ADVERTISEMENT

മുംബൈ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടൽ, ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഡൽഹി ബാറ്റു ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശിച്ചെങ്കിലും, അതു കേൾക്കാൻ പോലും ജയവർധന തയാറായില്ലെന്നാണ് ഹർഭജന്റെ ആരോപണം. തുടർന്ന് രോഹിത് നേരിട്ട് പാണ്ഡ്യയ്ക്കും കാൺ ശർമയ്ക്കും നിർദ്ദേശം നൽകുകയായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ചിലപ്പോഴെങ്കിലും പരിശീലകർ ‘ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമാകുന്ന കാര്യങ്ങൾ അംഗീകരിക്കണമെന്നും ഹർഭജൻ പറഞ്ഞു.

‘‘ഡൽഹി ക്യാപിറ്റൽസിനെതിരെ രോഹിത് ശർമയുടെ ഇടപെടലാണ് നിർണായകമായത്. സ്പിന്നർമാരെ ഇറക്കാനും കാൺ ശർമയെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത്, മുംബൈയുടെ മുഖ്യ പരിശീലകനായ മഹള ജയവർധനയോട് ആവശ്യപ്പെട്ടു. രോഹിത്തിന്റെ ആശയം ഇഷ്ടപ്പെടാത്തതിനാൽ അതു കേൾക്കാൻ പോലും ജയവർധന കൂട്ടാക്കിയില്ല. ആ മത്സരത്തിൽ ജയവർധന പറഞ്ഞത് കേട്ടിരുന്നെങ്കിൽ മുംബൈ തോൽക്കുമായിരുന്നുവെന്ന് തീർച്ചയാണ്. രോഹിത് ഉണ്ടായിരുന്നതുകൊണ്ട് അന്ന് മുംബൈ രക്ഷപ്പെട്ടു. രോഹിത്താണ് യഥാർഥ ക്യാപ്റ്റൻ. എപ്പോഴും ക്യാപ്റ്റനേപ്പോലെ ചിന്തിക്കുന്നയാൾ. ക്യാപ്റ്റൻ എക്കാലവും ക്യാപ്റ്റൻ തന്നെയായിരിക്കുമെന്ന് പറയുന്നത് ഇതാണ്. രോഹിത്തിന്റെ ഒറ്റ ഇടപെടലാണ് അന്ന് മുംബൈയ്‌ക്ക് വിജയം സമ്മാനിച്ചത്’ – ഹർഭജൻ പറഞ്ഞു.

‘‘രോഹിത്തിന്റെ നിർദ്ദേശപ്രകാരം ബോളിങ്ങിന് നിയോഗിക്കപ്പെട്ട കാൺ ശർമ മൂന്നു വിക്കറ്റാണ് പിഴുതത്. മത്സരം മാറ്റിമറിച്ചതും അദ്ദേഹത്തിന്റെ സ്പെൽ തന്നെ. അതൊരു സുവർണ നീക്കമായിരുന്നു. ലക്നൗവിനെതിരായ മത്സരത്തിൽ രോഹിത് ഡഗ്ഔട്ടിലുണ്ടായിരുന്നെങ്കിൽ തിലക് വർമയെ റിട്ടയേഡ് ഔട്ടാക്കി പകരം മിച്ചൽ സാന്റ്നറിനെ ഇറക്കാൻ സമ്മതിക്കുമായിരുന്നില്ല. അത് മഹേള ജയവർധന കൈക്കൊണ്ട മോശം തീരുമാനമായിരുന്നു. ചിലപ്പോഴെങ്കിലും പരിശീലകർ അവരുടെ ഈഗോ മാറ്റിവച്ച് എന്താണ് ടീമിന് ഗുണകരം എന്നുകൂടി ചിന്തിക്കണം. രോഹിത് ശർമ തുടർന്നും ഡഗ്ഔട്ടിൽനിന്ന് ഇത്തരം വിലയേറിയ നിർദേശങ്ങൾ നൽകുന്നത് തുടരുമെന്നാണ് ഞാൻ കരുതുന്നത്’ – ഹർഭജൻ പറഞ്ഞു.

‘‘മുംബൈയും ഡൽഹിയും തമ്മിലുള്ള മത്സരം ഉജ്വലമായിരുന്നു. കാണികൾക്ക് തീർച്ചയായും അവർ മുടക്കിയ പണം മുതലായ മത്സരമായിരുന്നു അത്. സമ്മർദ്ദ ഘട്ടങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്താണ് മുംബൈ 205 റൺസ് വിജയകരമായി പ്രതിരോധിച്ചത്. ഈ വിജയം മുംബൈയുടെ ആത്മവിശ്വാസം ഉയർത്തുമെന്ന് തീർച്ച. വലിയൊരു വിജയമാണിത്. കരുൺ നായർ ബോളർമാരെ കടന്നാക്രമിച്ചതോടെ മുംബൈയ്ക്ക് നില തെറ്റിയതാണ്. ആർക്കും തടയാനാകാതത് കാട്ടുതീ പോലെയായിരുന്നു കരുണിന്റെ ഇന്നിങ്സ്.’ – ഹർഭജൻ പറഞ്ഞു.

നേരത്തെ, ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ജയിച്ചുകയറിയതിനു പിന്നാലെ മുംബൈ വിജയത്തിൽ രോഹിത് ശർമയുടെ ഇടപെടൽ തെളിയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണെങ്കിലും, ഡഗ്ഔട്ടിലിരുന്ന് രോഹിത് നൽകിയ നിർണായക നിർദ്ദേശം ടീമിന്റെ വിജയത്തിലേക്ക് വഴിതുറന്നത് സമൂഹമാധ്യമങ്ങളിലും പ്രധാന ചർച്ചയായിരുന്നു.

മത്സരത്തിൽ ഡൽഹി ബാറ്റു ചെയ്യുമ്പോൾ ഇംപാക്ട് പ്ലെയറായ കാൺ ശർമയ്‌ക്കായി വഴിമാറി ഡഗ്ഔട്ടിലായിരുന്നു രോഹിത്. 13–ാം ഓവറിൽ പന്തു മാറ്റാനുള്ള മുംബൈ ഇന്ത്യൻസിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടതോടെ, സ്പിന്നർമാരെ ബോളിങ്ങിന് നിയോഗിക്കാൻ രോഹിത് ഡഗ്ഔട്ടിലിരുന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് നിർദ്ദേശം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെയാണ്, രോഹിത്തിന്റെ ഈ ആശയം പരിശീലകനായ മഹേള ജയവർധന ആദ്യം ചെവിക്കൊണ്ടിരുന്നില്ലെന്ന ഹർഭജന്റെ വിമർശനം.

English Summary:

Harbhajan Singh Slams Mahela Jayawardene for Ignoring Rohit Sharma's Winning Strategy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com