ADVERTISEMENT

ധാക്ക∙ പ്രശസ്ത ബംഗ്ലാദേശി മോഡലും മുൻ മിസ് എർത്ത് ബംഗ്ലാദേശ് ജേതാവുമായ മേഘ്ന ആലം (30) അറസ്റ്റിൽ. രാജ്യത്തിന്റെ നയതന്ത്ര ബന്ധത്തിന് ഭീഷണി ഉയർത്തിയെന്നാരോപിച്ച് സ്പെഷൽ പവർസ് ആക്ട് പ്രകാരമാണ് പൊലീസ് നടപടി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു "പ്രധാനപ്പെട്ട വ്യക്തിയെക്കുറിച്ച്", പ്രത്യേകിച്ച് സൗദി അറേബ്യൻ നയതന്ത്രജ്ഞനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് മേഘ്നയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അറസ്റ്റിന് മുൻപ്, ഒരു വിദേശ നയതന്ത്രജ്ഞൻ നിയമ നിർവഹണ ഏജൻസികളുടെ സഹായത്തോടെ തന്നെ നിശ്ശബ്ദയാക്കാൻ ശ്രമിക്കുന്നുവെന്ന് മേഘ്ന പല തവണ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 9ന് സമൂഹമാധ്യമത്തിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയാണ് പൊലീസ് മേഘ്നയെ കസ്റ്റഡിയിലെടുത്തത്. 12 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, അന്വേഷണവുമായി സഹകരിക്കുമെന്ന് മേഘ്ന ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയതിന് മേഘ്നയെ ധാക്ക കോടതി 30 ദിവസത്തെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടതിനെ തുടർന്ന് കാശിംപൂർ ജയിലിലേക്ക് അയച്ചു.

മേഘ്ന ആലമിന്റെ അറസ്റ്റ് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പലരും അവരുടെ അറസ്റ്റിന്റെ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നു. ധാക്കയിലെ സൗദി അംബാസഡറുമായുള്ള ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് മോഡലിന്റെ പിതാവ് ബദ്രുൾ ആലം പറഞ്ഞു. "അംബാസഡറും മേഘ്നയും പ്രണയത്തിലായിരുന്നു. അംബാസഡർക്ക് ഭാര്യയും കുട്ടികളുമുള്ളതിനാൽ വിവാഹ അഭ്യർഥന  മകൾ നിരസിച്ചു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിന് വലിയ സാമ്പത്തിക, മാനുഷിക സഹായം നൽകുന്നതിൽ സൗദി അറേബ്യ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ, 2.16 ദശലക്ഷം ബംഗ്ലാദേശി തൊഴിലാളികൾ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. 2022ലെ സൗദി സെൻസസ് പ്രകാരം സൗദിയിലെ ഏറ്റവും വലിയ വിദേശി സമൂഹം ഇവരാണ്.

രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനലും അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച് പ്രസ്താവന പുറത്തിറക്കി. "മേഘ്നയെ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട കുറ്റം ചുമത്തുകയോ അല്ലെങ്കിൽ വിട്ടയക്കുകയോ ചെയ്യണമെന്ന് ഞങ്ങൾ അധികൃതരോട് അഭ്യർഥിക്കുന്നു," എന്ന് ആംനസ്റ്റി ഇന്റർനാഷനൽ എക്സിൽ കുറിച്ചു.

∙മേഘ്ന ആലം ആരാണ്?
30 വയസ്സുള്ള മേഘ്ന ആലം ബംഗ്ലാദേശിലെ ഒരു മോഡലും നടിയും പരിസ്ഥിതി പ്രവർത്തകയുമാണ്. 2020ലെ മിസ് എർത്ത് ബംഗ്ലാദേശ് കിരീടം നേടിയതോടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. അവർ ഒരു മൈൻഡ്ഫുൾ ലീഡർഷിപ്പ് ട്രെയിനറും സാമൂഹിക ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിസ് ബംഗ്ലാദേശ് ഫൗണ്ടേഷന്റെ ചെയർപഴ്സനുമാണ്. മിസ് എർത്തിലേക്കുള്ള ബംഗ്ലാദേശ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന മിസ് ബംഗ്ലാദേശ് ഓർഗനൈസേഷന്റെ നാഷനൽ ഡയറക്ടറായും മേഘ്ന പ്രവർത്തിക്കുന്നു. 

English Summary:

Meghna Alam Arrested Over Allegations of Threatening Diplomatic Ties

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com