‘ചെക്കൻ മലപ്പുറംകാരനാണ്’: വിഘ്നേഷിന്റെ ഫുട്ബോൾ ‘സ്കിൽസി’ൽ കണ്ണുതള്ളി പാണ്ഡ്യ, സ്വാഗതം ചെയ്ത് ബ്ലാസ്റ്റേഴ്സ് – വിഡിയോ

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ആദ്യ മത്സരം കൊണ്ടുതന്നെ ശ്രദ്ധാകേന്ദ്രമാറിയ മലയാളിയായ യുവതാരം വിഘ്നേഷ് പുത്തൂരിനെ ഫുട്ബോളിന്റെ ലോകത്തേക്ക് ‘സ്വാഗതം ചെയ്ത്’ ഇന്ത്യൻ സൂപ്പർ ലീഗും (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സും! വിഘ്നേഷ് പുത്തൂരിന്റെ ടീമായ മുംബൈ ഇന്ത്യൻസ്, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച താരത്തിന്റെ ഫുട്ബോൾ ‘സ്കിൽസ്’ കണ്ടാണ്, ഇരുകൂട്ടരും താരത്തെ ഫുട്ബോളിലേക്ക് സ്വാഗതം ചെയ്തത്. വിഘ്നേഷിന്റെ ഷോട്ട് കണ്ട് കണ്ണുതള്ളി നിൽക്കുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കൂടിയായ ഹാർദിക് പാണ്ഡ്യയേയും വിഡിയോയിൽ കാണാം.
‘മോനെ വിഗി... ചെക്കൻ ഒരേ പൊളി’ എന്ന മലയാളം ക്യാപ്ഷൻ സഹിതമാണ് മുംബൈ ഇന്ത്യൻസ് വിഘ്നേഷ് പുത്തൂരിന്റെ വിഡിയോ പങ്കുവച്ചത്. ഡഗ്ഔട്ടിന്റെ മേൽക്കൂരയിലേക്ക് വിഘ്നേഷ് കൃത്യമായി ഷോട്ട് പായിക്കുന്നതാണ് വിഡിയോയിലുള്ളത്. തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോ അനുസ്മരിപ്പിക്കുന്ന താരത്തിന്റെ ആഹ്ലാദപ്രകടനവുമുണ്ട്.
‘‘അടുത്ത ഐഎസ്എൽ ട്രാൻസ്ഫർ വിൻഡോയിൽ ഇതാ ഒരു പുതിയ താരം’ എന്നായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിൽനിന്ന് മുംബൈ ഇന്ത്യൻസിന്റെ വിഡിയോയ്ക്ക് താഴെ വന്ന കമന്റ്.
‘‘സ്വാഗതം വിഘ്നേഷ്’ എന്ന് മംഗ്ലീഷിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക അക്കൗണ്ടിൽനിന്നുള്ള കമന്റ്. ഈ കമന്റിന് 34,000ൽ അധികം ലൈക്കാണ് ലഭിച്ചത്.
‘കൂടുതൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ചെക്കൻ മലപ്പുറംകാരനാണ്’ എന്ന കമന്റുകളും ധാരാളമുണ്ട്. ഫുട്ബോൾ പ്രേമികളുടെ നാടായ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ് വിഘ്നേഷ്.
കഴിഞ്ഞ ദിവസം റയൽ മഡ്രിഡിനെതിരെ ചാംപ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ഫ്രീകിക്കിൽനിന്ന് ഇരട്ടഗോൾ നേടി തിളങ്ങിയ ഇംഗ്ലിഷ് ക്ലബ് ആർസനലിന്റെ ഡെക്ലാൻ റൈസിനെ ഓർമിപ്പിച്ച്, ‘ഡെക്ലാൻ പുത്തൂർ’ എന്നായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലിഷ് താരം റീസ് ടോപ്‌ലിയുടെ കമന്റ്. ഏഴായിരത്തിലധികം പേരാണ് ഈ കമന്റ് ലൈക്ക് ചെയ്തത്.
ഐപിഎലിൽ ഇന്ന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നതിനു മുന്നോടിയായി, പരിശീലന വേളയിൽ പകർത്തിയതാണ് ഈ വൈറൽ വിഡിയോ. ഇന്നു രാത്രി 7.30നാണ് മുംബൈ – ഡൽഹി മത്സരം. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി. അഞ്ച് കളികളിൽനിന്ന് ഒരേയൊരു ജയം മാത്രം സ്വന്തമായുള്ള മുംബൈ, ഒൻപതാം സ്ഥാനത്താണ്.