ഐപിഎലിൽ ‘റൺമഴ’യ്ക്കിടെ അപ്രതീക്ഷിത ‘വിക്കറ്റ് മഴ’; കൊൽക്കത്തയ്ക്കെതിരെ 111ന് ഓൾഔട്ടായ പഞ്ചാബിന് ഒടുവിൽ 16 റൺസ് വിജയം!

Mail This Article
ചണ്ഡിഗഡ് ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) റൺമഴപ്പെയ്‌ത്തിനിടെ അപ്രതീക്ഷിതമായി ഒരു ‘വിക്കറ്റ് മഴ’! റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരങ്ങൾക്കിടെ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിങ്സ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരമാണ് ‘വിക്കറ്റ് മഴ’ കൊണ്ട് ശ്രദ്ധേയമായത്. ഫലം, ആദ്യം ബാറ്റു ചെയ്ത് വെറും 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടായിട്ടുപോലും പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 16 റൺസ് വിജയം! മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ 15.1 ഓവറിൽ 95 റൺസിന് എറിഞ്ഞിട്ടാണ് പഞ്ചാബ് അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
നാല് ഓവറിൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലിന്റെ നേതൃത്വത്തിലാണ് പഞ്ചാബ് കൊൽക്കത്തയെ വീഴ്ത്തിയത്. മാർക്കോ യാൻസൻ 3.1 ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സേവ്യർ ബാർട്‌ലെറ്റ്, അർഷ്ദീപ് സിങ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത ആംക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. രഘുവംശിക്കു പുറമേ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17), ആന്ദ്രെ റസ്സൽ (11 പന്തിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം 17) എന്നിവർ മാത്രം.
ഓപ്പണർമാരായ ക്വിന്റൻ ഡികോക്ക് (നാലു പന്തിൽ രണ്ട്), സുനിൽ നരെയ്ൻ (നാലു പന്തിൽ അഞ്ച്), വെങ്കടേഷ് അയ്യർ (നാലു പന്തിൽ ഏഴ്), റിങ്കു സിങ് (ഒൻപത് പന്തിൽ രണ്ട്), രമൺദീപ് സിങ് (0), ഹർഷിത് റാണ (ആറു പന്തിൽ മൂന്ന്), വൈഭവ് അറോറ (0) എന്നിവർ നിരാശപ്പെടുത്തി. ആൻറിച് നോർട്യ (0) പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബും വൻ ബാറ്റിങ് തകർച്ചയെയാണ് അഭിമുഖീകരിച്ചത്. ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിൽ പോലും മേൽക്കൈ നേടാൻ പഞ്ചാബിന് സാധിച്ചില്ല. പ്രഭ്സിമ്രാൻ സിങ് (30 റൺസ്) പ്രിയാൻഷ് ആര്യ (22), ശശാങ്ക് സിങ് (18), സേവ്യർ ബാർട്‌ലെറ്റ് (11) നേഹൽ വധേര (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 11 ഓവറുകൾ പിന്നിട്ടപ്പോഴേക്കും പഞ്ചാബിന്റെ എട്ടു ബാറ്റർമാർ പവലിയനിൽ തിരിച്ചെത്തിയിരുന്നു.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ തകർന്ന ഘട്ടത്തിൽ ഒൻപതാം വിക്കറ്റിൽ ശശാങ്ക് സിങ്ങ്, സേവ്യർ ബാർട്‌ലെറ്റ് എന്നിവരുടെ ചെറുത്തുനിൽപ്പാണ് പഞ്ചാബിനെ മൂന്നക്കം കടത്തിയത്. ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് 25 പന്തിൽ 23 റൺസാണ് നേടിയത്. 16 ാം ഓവറിലെ മൂന്നാം പന്തിൽ പഞ്ചാബിന്റെ ഇന്നിങ്സ് അവസാനിച്ചു.
കൊൽക്കത്തയ്‌ക്കു വേണ്ടി ഹർഷിത് റാണ മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വൈഭവ് അറോറ, ആൻറിച് നോർട്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.