ഇന്ത്യൻ പ്രിമിയർ ലീഗിനിടെ തമ്മിലിടഞ്ഞ് ഓസീസ് താരങ്ങൾ; മാക്സ്‌വെലും ഹെഡും നേർക്കുനേർ, ഇടപെട്ട് സ്റ്റോയ്നിസ്– വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദ് – പഞ്ചാബ് കിങ്സ് മത്സരത്തിനിടെ തമ്മിലിടഞ്ഞ് ഓസീസ് താരങ്ങൾ. സൺറൈസേഴ്സ് താരം ട്രാവിസ് ഹെഡും പഞ്ചാബ് താരം ഗ്ലെൻ മാക്സ്‌വെലുമാണ് നേർക്കുനേർ എത്തിയത്. ഇവർക്കിടയിലേക്ക് പഞ്ചാബിന്റെ മറ്റൊരു ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസ് കൂടി എത്തിയതോടെ പോരിന് കൂടുതൽ ‘ഓസീസ് നിറം’ ലഭിച്ചു. ഒടുവിൽ അംപയർ ഇടപെട്ടാണ് രംഗം ശാന്തമാക്കി താരങ്ങളെ പിരിച്ചുവിട്ടത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 245 റൺസാണ്. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ് അഭിഷേക് ശർമയുടെ സെഞ്ചറിക്കരുത്തിൽ ഒൻപതു പന്തു ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു.
മത്സരത്തിൽ സൺറൈസേഴ്സിന്റെ ചേസിങ്ങിനിടെ, ഒൻപതാം ഓവറിലാണ് മാക്സ്‌വെലും ട്രാവിസ് ഹെഡും നേർക്കുനേർ വന്നത്. ഈ ഓവറിൽ മാക്സ്‌വെലിനെതിരെ ഹെഡ് തുടർച്ചയായി രണ്ടു സിക്സറുകൾ നേടിയിരുന്നു. അടുത്ത പന്ത് മാക്സ്‌വെൽ വേഗം കൂട്ടിയെറിഞ്ഞതോടെ, ഹെഡിന് റൺസ് നേടാനായില്ല.
ഇതിനു പിന്നാലെ മാക്‌സ്‌വെൽ എന്തോ പറഞ്ഞതോടെ ട്രാവിസ് ഹെഡ് തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള വാക്‌പോരിന് ഇടയിലേക്ക് ഓടിയെത്തിയ മറ്റൊരു ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസിനോടും ഹെഡ് അതൃപ്തി അറിയിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതോടെ അംപയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എല്ലാം വെറും തമാശ മാത്രമാണെന്ന് മത്സരശേഷം മൂവരും പ്രതികരിച്ചു.