ഡൽഹിയിൽ ഒരു ‘ചൈനാമാൻ കൂടിക്കാഴ്ച’; വിഘ്നേഷിനെ ചേർത്തുപിടിച്ച് കുൽദീപ്, ‘ഡൽഹിയിലെ ചേട്ടനെ’ന്ന് മുംബൈയുടെ പോസ്റ്റ്– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കഴിഞ്ഞ ദിവസം നടന്ന ഡൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ ശ്രദ്ധ നേടി ഒരു ‘ചൈനാമാൻ കൂടിക്കാഴ്ച’. ഇന്ത്യയിൽ നിലവിലുള്ള ചൈനാമാൻ ബോളർമാരിൽ ശ്രദ്ധേയനായ ലക്നൗ താരം കുൽദീപ് യാദവും, യുവ ചൈനാമാൻ ബോളർമാരിൽ ഇത്തവണ ശ്രദ്ധ കവർന്ന മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം വിഘ്നേഷ് പുത്തൂരുമാണ് മത്സരത്തിനിെട കണ്ടുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘വിഘ്നേഷ് പുത്തൂർ ഡൽഹിയിൽ നിന്നുള്ള ചേട്ടനൊപ്പം’ എന്ന ക്യാപ്ഷൻ സഹിതം മുംബൈ ഇന്ത്യൻസാണ് വിഡിയോ പങ്കുവച്ചത്.
കുൽദീപ് യാദവ് വിഘ്നേഷിനെ ചേർത്തുപിടിച്ച് സംസാരിക്കുന്ന വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചത് അഞ്ചര ലക്ഷത്തിലധികം ലൈക്കുകളാണ്. കുൽദീപ് വിഘ്നേഷിനെ കാണുന്ന മാത്രയിൽ ആലിംഗനം ചെയ്യുന്നതും തുടർന്ന് ഗൗരവത്തോടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
വലംകയ്യൻ സ്പിന്നറുടെ ലെഗ് ബ്രേക്ക് ബോളിങ്ങിന്റെ പ്രതിബിംബം എന്നു വിളിക്കാവുന്ന ശൈലിയാണ് ചൈനാമാൻ ബോളിങ്. പതിവുശൈലി ആക്ഷനിൽനിന്നു മാറിയുള്ള ഇടംകൈ സ്പിൻ ബോളിങ് ആണിത്. പന്ത് കറക്കാൻ വിരലുകൾക്കു പകരം കൈക്കുഴ ഉപയോഗിക്കുന്നതാണ് പ്രത്യേകത. പന്ത് ബാറ്റ്സ്മാന്റെ ഇടതുഭാഗത്തു പിച്ച് ചെയ്ത ശേഷം വലതുഭാഗത്തേക്ക് കറങ്ങും. പന്തിന്റെ ദിശ വലംകയ്യൻ സ്പിൻ ബോളറുടേതിനു സമാനമായിരിക്കുമെങ്കിലും ടേൺ കൂടുതൽ ഉണ്ടാകും. അൽപം കൂടി മൂർച്ചയേറിയതാകും എന്നു ചുരുക്കം.
നിലവിൽ രാജ്യാന്തര ക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ചൈനാമാൻ ബോളർമാരിൽ ഒരാളാണ് കുൽദീപ് യാദവ് എങ്കിൽ, ചൈനാമാൻ ബോളിങ് ശൈലി എന്ന പ്രത്യേകത കൊണ്ട് കേരള ക്രിക്കറ്റ് ലീഗിൽനിന്ന് മുംബൈ ഇന്ത്യൻസ് കണ്ടെടുത്ത യുവതാരമാണ് വിഘ്നേഷ് പുത്തൂർ. ഇത്തവണ ഐപിഎലിലെ ആദ്യ മത്സരത്തിൽത്തന്നെ ഇംപാക്ട് പ്ലെയറായി മുംബൈ പരീക്ഷിച്ച വിഘ്നേഷ്, മൂന്നു വിക്കറ്റെടുത്താണ് കയ്യടി നേടിയത്. ഇതിനിടെയാണ് ഡൽഹി – മുംബൈ മത്സരത്തിനിടെ കുൽദീപും വിഘ്നേഷും കണ്ടുമുട്ടിയത്.
ഐപിഎൽ 18–ാം സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുന്ന കുൽദീപ്, അഞ്ച് മത്സരങ്ങളിൽനിന്ന് 10 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ നാലാമനാണ്. മുംബൈ നിരയിലെ പതിവുകാരനല്ലെങ്കിലും ഇതുവരെ നാലു കളികളിൽ അവസരം ലഭിച്ച വിഘ്നേഷും ആറു വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.