‘അടിച്ചു തകർത്തതും പോരാതെ ഇവൻ എന്താണീ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?’: അഭിഷേകിന്റെ കുറിപ്പ് വാങ്ങി പരിശോധിച്ച് അയ്യർ– വിഡിയോ

Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തകർത്തടിച്ച് സെഞ്ചറി നേടിയതിനു പിന്നാലെ, സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് വാങ്ങി പരിശോധിക്കുന്ന പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പഞ്ചാബ് കിങ്സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിനായി, 40 പന്തിൽ 11 ഫോറും 6 സിക്സും സഹിതമാണ് താരം അഭിഷേക് സെഞ്ചറി പൂർത്തിയാക്കിയത്. ഇതിനു പിന്നാലെയാണ് പോക്കറ്റിൽനിന്ന് ഒരു കുറിപ്പെടുത്ത് അഭിഷേക് ഉയർത്തിക്കാട്ടിയത്.
സെഞ്ചറി നേടിയ അഭിഷേകിനെ അഭിനന്ദിക്കാനായി അടുത്തെത്തിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ, ഇതിനിടെ ആ കുറിപ്പു കയ്യിൽ വാങ്ങി വായിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ‘ഈ ഇന്നിങ്സ് ഓറഞ്ച് ആർമിക്കുവേണ്ടി’ എന്ന് ഇംഗ്ലിഷിലെഴുതിയ ചെറിയൊരു കുറിപ്പാണ് സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയത്. കഴിഞ്ഞ ആറു മത്സരങ്ങളായി അഭിഷേക് ഈ കുറിപ്പ് പോക്കറ്റിലിട്ട് നടക്കുകയാണെന്നും, ഇപ്പോഴെങ്കിലും വെളിച്ചം കണ്ടതിൽ സന്തോഷമെന്നും പ്രതികരിച്ച് താരത്തിന്റെ സഹ ഓപ്പണർ ട്രാവിസ് ഹെഡും രംഗത്തെത്തിയിരുന്നു.
മത്സരത്തിനുശേഷം അഭിഷേകിന്റെ ഇന്നിങ്സിനെ ശ്രേയസ് അയ്യർ പുകഴ്ത്തി. ‘‘സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ നേടിയത് വലിയൊരു സ്കോറാണെന്നാണ് ഞാൻ കരുതിയത്. എന്നിട്ടും അവർ അത് 2 ഓവർ ബാക്കിനിൽക്കെ മറികടന്നത് കണ്ടിട്ട് ചിരിയടക്കാനാകുന്നില്ല. ഞങ്ങൾ ഒന്നുരണ്ട് ക്യാച്ചുകള് നഷ്ടമാക്കി. എന്തായാലും അഭിഷേകിന് ഭാഗ്യമുണ്ട്. ആ ഇന്നിങ്സ് ഉജ്വലമായിരുന്നു. ഹെഡുമൊത്തുള്ള കൂട്ടുകെട്ടും തകർത്തു. അവർ ഞങ്ങൾക്ക് കാര്യമായ അവസരങ്ങളൊന്നും തന്നില്ല. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് അഭിഷേകിന്റേത്’ – അയ്യരുടെ വാക്കുകൾ.
∙ തകർത്തടിച്ച് അഭിഷേകും ഹെഡും
എവിടെയെറിഞ്ഞാലും, എങ്ങനെയെറിഞ്ഞാലും ബൗണ്ടറിയെന്ന നയവുമായി ക്രീസിൽനിന്ന അഭിഷേകും ട്രാവിസ് ഹെഡും ആഞ്ഞടിച്ചതോടെ ആകാശ വിസ്മയം കാണുന്ന കുട്ടികളെപ്പോലെ, പഞ്ചാബ് ഫീൽഡർമാരെ ഗ്രൗണ്ടിൽ നിസ്സഹായരാക്കിയാണ് സൺറൈസേഴ്സ് ജയിച്ചുകയറിയത്. 55 പന്തിൽ 14 ഫോറും 10 പടുകൂറ്റൻ സിക്സറുകളും സഹിതം 141 റൺസെടുത്താണ് അഭിഷേക് പുറത്തായത്. ആദ്യ ഓവറിൽ അർഷ്‍ദീപിനെതിരെ 2 ഫോർ നേടിയ ഹെഡാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തൊട്ടടുത്ത ഓവറിൽ മാർക്കോ യാൻസനെ 4 തവണ ബൗണ്ടറി കടത്തി അഭിഷേകും ഫോമിലായി. കഴിഞ്ഞ 4 മത്സരങ്ങളിലും 15 റൺസിന് അപ്പുറത്തേക്ക് പോകാത്ത ഓപ്പണിങ് കൂട്ടുകെട്ടിന്റെ താണ്ഡവമായിരുന്നു പിന്നീടങ്ങോട്ട്.
പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 83 റൺസ് നേടിയ ഓപ്പണർമാർ 10 ഓവറിൽ 143 റൺസിലെത്തിയതോടെ പഞ്ചാബ് ക്യാംപ് കടുത്ത നിരാശയിലായി. മാനസികമായി തകർന്ന ഫീൽഡർമാർ ക്യാച്ചുകൾ കൈവിട്ട് പലതവണ അഭിഷേകിനെ സഹായിച്ചു. 18 പന്തിൽ അർധ സെഞ്ചറി നേടിയ അഭിഷേക് 40 പന്തിൽ തന്റെ കന്നി സെഞ്ചറിയും തികച്ചു. 14 ഫോറും 10 സിക്സും ഉൾപ്പെടുന്ന ഉജ്വല ഇന്നിങ്സിനൊടുവിൽ 17–ാം ഓവറിൽ അഭിഷേക് പുറത്താകുമ്പോൾ 22 പന്തിൽ 24 റൺസ് എന്ന സേഫ് സോണിലേക്ക് ഹൈദരാബാദിന്റെ ലക്ഷ്യം ചുരുങ്ങിയിരുന്നു. ഒടുവിൽ 9 പന്തുകളും 8 വിക്കറ്റും ബാക്കിയാക്ക് ഇവർ വിജയത്തിലെത്തി.