒരുവേള 23,368 വരെയും എത്തിയിരുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക് (+6.24%), ടാറ്റാ മോട്ടോഴ്സ് (+4.69%), എൽ ആൻഡ് ടി (+4.54%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+4.12%), ശ്രീറാം ഫിനാൻസ് (+4.06%) എന്നിവയാണ് നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിൽ. ഹിന്ദുസ്ഥാൻ യൂണിലിവർ 0.70% താഴ്ന്ന് നഷ്ടത്തിൽ ഒന്നാമതാണ്. ഐടിസി 0.32%, നെസ്‍ലെ 0.27% എന്നിങ്ങനെയും താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 2.01 ശതമാനവും സ്മോൾക്യാപ് 2.59 ശതമാനവും നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. ഇന്ത്യ വിക്സ് 16.75% ഇടിഞ്ഞുവെന്നതും നിക്ഷേപകർ ആവേശം വീണ്ടെടുക്കുന്നുവെന്നതിന്റെ സൂചനയാണ്.
വിശാല വിപണിയിൽ നിഫ്റ്റി ഓട്ടോ 3.50%, ധനകാര്യസേവനം 2.66%, ഐടി 1.41%, മീഡിയ 1.81% എന്നിങ്ങനെ ഉയർന്നു. ലോഹം 2.57%, ഫാർമ 1.52%, പൊതുമേഖലാ ബാങ്ക് 1.22%, സ്വകാര്യബാങ്ക് 2.41% എന്നിങ്ങനെയും നേട്ടത്തിലേറി. ബാങ്ക് നിഫ്റ്റി 2.44% ഉയർന്നിട്ടുണ്ട്. 4.64 ശതമാനമാണ് നിഫ്റ്റി റിയൽറ്റിയുടെ നേട്ടം. ഹെൽത്ത്കെയർ 1.34%, കൺസ്യൂമർ ഡ്യൂറബിൾസ് 1.46% എന്നിങ്ങനെയും ഉയർന്ന് വ്യാപാരം ചെയ്യുന്നു. ക്രൂഡ് ഓയിൽ വില ഉയർന്ന പശ്ചാത്തലത്തിൽ ഓയിൽ ആൻഡ് ഗ്യാസ് സൂചികയും 1.19% കയറി. എഫ്എംസിജി സൂചിക 0.13% താഴ്ന്നാണുള്ളത്.
മിന്നിത്തിളങ്ങി കേരളക്കമ്പനികളും
കേരളം ആസ്ഥാനമായ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളിലും ആവേശം പ്രകടം. കിറ്റെക്സ് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായി. പ്രൈമ അഗ്രോ 6.28%, ജിടിഎൻ ടെക്സ്റ്റൈൽസ് 5.54% എന്നിങ്ങനെയും ഉയർന്നു. സഫ സിസ്റ്റംസ്, സ്റ്റെൽ ഹോൾഡിങ്സ്, പോപ്പീസ്, ടിസിഎം, ഇൻഡിട്രേഡ്, സിഎസ്ബി ബാങ്ക്, കൊച്ചിൻ ഷിപ്പ്‍യാർഡ് എന്നിവയും 5 ശതമാനത്തിനടുത്ത് നേട്ടത്തിലാണുള്ളത്.

ന്യൂമലയാളം സ്റ്റീൽ 1.95% താഴ്ന്നു. ആഡ്ടെക്, കേരള ആയുർവേദ, ഫെഡറൽ ബാങ്ക്, വി-ഗാർഡ് എന്നിവയും 0.26-1.02% താഴ്ന്നാണുള്ളത്. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ പൂനാവാല ഫിൻകോർപ് ഗോൾഡ് ലോൺ രംഗത്തേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് ഓഹരികൾ ഇന്ന് നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. മുത്തൂറ്റ് ഫിനാൻസ് 0.60% ഉയർന്നാണ് വ്യാപാരം ചെയ്യുന്നത്. മണപ്പുറം ഫിനാൻസ് 0.49 ശതമാനം താഴ്ന്നും.
കുതിപ്പിന്റെ കാരണങ്ങൾ
∙ ട്രംപിന്റെ മലക്കംമറിച്ചിലാണ് പ്രധാനമായും ഓഹരി വിപണികൾക്ക് ഗുണമാകുന്നത്. യുഎസ് ഓഹരി വിപണികൾ, ഏഷ്യയിൽ ജാപ്പനീസ് നിക്കേയ്, ഹോങ്കോങ്ങിന്റെ ഹാങ്സെങ്, ദക്ഷിണ കൊറിയയുടെ കോസ്പി തുടങ്ങിയവയും നേട്ടത്തിലായത് ഇന്ത്യൻ വിപണികൾക്കും ഉണർവായി.

∙ ടാറ്റാ മോട്ടോഴ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി തുടങ്ങിയ വമ്പന്മാരുടെ ഓഹരികളിൽ ഇന്ന് മികച്ച നേട്ടമുണ്ടെന്നതും ഓഹരി വിപണികൾക്ക് ഗുണം ചെയ്തു. ഡോളറന്റെ തളർച്ചയും രൂപയുടെ 30 പൈസയിലധികം വരുന്ന നേട്ടവും കുതിപ്പിനുള്ള മറ്റൊരു കാരണമായി.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)