‘തല മറന്ന്’ വിമർശിക്കരുത്; ഫിനിഷർ റോളിൽ തിളങ്ങി ധോണി, മാൻ ഓഫ് മാച്ച് പുരസ്കാരം നേടുന്ന പ്രായം കൂടിയ താരം– വിഡിയോ

Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ചെന്നൈ സൂപ്പർ കിങ്സ് വീഴ്ത്തിയതിനു പിന്നാലെ, റെക്കോർഡ് നേട്ടവുമായി ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയ നാൽപ്പത്തിമൂന്നുകാരനായ ധോണി, ഐപിഎലിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന പ്രായം കൂടിയ താരമായി. ഐപിഎലിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾക്കു നടുവിൽ നിൽക്കെയാണ്, ക്യാപ്റ്റനായി തിരിച്ചെത്തിയ രണ്ടാം മത്സരത്തിൽത്തന്നെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ധോണിയുടെ തകർപ്പൻ പ്രകടനം.
ലക്നൗവിനെതിരെ 11 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റൺസെടുത്ത് പഴയ ‘സൂപ്പർ ഫിനിഷറു’ടെ മിന്നലാട്ടങ്ങൾ പ്രകടമാക്കിയ ധോണി, വിക്കറ്റിനു പിന്നിൽ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും ഒരു തകർപ്പൻ റണ്ണൗട്ടുമായി തിളങ്ങി. ആദ്യം വിക്കറ്റ് കീപ്പറെന്ന നിലയിലും, പിന്നീട് ബാറ്ററെന്ന നിലയിലും ധോണി കാഴ്ചവച്ച പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായതോടെയാണ്, താരത്തിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നൽകിയത്.
2014ൽ 42 വർഷവും 209 ദിവസവും പ്രായമുള്ളപ്പോൾ രാജസ്ഥാൻ റോയൽസിനായി കൊൽക്കത്തയ്‌ക്കെതിരെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ പ്രവീൺ താംബെയുടെ റെക്കോർഡാണ്, 43 വർഷവും 283 ദിവസവും പ്രായമുള്ള ധോണി മറികടന്നത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 166 റൺസ്. മറുപടി ബാറ്റിങ്ങിൽ മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ചെന്നൈ വിജയത്തിലെത്തി. 11 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റൺസെടുത്ത ധോണിയുടെയും, 37 പന്തിൽ 43 റൺസുമായി ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്.
ഓപ്പണിങ് വിക്കറ്റിൽ 29 പന്തിൽ 52 റൺസടിച്ചു കൂട്ടിയ ചെന്നൈ ഓപ്പണർമാരായ ഷെയ്ഖ് റഷീദ് – രചിൻ രവീന്ദ്ര എന്നിവരാണ് ചെന്നൈ വിജയത്തിന് അടിത്തറയിട്ടത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും, പിരിയാത്ത ആറാം വിക്കറ്റിൽ 27 പന്തിൽ 57 റൺസടിച്ചുകൂട്ടിയാണ് ധോണി – ദുബെ സഖ്യം ചെന്നൈയെ വിജയത്തിലെത്തിച്ചത്.