ആ കുറിപ്പ് ഹെഡ് പറഞ്ഞതുപോലെ 6 മത്സരങ്ങളായി പോക്കറ്റിലിട്ട് നടന്നതല്ല; എഴുതിയത് മത്സരദിവസം രാവിലെയെന്ന് അഭിഷേക്– വിഡിയോ

Mail This Article
‘‘കരിയറിൽ 869 മത്സരങ്ങൾ ഞാൻ ജയിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ജയിച്ചത് മത്സരദിവസം കോർട്ടിലിറങ്ങും മുൻപുള്ള കുളിയുടെ നേരത്താണ്. എന്റെ മനസ്സിനെ ഞാൻ വിജയം സ്വപ്നം കാണാൻ പഠിപ്പിക്കുന്നത് അപ്പോഴാണ്...’’– ‘ഓപ്പൺ’ എന്ന ആത്മകഥയിൽ യുഎസ് ടെന്നിസ് താരം ആന്ദ്രെ ആഗസി ഇങ്ങനെ പറയുന്നുണ്ട്. ലോകോത്തര അത്‌ലീറ്റുകളെല്ലാം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന ഒരു ശീലത്തെയാണ് ആഗസി വാക്കുകളിലൂടെ വെളിപ്പെടുത്തിയത്– അവർ വിജയത്തെ വിഷ്വലൈസ് ചെയ്യുന്നു; മൈതാനത്തു ജയിക്കും മുൻപ് മനസ്സിൽ ജയിക്കുന്നു!
സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയും അതു തന്നെയാണ് ചെയ്തത്. ശനിയാഴ്ച രാത്രി പഞ്ചാബ് കിങ്സ് ബോളർമാരെ അടിച്ചു പറത്തി ഐപിഎലിൽ അത്യുജ്വല സെഞ്ചറി (55 പന്തിൽ 141 റൺസ്) കുറിച്ചതിനു ശേഷം അഭിഷേക് തന്റെ പോക്കറ്റിൽ നിന്നൊരു കുറിപ്പെടുത്ത് ഉയർത്തിക്കാട്ടി. അതിലെഴുതിയിരുന്നത് ഇങ്ങനെ– This one is for orange army. തുടർതോൽവികളുടെ ഇരുട്ടു പിന്നിട്ട് ടീം സൂര്യോദയത്തിലേക്ക് ഉണരും എന്നു വിശ്വസിച്ചു നിന്ന ആരാധകർക്കുള്ളതായിരുന്നു ആ കുറിപ്പ്.
അഭിഷേക് ഈ കുറിപ്പ് എഴുതിയത് എപ്പോഴാണ്? ഇന്നു തന്റെ ദിനമാണെന്ന് അദ്ദേഹം മനസ്സിൽ കുറിച്ചിട്ട നിമിഷം ഏതാണ്? അഭിഷേക് തന്നെ അതു വെളിപ്പെടുത്തുന്നു:
‘‘മത്സരദിവസം രാവിലെ മാത്രമാണ് ഞാൻ അതു കുറിച്ചത്. എല്ലാ ദിവസവും ഉറക്കമെണീക്കുമ്പോൾ എന്തെങ്കിലും കുത്തിക്കുറിക്കുന്ന ശീലം എനിക്കുണ്ട്. ശനിയാഴ്ച രാവിലെ എഴുന്നേറ്റപ്പോൾ മുതൽ എന്റെ മനസ്സു പറഞ്ഞു തുടങ്ങി– ‘ഇന്നു നിന്റെ ദിവസമാണ്’. എങ്കിലത് ആരാധകർക്കു വേണ്ടിയാവണം എന്ന തോന്നലും പിന്നാലെ മനസ്സിലെത്തി. ആ ചിന്തയിൽ നിന്നാണ് ആ കുറിപ്പിന്റെ പിറവി’– ഇരുപത്തിനാലുകാരൻ അഭിഷേക് പറഞ്ഞു.
സെഞ്ചറി തികച്ചതിനു പിന്നാലെ അഭിഷേക് കടലാസ് ഉയർത്തിക്കാട്ടിയപ്പോൾ ഓടിയെത്തി അതു വാങ്ങി വായിച്ചു നോക്കിയ ആൾ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. വെടിക്കെട്ടിനു പുതിയ ‘മാനം’ തീർത്ത ഇന്നിങ്സിനു വിരാമമിട്ട് അഭിഷേകിനെ പുറത്താക്കിയ അർഷ്ദീപ് സിങ് ആദ്യം കെട്ടിപ്പിടിച്ചത് അഭിഷേകിനെത്തന്നെയാണ്. പഞ്ചാബ് കിങ്സ് ടീം ഉടമ പ്രീതി സിന്റ ഉൾപ്പെടെ ഗാലറിയിൽ എഴുന്നേറ്റുനിന്നാണ് അഭിഷേകിനെ പവലിയനിലേക്കു യാത്രയാക്കിയത്. സ്വന്തം ടീമിന്റെ തോൽവിയുടെ വേദന ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായൊരു ഇന്നിങ്സിന് സാക്ഷികളായതിന്റെ ആനന്ദത്തിൽ അവർ മറന്നു പോയി!
മത്സരത്തിനു മുൻപുള്ള ആറു ദിവസത്തെ ഇടവേള മാനസികമായി കരുത്തു വീണ്ടെടുക്കാൻ തനിക്കു തുണയായെങ്കിലും ശാരീരികമായി താൻ ക്ഷീണിതനായിരുന്നെന്ന് അഭിഷേക് പറഞ്ഞു.
‘‘വിട്ടുമാറാത്ത പനി ഈ ദിവസങ്ങളിലെല്ലാം എന്നെ അലട്ടി. അതോടൊപ്പം ടീമിനു വേണ്ടി ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന നിരാശയും..’’ എന്നാൽ മാർഗദർശിയായ മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിങ് മുതൽ ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വരെയുള്ളവർ തനിക്കു ധൈര്യം പകർന്നെന്ന് അഭിഷേകിന്റെ വാക്കുകൾ.
‘‘അവർ എന്നെ ഇടയ്ക്കിടെ വിളിച്ചു കൊണ്ടിരുന്നു. അതോടെ ഞാൻ വീണ്ടും എന്നെ വിശ്വസിച്ചു തുടങ്ങി..’’