43 പന്തിൽ 101 റൺസെടുത്ത് ജയിപ്പിച്ച താരത്തിന് ടീമിന്റെ സമ്മാനം ഹെയർ ഡ്രൈയർ; പാക്കിസ്ഥാൻ സൂപ്പർ ലീഗിന് ‘ട്രോൾ’ – വിഡിയോ

Mail This Article
ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തകർപ്പൻ സെഞ്ചറിയുമായി കറാച്ചി കിങ്സിന് വിജയം സമ്മാനിച്ച ഇംഗ്ലിഷ് താരത്തിന് ടീമിന്റെ സമ്മാനം ഹെയർ ഡ്രൈയർ! മുൾട്ടാൻ സുൽത്താൻസിനെതിരായ മത്സരത്തിൽ 43 പന്തിൽ 14 ഫോറും നാലു സിക്സും സഹിതം 101 റൺസെടുത്ത ജയിംസ് വിൻസിനാണ് കറാച്ചി ടീം ഹെയർ ഡ്രൈയർ സമ്മാനമായി നൽകിയത് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ വ്യാപക ട്രോളഫുകളാണ് പ്രചരിക്കുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുൾട്ടാൻ സുൽത്താൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ മുഹമ്മദ് റിസ്‌വാന്റെ സെഞ്ചറിയും (63 പന്തിൽ പുറത്താകാതെ 105), കമ്രാൻ ഗുലം (19 പന്തിൽ 36), മൈക്കൽ ബ്രേസ്‌വെൽ (17 പന്തിൽ 44) എന്നിവരുടെ ഇന്നിങ്സുകളുമാണ് മുൾട്ടാന് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിൽ വൺഡൗണായി ക്രീസിലെത്തിയ ജയിംസ് വിൻസ്, 43 പന്തിൽ 14 ഫോറും നാലു സിക്സും സഹിതം 101 റൺസോടെ ടീമിന്റെ വിജയശിൽപിയായി. വിൻസ് പുറത്തായതിനു ശേഷം 37 പന്തിൽ 60 റൺസെടുത്ത ഖുഷ്ദിൽ ഷായാണ് കറാച്ചിയെ വിജയത്തിന് തൊട്ടരികിൽ എത്തിച്ചത്.
ഈ മത്സരത്തിനുശേഷം ചേർന്ന ടീം മീറ്റിങ്ങിലാണ്, കറാച്ചി കിങ്സ് അധികൃതർ ജയിസ് വിൻസിന് ഹെയർ ഡ്രൈയർ സമ്മാനമായി നൽകി ആദരിച്ചത്. മത്സരഫലം മാറ്റിമറിച്ച വിൻസിന്റെ ഇന്നിങ്സിന്, റിലയബിൾ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരമാണ് ടീം നൽകിയത്.
സെഞ്ചറിത്തിളക്കവുമായി ടീമിന് വിജയം സമ്മാനിച്ച താരത്തിന് ഹെയർ ഡ്രൈയർ സമ്മാനമായി നൽകിയതിനെ ‘ട്രോളി’ ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. അടുത്ത മത്സരത്തിൽ സെഞ്ചറി നേടിയാൽ ഷേവിങ് ജെല്ലോ ഷാംപുവോ ആയിരിക്കും സമ്മാനമെന്ന് ഒരു ആരാധകർ എക്സിൽ കുറിച്ചു.