സീബ്ര പോലെയിരിക്കുന്ന ടൈഗർ മൊസ്ക്വിറ്റോ; പെർഫ്യൂം ഇഷ്ടമല്ലാത്ത കൊതുക്

Mail This Article
ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ വിവിധ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നവയാണ് ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ കൊതുകുകൾ. ഈഡിസ് അൽബോപിക്റ്റസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം. ഫോറസ്റ്റ് മൊസ്ക്വിറ്റോ എന്ന പേരിലും ഇതറിയപ്പെടുന്നു. കാലുകളിലും ശരീരത്തിലുമുള്ള വെളുത്ത വരകളാണ് ഇവയെ മറ്റ് കൊതുകുകളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. ഒരു സീബ്ര ലുക്ക്!

തെക്കുകിഴക്കൻ ഏഷ്യയിലാണ് ഇവയുടെ ഉദ്ഭവമെങ്കിലും ഇന്ന് ലോകത്ത് പലരാജ്യങ്ങളിലേക്കും ഇവ വ്യാപിച്ചിട്ടുണ്ട്. അന്റാർട്ടിക്കയൊഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇവയെ കാണുന്നു. സാധാരണ കൊതുകുകൾ രാത്രിയിലാണ് മനുഷ്യന്റെ ചോരകുടിക്കാനെത്തുന്നത്. എന്നാൽ ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോയ്ക്ക് കൂടുതൽ ഇഷ്ടം പകൽസമയത്ത് ഇറങ്ങാനാണ്.
ഒരു കുപ്പിയുടെ അടപ്പിലുള്ള വെള്ളത്തിൽപോലും ഈ കൊതുകിന്റെ നൂറുകണക്കിന് മുട്ടകൾ വിരിഞ്ഞിറങ്ങും. അതിശൈത്യത്തെ പോലും അതിജീവിക്കാൻ ഈ മുട്ടകൾക്ക് സാധിക്കും. പ്രതിസന്ധികൾ എളുപ്പത്തിൽ തരണം ചെയ്യാൻ കഴിവുള്ളതിനാൽ ഇവയ്ക്ക് എളുപ്പത്തിൽ പെരുകാൻ സാധിക്കുന്നു.

ചില ഗന്ധങ്ങളും പെർഫ്യൂമുകളും ഈ കൊതുകൾക്ക് ഇഷ്ടമല്ല. നാരങ്ങ, യൂക്കാലിപ്റ്റസ് തുടങ്ങിയവയുടെ ഗന്ധം ഇവയെ അകറ്റി നിർത്തും.