‘അടി കിട്ടിയപ്പോൾ’ ബുമ്രയ്ക്കും സമനില തെറ്റി, കരുണുമായി ഉടക്ക്; ഒടുവിൽ ഇടപെട്ട് ക്യാപ്റ്റൻ പാണ്ഡ്യ, ദൃശ്യങ്ങൾ വൈറൽ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ തമ്മിലിടഞ്ഞ് സൂപ്പർതാരം ജസ്പ്രീത് ബുമ്രയും ഡൽഹിയുടെ മലയാളി താരം കരുൺ നായരും. ഡൽഹിയിലെ അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് ഇരുവരും നേർക്കുനേർ എത്തിയത്. ഈ മത്സരത്തിൽ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ കരുൺ ഒൻപതു പന്തിൽനിന്ന് രണ്ടു സിക്സും 3 ഫോറും സഹിതം 26 റൺസ് അടിച്ചുകൂട്ടിയിരുന്നു. രണ്ടു സിക്സും പിറന്നത് ഒരേ ഓവറിലായിരുന്നു. കളത്തിൽ പൊതുവെ ശാന്തനായ ബുമ്രയുടെ സമനില തെറ്റിച്ചത് പതിവില്ലാതെ കിട്ടിയ ഈ ‘അടി’യാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
മത്സരത്തിൽ ഇംപാക്ട് പ്ലെയറായി ഡൽഹി കളത്തിലിറക്കിയ കരുൺ, 40 പന്തിൽനിന്ന് 12 ഫോറും അഞ്ച് സിക്സും സഹിതം 89 റൺസാണ് അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്സിനിടെയാണ് കളത്തിൽവച്ച് കരുണും ബുമ്രയും നേർക്കുനേർ എത്തിയത്. ബുമ്ര എറിഞ്ഞ പന്തിൽ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ, കരുൺ അറിയാതെ താരത്തിന്റെ ദേഹത്ത് ചെറുതായി ഉരസി.
കളത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും, ‘അടി കിട്ടി വലഞ്ഞി’രുന്ന ബുമ്രയ്‌ക്ക് അത് ഒട്ടും രസിച്ചില്ല. ഉടൻതന്നെ കരുണിനോട് കയർത്ത് ബുമ്ര താരത്തിന്റെ അടുത്തേക്ക് എത്തി. ഇരുവരും തമ്മിൽ ശക്തമായ വാക്പോരും നടന്നു. കുപിതനായ ബുമ്രയോട് അതേ നാണയത്തിൽ തിരിച്ചടിച്ചായിരുന്നു കരുണിന്റെ പ്രതികരണം.
ഇതോടെ അംപയർമാരും മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയും പ്രശ്നത്തിൽ ഇടപെട്ടു. എന്താണ് സംഭവിച്ചതെന്ന് കരുൺ പാണ്ഡ്യയോട് വിശദീകരിക്കുന്നതും അദ്ദേഹം കരുണിന്റെ തോളിൽത്തട്ടി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ബുമ്രയോടും കാര്യം വിശദീകരിക്കാൻ കരുൺ ശ്രമിച്ചെങ്കിലും, ബുമ്ര കേൾക്കാൻ കൂട്ടാക്കാതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, കരുൺ – ബുമ്ര വാക്പോരിനിടെ മുംബൈയുടെ വെറ്ററൻ താരം രോഹിത് ശർമയുടെ രസകരകമായ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വൈറലായി.