ഡാലസിനെ മറികടന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം; ‘പ്രവാസി കരുത്തിൽ’ പുതിയ നേട്ടം

Mail This Article
ദുബായ് ∙ 2024 ലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്സ് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) വേൾഡിന്റെ റിപ്പോർട്ടിലാണ് ഈ വിവരം. പ്രാഥമിക കണക്കുകൾ പ്രകാരം 2024ൽ ആഗോളതലത്തിൽ ഏകദേശം 9.5 ബില്യൻ യാത്രക്കാർ സഞ്ചരിച്ചു. ഇത് 2023നെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയും കോവിഡിന് മുൻപുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 3.8 ശതമാനം വർധനവുമാണ്. ആഗോള ഗതാഗതത്തിന്റെ 9 ശതമാനം (855 ദശലക്ഷം യാത്രക്കാർ) ഉൾക്കൊള്ളുന്ന ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് രണ്ടാം സ്ഥാനത്താണ്. മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളാണ് ദിനം പ്രതി ദുബായ് രാജ്യാന്തര വിമാനത്താവളിലൂടെ സഞ്ചരിക്കുന്നത്
രാജ്യാന്തര തലത്തിലും പ്രാദേശിക തലത്തിലുമുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഹാർട്സ്ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ രാജ്യാന്തര വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ഡാലസ് ഫോർട് വർത് രാജ്യാന്തര വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. 2024 ൽ ദുബായ് വിമാനത്താവളത്തിലൂടെ 92.3 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 6.1 ശതമാനം അധികമാണ്.
2024 ൽ എയർ കാർഗോയുടെ അളവ് 8.4 ശതമാനം വർധിച്ച് 124 ദശലക്ഷം മെട്രിക് ടണ്ണായി. 2019 നെ അപേക്ഷിച്ച് ഇത് 3.9 ശതമാനം കൂടുതലാണ്. ആഗോളതലത്തിലുള്ള വെല്ലുവിളികൾക്കിടയിലും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങൾ മുന്നേറ്റം നടത്തുകയാണെന്ന് എസിഐ വേൾഡ് ഡയറക്‌ടർ ജനറൽ ജസ്‌റ്റിൻ എർബാച്ചി അഭിപ്രായപ്പെട്ടു.