ADVERTISEMENT

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ യാത്രക്കാരായ വയോധികയോടും മകനോടുമുണ്ടായ ഹൃദയസ്പർശിയായ അനുഭവം ലോകമെമ്പാടുമുള്ള പ്രവാസികളുടെ ശ്രദ്ധ നേടി. ഉദ്യോഗസ്ഥനായ അബ്ദുല്ല അൽ ബലൂഷി പ്രകടിപ്പിച്ച ദയയും അനുകമ്പയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രശംസയ്ക്ക് പാത്രമായി.

അബ്ദുല്ല അൽ ബലൂഷിയുടെ സ്നേഹപൂർവമായ പെരുമാറ്റം ദുബായ് നഗരത്തിന്റെ യഥാർഥ മുഖമാണെന്ന് ഷെയ്‌ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. വയോധികയുടെ മരുമകൾ കുടുംബത്തിനുണ്ടായ ഈ അനുഭവം ഒരു അറബിക് റേഡിയോ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു. ദുഃഖാന്തരീക്ഷത്തിൽ കുടുംബാംഗങ്ങളോട് യാത്രപറഞ്ഞ് ജോർദാനിലേക്ക് മടങ്ങുകയായിരുന്നു ഭർതൃമാതാവ്. വീൽചെയറിലിരുന്ന മകനോടൊപ്പം അവർ ഇമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ ജിഡിആർഎഫ്എ ഉദ്യോഗസ്ഥനായ അബ്ദുല്ല അൽ ബലൂഷി അവരെ സമീപിച്ചു. വയോധികയുടെ മകനോട് ദുബായിലെ താമസത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ഒരു മാസത്തിൽ താഴെ മാത്രമേ അവർ താമസിച്ചിട്ടുള്ളൂ എന്നറിഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് മടങ്ങുന്നതിന്റെ കാരണം വിനയപൂർവം ആരാഞ്ഞു. 

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നും അന്വേഷിക്കാൻ അദ്ദേഹം താൽപര്യം കാണിച്ചു. ചികിത്സ ആവശ്യമുണ്ടായിരുന്നതിനാലാണ് അവർ നാട്ടിലേക്ക് പോകാൻ ഒരുങ്ങിയത്. അവരോട് എല്ലാവർക്കും വേണ്ടി പ്രാർഥിക്കണമെന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അബ്ദുല്ല അൽ ബലൂഷി സ്നേഹത്തോടെ പറയുകയും അവരുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നുവെന്ന് അറിയിക്കുകയും ചെയ്തു.


യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിഡിആർഎഫ്എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി എന്നിവർ അബ്ദുല്ലയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച സന്ദേശം
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിഡിആർഎഫ്എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി എന്നിവർ അബ്ദുല്ലയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച സന്ദേശം

യാത്രക്കാരുടെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്നവരെ ഷെയ്‌ഖ് മുഹമ്മദ് അഭിനന്ദിച്ചു. ഈ ദയയും മനുഷ്യത്വവും നിറഞ്ഞ പെരുമാറ്റമാണ് ഷെയ്‌ഖ് മുഹമ്മദിന്റെ ഹൃദയത്തെ സ്പർശിച്ചത്. ഇതാണ് തങ്ങൾ ആഗ്രഹിക്കുന്ന ദുബായ് എന്നും യാത്രക്കാരന്റെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്നവർക്ക് സല്യൂട്ട് എന്നും അടിക്കുറിപ്പോടെ ഈ സംഭവത്തിന്റെ വിഡിയോ അദ്ദേഹം പങ്കുവെച്ചു. 

ദുബായ് ഭരണകൂടം മനുഷ്യത്വപരമായ മൂല്യങ്ങൾക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. ഒരു ഉദ്യോഗസ്ഥന്റെ ദയയും സ്നേഹവും ഒരു രാഷ്ട്രത്തലവന്റെ അംഗീകാരം നേടുകയും അത് രാജ്യത്തിന്റെ നയമായി ഉയർത്തിക്കാട്ടപ്പെടുകയും ചെയ്യുന്നത് കേവലം ഒരു യാത്രാനുഭവമല്ലെന്നും മറിച്ച് മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രാധാന്യം ഓർമിപ്പിക്കുന്നതാണെന്നും പലരും കുറിച്ചു.

ഷെയ്‌ഖ് മുഹമ്മദിന്റെ പ്രശംസയ്ക്ക് ജിഡിആർഎഫ്എ ദുബായ് നേതൃത്വം നന്ദി അറിയിച്ചു. ജനങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുകയും തങ്ങളുടെ പെരുമാറ്റത്തിലൂടെ പൊതുസേവനത്തിന്റെ യഥാർഥ സത്ത വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ തങ്ങളുടെ ജീവനക്കാരെ ആദരിച്ച ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നന്ദിയുണ്ടെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഉദ്യോഗസ്ഥനായ അബ്ദുല്ല സുലൈമാൻ അൽ ബലൂഷിയും ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടും ലഫ്. ജനറൽ മുഹമ്മദ് അൽ മർറിയോടും നന്ദി പറഞ്ഞു. ജിഡിആർഎഫ്എ ദുബായിയുടെ മറ്റു നേതൃത്വത്തിനും അവരുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ദുബായ് വിമാനത്താവളത്തിലെ സഹപ്രവർത്തകനായ അബ്ദുല്ല അൽ ബലൂഷിയുടെ പ്രവൃത്തി ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്നും ദുബായ് ജിഡിആർഎഫ്എയിലെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളുടെ സ്വാഭാവിക പ്രതിഫലനമായിരുന്നു അതെന്നും അൽ മർറി കൂട്ടിച്ചേർത്തു. 

അനുകമ്പ, മനുഷ്യത്വം, സജീവമായ സേവനം എന്നിവയിൽ അധിഷ്ഠിതമായ ഒരു സംസ്കാരമാണിത്. മനുഷ്യരാശിക്കുള്ള സേവനമാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി എന്ന് പഠിപ്പിച്ച ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദിന്റെയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ദീർഘവീക്ഷണത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Dubai Airport Officer's Kindness Earns Praise from Sheikh Mohammed

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com