ഇനി സ്പിൻ മതിയെന്ന് ഡഗ്ഔട്ടിലിരുന്ന് പാണ്ഡ്യയ്ക്ക് രോഹിത്തിന്റെ ആംഗ്യത്തിലുള്ള നിർദ്ദേശം; കളി തിരിച്ച ‘വൈറൽ’ ഇടപെടൽ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ജയസാധ്യതകൾ മാറിമറിഞ്ഞ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് ജയിച്ചുകയറിയതിനു പിന്നാലെ, മുംബൈ വിജയത്തിൽ ‘ക്യാപ്റ്റൻ’ രോഹിത് ശർമയുടെ ഇടപെടൽ തെളിയിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നിലവിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണെങ്കിലും, ഡഗ്ഔട്ടിലിരുന്ന് രോഹിത് നൽകിയ നിർണായക നിർദ്ദേശം ടീമിന്റെ വിജയത്തിലേക്ക് വഴിതുറന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ഇതിന്റെ ദൃശ്യങ്ങൾ മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലും പങ്കുവച്ചതോടെ, രോഹിത്തിന് സമൂഹമാധ്യമങ്ങളിൽ കയ്യടികൾ ഉയരുകയാണ്.
മത്സരത്തിൽ മുംബൈ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസ്, ഒരു ഘട്ടത്തിൽ 13 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിലായിരുന്നു. ആറു വിക്കറ്റ് കയ്യിലിരിക്കെ 42 പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 61 റൺസ് മാത്രം. ഈ ഘട്ടത്തിൽ പന്തു മാറ്റാനുള്ള മുംബൈ ഇന്ത്യൻസിന്റെ അപേക്ഷ അംപയർമാർ അംഗീകരിച്ചതോടെ, പിന്നീട് കളത്തിൽ കണ്ടത് തികച്ചും നാടകീയമായ സംഭവ വികാസങ്ങളാണ്. ഒടുവിൽ വിജയമുറപ്പിച്ചു പൊരുതിയ ഡൽഹിയെ ഞെട്ടിച്ച് മുംബൈ ഇന്ത്യൻസ് 12 റൺസിന്റെ നാടകീയ വിജയവും പിടിച്ചെടുത്തു. രാത്രി മത്സരങ്ങളിൽ 10 ഓവറിനു ശേഷം പന്തു മാറ്റാമെന്ന ആനുകൂല്യമാണ് ഇവിടെ മുംബൈ ഉപയോഗപ്പെടുത്തിയത്.
ഇതിനിടെയാണ്, അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കു നയിച്ച ചരിത്രമുള്ള രോഹിത് ശർമയുടെ ഇടപെടൽ ചർച്ചയായത്. മത്സരത്തിൽ ഡൽഹി ബാറ്റു ചെയ്യുമ്പോൾ ഇംപാക്ട് പ്ലെയറായ കാൺ ശർമയ്‌ക്കായി വഴിമാറി ഡഗ്ഔട്ടിലായിരുന്നു രോഹിത്. 13–ാം ഓവറിൽ പന്തു മാറ്റാനുള്ള മുംബൈ ഇന്ത്യൻസിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടതോടെ, സ്പിന്നർമാരെ ബോളിങ്ങിന് നിയോഗിക്കാൻ രോഹിത് ഡഗ്ഔട്ടിലിരുന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് നിർദ്ദേശം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനു മുന്നോടിയായി രോഹിത് മുംബൈയുടെ ബോളിങ് പരിശീലകൻ പരസ് മാംബ്രെ, മുഖ്യ പരിശീലകൻ മഹേള ജയവർധന എന്നിവരുമായി ഇക്കാര്യം ചർച്ച െചയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതോടെ 14–ാം ഓവറിൽ പ്രധാന സ്പിന്നറായ കാൺ ശർമയെ ഹാർദിക് പന്തേൽപ്പിച്ചു. മൂന്നാം പന്തിൽത്തന്നെ ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കി കാൺ ശർമ രോഹിത്തിന്റെ നിർദ്ദേശം ശരിവയ്ക്കുകയും ചെയ്തു. അടുത്ത വരവിൽ കെ.എൽ. രാഹുലിനെയും (13 പന്തിൽ 15) പുറത്താക്കി കാൺ ശർമ മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി. ഇതേ ഓവറിലെ അവസാന പന്തിൽ വിപ്രജ് നിഗം നൽകിയ ക്യാച്ച് കാൺ ശർമ തന്നെ കൈവിട്ടതോടെ താരത്തിന് നാലാം വിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം നഷ്ടമാകുകയും െചയ്തു.
നേരത്തെ, ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തിയ കരുൺ നായരുടെ (40 പന്തിൽ 89) അർധ സെഞ്ചറി മികവിലാണ് ഡൽഹി ശക്തമായി തിരിച്ചടിച്ചത്. 50 പന്തിൽ 71 റൺസായിരുന്നു കരുൺ പുറത്താകുമ്പോൾ ഡൽഹിയുടെ ലക്ഷ്യം. ഡൽഹിയുടെ ബാറ്റിങ് നിരയ്ക്കുമേൽ അതിനുശേഷം മുംബൈ ബോളർമാർ പിടിമുറുക്കി. അക്ഷർ പട്ടേലിനെ (9) ജസ്പ്രീത് ബുമ്ര വീഴ്ത്തിയ ശേഷമായിരുന്നു ട്രിസ്റ്റൻ സ്റ്റബ്സ് (1), കെ.എൽ.രാഹുൽ (15) എന്നിവരെ പുറത്താക്കിയ കാൺ ശർമയുടെ തിരിച്ചടി. 6 വിക്കറ്റ് നഷ്ടത്തിൽ 180 എന്ന നിലയിൽനിന്ന ഡൽഹിയാണ് അടുത്ത 13 റൺസിനിടെ അവസാന 4 വിക്കറ്റുകളും നഷ്ടപ്പെടുത്തിയത്. 19–ാം ഓവറിലെ നാലാം പന്തിൽ അശുതോഷ് ശർമയുടെ (14 പന്തിൽ 17) പുറത്താകലായിരുന്നു തുടർച്ചയായ 3 റണ്ണൗട്ടുകളിൽ ആദ്യത്തേത്.