റെക്കോർഡ് പുതുക്കി സ്വർണക്കുതിപ്പ്; പോര് കടുപ്പിച്ച് ചൈനയും ട്രംപും, കേരളത്തിൽ വില ഇനി എങ്ങോട്ട്?

Mail This Article
അക്ഷയതൃതീയയും വിവാഹസീസണും മുന്നിൽനിൽക്കേ, ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് കനത്ത നിരാശയുമായി സ്വർണവില വീണ്ടും കത്തിക്കയറി പുത്തൻ റെക്കോർഡിൽ. കഴിഞ്ഞ ഏതാനും ദിവസമായി താഴേക്കിറങ്ങിയ വിലയാണ് ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ന് ഒറ്റയടിക്ക് കുതിച്ചുകയറിയത്. കേരളത്തിൽ ഗ്രാമിന് 95 രൂപ കൂടി 8,815 രൂപയും പവന് 760 രൂപ മുന്നേറി 70,520 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച (ഏപ്രിൽ 12) രേഖപ്പെടുത്തിയ ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം.
18 കാരറ്റ് സ്വർണവിലയും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. ഇന്നു ചില കടകളിൽ വില ഗ്രാമിന് 75 രൂപ ഉയർന്ന് 7,300 രൂപയായി. മറ്റു ചിലകടകളിൽ 80 രൂപ വർധിച്ച് 7,260 രൂപ. വെള്ളിവില 108 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. ഗോൾഡ്മാൻ സാക്സ്, യുബിഎസ് എന്നിവ പ്രവചിച്ചതുപോലെ സ്വർണവില 2025ൽ റെക്കോർഡുകൾ തകർത്ത് മുന്നേറിയേക്കാമെന്ന സൂചനയാണ് രാജ്യാന്തര വിപണി നൽകുന്നത്. ഇതു സംബന്ധിച്ച വിശദാംശം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

രാജ്യാന്തരവിലയുടെ റെക്കോർഡ് കുതിപ്പിന്റെ ആവേശമാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 60 ഡോളറിലധികം കയറി പുത്തൻ റെക്കോർഡായ 3,281.28 ഡോളർ വരെയെത്തി. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 3,246 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയായി. വില 3,250 ഡോളർ മറികടന്നതും ചരിത്രത്തിലാദ്യം. വില 3,300 ഡോളർ എന്ന ‘സൈക്കോളജിക്കൽ’ തലം ഭേദിച്ചാൽ കുതിപ്പ് കടിഞ്ഞാണില്ലാതെ തുടരുമെന്നാണ് നിരീക്ഷകവാദങ്ങൾ.
യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം പുതിയതലത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് സ്വർണം വീണ്ടും കുതിച്ചുയരുന്നത്. യുഎസ് വിമാനക്കമ്പനിയായ ബോയിങ്ങിനു നൽകിയ ഓർഡറുകൾ പിൻവലിച്ച്, പുതിയ വിമാനങ്ങൾക്കായി ആഭ്യന്തര കമ്പനികളെ തന്നെ സമീപിക്കാൻ ചൈന ഒരുങ്ങുന്നത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, യുഎസിലേക്കുള്ള മരുന്ന് ഇറക്കുമതിക്കും കൂടുതൽ ചുങ്കം ചുമത്താനൊരുങ്ങുകയാണ് ട്രംപ്.

വ്യാപാരയുദ്ധം കൂടുതൽ കലുഷിതമാകുന്ന പശ്ചാത്തലത്തിൽ യുഎസ് ഡോളർ ഇൻഡക്സ്, യുഎസ് ഗവൺമെന്റിന്റെ ട്രഷറി ബോണ്ട് യീൽഡ്, ഓഹരി വിപണികൾ എന്നിവ നേരിടുന്ന തളർച്ച സ്വർണനിക്ഷേപ പദ്ധതികൾക്ക് ഗുണമാകുകയാണ്. ഗോൾഡ് ഇടിഎഫിലേക്ക് നിക്ഷേപകർ ചുവടുമാറ്റി തുടങ്ങിയതോടെയാണ് സ്വർണവില വീണ്ടും കുതിപ്പ് തുടങ്ങിയത്.
ചൈനീസ് ജിഡിപിയും സ്വർണവും
ചൈനയുടെ ജിഡിപി ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ പ്രതീക്ഷകളെ കടത്തിവെട്ടി 5.4 ശതമാനം ഉയർന്നു. 5.1 ശതമാനം വരെ വളരുമെന്നായിരുന്നു പൊതുവിലയിരുത്തൽ. മാർച്ചിൽ ചൈനയുടെ കയറ്റുമതിയും മികച്ച വളർച്ചയാണ് കുറിച്ചത്. റീട്ടെയ്ൽ വിൽപന 5.9 ശതമാനവും വ്യാവസായിക ഉൽപാദനം 7.7 ശതമാനവും ഉയർന്നു. നാഗരിക തൊഴിലില്ലായ്മ 5.2 ശതമാനമായി കുറയുകയും ചെയ്തു.

എന്നാൽ, ട്രംപ് അടിച്ചേൽപ്പിച്ച പകരച്ചുങ്കത്തിന്റെ ആഘാതം ചൈനയെ ഈ പാദം മുതലേ (ഏപ്രിൽ-ജൂൺ) വലയ്ക്കൂ എന്നാണ് വിലയിരുത്തൽ. അതായത് ജിഡിപിയും കയറ്റുമതിയും വ്യാവസായിക ഉൽപാദനവും ഇടിയാം. തൊഴിലില്ലായ്മ നിരക്കും കൂടാം. ഫലത്തിൽ, ചൈനയെ കാത്തിരിക്കുന്നത് വൻ വെല്ലുവിളിയാണെന്നിരിക്കെ, നിക്ഷേപകർ സ്വർണനിക്ഷേപത്തെ ‘സുരക്ഷിത നിക്ഷേപം’ എന്നോണം ആശ്രയിക്കുന്നതും പൊന്നിൻവിലക്കുതിപ്പിന് വളമാകുന്നുണ്ട്. ലോകത്തിന്റെ വ്യാവസായിക ഭൂപടത്തിലെ നിർണായകശക്തിയാണ് ചൈന എന്നതാണ് നിക്ഷേപകരെ ആകുലപ്പെടുത്തുന്നത്.
പണിക്കൂലിയടക്കം വില 80,000ന് മുകളിൽ
മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ കേരളത്തിൽ സ്വർണാഭരണ വിലയാകൂ. ഇന്നൊരു പവനു വില 70,520 രൂപ. ഇതോടൊപ്പം ജിഎസ്ടിയും ഹോൾമാർക്ക് ഫീസും 5% പണിക്കൂലിയും കൂട്ടിയാൽ വാങ്ങൽവില 76,322 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,540 രൂപയും. 10% പണിക്കൂലിയാണ് കൂട്ടുന്നതെങ്കിൽ വില ഒരു പവൻ ആഭരണത്തിന് 80,435 രൂപയാകും. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,050 രൂപയും. പണക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35% വരെയൊക്കെയാകാം.