ചെന്നൈ സൂപ്പർ കിങ്സിൽ ഭിന്നത രൂക്ഷമെന്ന് അഭ്യൂഹം; ഗെയ്ക്വാദ് ധോണിയെ അൺഫോളോ ചെയ്തെന്നും വ്യാപക പ്രചാരണം

Mail This Article
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ദയനീയ പ്രകടനവുമായി അവസാന സ്ഥാനത്തേക്ക് വീണതിനു പിന്നാലെ, ചെന്നൈ സൂപ്പർ കിങ്സിൽ ആഭ്യന്തര കലഹം രൂക്ഷമെന്ന് വ്യാപക പ്രചാരണം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് പരുക്കേറ്റ് പുറത്തായതിനു പിന്നാലെ വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി നായകസ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ്, ടീമിലെ പടലപ്പിണക്കത്തെക്കുറിച്ച് പ്രചാരണം നടക്കുന്നത്. ഫോമിലല്ലാത്ത ഗെയ്ക്‌വാദിനെ നിർബന്ധിച്ച് പുറത്താക്കിയതാണെന്നും, ഇതിനു പിന്നാലെ ഗെയ്‌ക്‌വാദ് ധോണിയെ ‘അൺഫോളോ’ െചയ്തതായുമാണ് പ്രചാരണം.
ധോണിയെ നിലവിൽ ഋതുരാജ് ഗെയ്ക്‌വാദ് ഫോളോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് ഇത്തരമൊരു പ്രചാരണം. അതേസമയം, ഗെയ്ക്‌വാദ് മുൻപ് ധോണിയെ ഫോളോ ചെയ്തിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിനിടെ, ഗെയ്ക്‌വാദ് പരുക്കേറ്റ് പുറത്തായെന്ന റിപ്പോർട്ടിനു പിന്നാലെ താരം ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ചെന്നൈ ടീമിലെ സഹതാരങ്ങൾക്കൊപ്പം ഗെയ്ക്‌വാദ് ഫുട്ബോൾ കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരുക്കേറ്റ ഒരു താരം എങ്ങനെയാണ് ഇത്തരത്തിൽ ഫുട്ബോൾ കളിക്കുക എന്ന ചോദ്യവുമായി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ഉൾപ്പെടെ രംഗത്തെത്തി.
കൈമുട്ടിനു പരുക്കേറ്റ ഋതുരാജിന് സീസണിലെ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാകുമെന്നും ധോണി ടീമിന്റെ ക്യാപ്റ്റനാകുമെന്നും ചെന്നൈ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. മാർച്ച് 30ന് രാജസ്ഥാനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെ പന്ത് കൈമുട്ടിൽകൊണ്ടാണ് ഋതുരാജിന് പരുക്കേറ്റത്. തുടർന്നുള്ള 2 മത്സരങ്ങളിലും കളിച്ചതോടെ പരുക്ക് ഗുരുതരമായെന്നായിരുന്നു അറിയിപ്പ്.