പുതുതലമുറയ്ക്ക് നാടുവിടണം, വീടുവേണ്ട; കേരളത്തിലെ വീടുകളുടെ വലുപ്പം കുറയുന്നു; പക്ഷേ മലബാർ വേറെ ലെവൽ!

Mail This Article
കേരളത്തിലെ നിർമാണ മേഖലയെ കോവിഡിന് മുൻപും ശേഷവും എന്ന് എളുപ്പത്തിന് വേർതിരിക്കാം. കോവിഡിന് ശേഷം പൊതുവെ കേരളത്തിലെ വീടുകളുടെ വലുപ്പം കുറഞ്ഞുവരുന്നതായി നിരീക്ഷിക്കാനാകും.
നിർമാണസാമഗ്രികളുടെ വിലക്കയറ്റം, ആളുകൾ (വിശേഷിച്ച് മധ്യവർഗം) വീടുകളിൽ മുടക്കാൻ ഉദ്ദേശിക്കുന്ന തുക കുറച്ചത്, പെർമിറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ പോലെയുള്ള സർക്കാർ തലങ്ങളിലെ നൂലാമാലകൾ..ഇവയൊക്കെ കേരളത്തിലെ നിർമാണമേഖലയിൽ പ്രശ്ങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
മറ്റുള്ളവരുടെ ദുരനുഭവങ്ങൾ ഗുണപാഠങ്ങളാകുന്നു

ഒരുപാട് പണം വീട്ടിൽ മുടക്കുന്നത് ഡെഡ് ഇൻവെസ്റ്റ്‌മെന്റ് ആണെന്നുള്ള ചിന്ത, ഗൾഫ് ജോലികളുടെ അസ്ഥിരത, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് പലർക്കും മടങ്ങേണ്ടി വന്നത്, വലിയ വീടുവച്ച് പരിപാലനം തലവേദനയായവരുടെ അനുഭവങ്ങൾ..ഇവയെല്ലാം പുതുതായി വീട് വയ്ക്കുന്നവരുടെ കാഴ്ചപ്പാടിൽ നവീകരണം കൊണ്ടുവന്നിട്ടുണ്ട്.
പരമ്പരാഗതമായി കിട്ടിയ വീട് പൊളിച്ചുകളയാതെ നവീകരിക്കുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നുണ്ട്. പഴയ വീടുകൾ പലതും സ്ട്രക്ചർ നല്ല ഉറപ്പുള്ളതാകും. വൈകാരികതയും പഴമയും നിലനിർത്തുകയും ചെയ്യാം, അടിത്തറ മുതൽ പുതിയ വീട് പണിയാനുള്ള കാലതാമസവും ചെലവും ഒഴിവാക്കുകയും ചെയ്യാം എന്നതാണ് പുതുക്കിപ്പണിയൽ പലരും തിരഞ്ഞെടുക്കാൻ കാരണം.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വീടുപണിയുന്ന മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള ഭൂരിപക്ഷവും ചെറിയ വീടുകളാണ് ആഗ്രഹിക്കുന്നത്. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയതോടെ ഭർത്താവ്, ഭാര്യ ഒന്നോ രണ്ടോ മക്കൾ എന്നതിലേക്ക് കുടുംബം ചുരുങ്ങി, പ്രായമായ അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവർ നാട്ടിൽ തറവാട്ടിലാകും. 'ചെറിയ കുടുംബത്തിന് താമസിക്കാൻ ചെറിയ സ്ഥലം മതി' എന്ന തിരിച്ചറിവാണ് വീടുകളുടെ വലുപ്പം കുറയാൻ മറ്റൊരു കാരണം.
മലബാർ വേറെ ലെവൽ

വടക്കൻ കേരളത്തിൽ വിശേഷിച്ച് മലബാർ മേഖലയിൽ പൊതുവെ സ്ഥിതി മറ്റൊന്നാണ്. താരതമ്യേന കേരളത്തിലെ ഭവനനിർമാണ മേഖലയുടെ ഭൂരിഭാഗം നിക്ഷേപവും നടക്കുന്നത് മലബാർ മേഖലകളിലാണ്. കോവിഡ് സമയത്ത് മന്ദഗതിയിലായ നിർമാണമേഖല ഇപ്പോൾ വീണ്ടും സജീവമായി വരുന്നു. കേരളത്തിൽ ബിൽഡിങ്, ആർക്കിടെക്ട് സ്ഥാപനങ്ങൾ, നിർമാണസാമഗ്രികളുടെ കടകൾ എന്നിവ ഏറ്റവുമധികം സാന്ദ്രതയിൽ സ്ഥിതിചെയ്യുന്നത് ഒരുപക്ഷേ മലബാർ മേഖലയിലാകും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമുള്ള ബിൽഡർമാരും ആർക്കിടെക്ടുകളും പോലും മലബാർ മേഖലയിൽ ബ്രാഞ്ച് തുടങ്ങാൻ ശ്രമിക്കുന്നു.
എണ്ണായിരത്തിനും പതിനായിരത്തിനു മുകളിൽ സ്ക്വയർഫീറ്റുള്ള നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. കോടികളുടെ പുതിയ വമ്പൻ വീടുകൾ ഉയരുന്നുമുണ്ട്. ഗൾഫ്, ബിസിനസ് പണത്തിന്റെ ശക്തമായ സ്വാധീനം, കൂട്ടുകുടുംബം, വീട് സ്റ്റാറ്റസ് സിംബലും ജീവിതവിജയത്തിന്റെ അടയാളവുമായി കാണുന്ന മനഃസ്ഥിതി തുടങ്ങിയവ ഈ മേഖലയിലെ നിർമാണത്തെ സ്വാധീനിക്കുന്നുണ്ട്. 'താമസിക്കാനുള്ള ഇടം' എന്നതിലുപരി വീടിനെക്കുറിച്ച് ഏറ്റവുമധികം ഫാന്റസിയുള്ളത് ഈ മേഖലയിൽ ഉള്ളവ പണക്കാർക്കാകും. അതിനായി കോടികൾ ചെലവഴിക്കാനും അവർക്ക് മടിയില്ല.
പുതുതലമുറയ്ക്ക് വീടും വസ്തുവും ബാധ്യത
പുതുതലമുറയ്ക്ക് വിശേഷിച്ച് രണ്ടായിരത്തിനുശേഷം ജനിച്ച വലിയൊരു വിഭാഗത്തിനും നാട്ടിൽ വീട് പണിയാനോ വാങ്ങിക്കാനോ വലിയ താൽപര്യമില്ല എന്ന് നിർമാണമേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. ഇത് സമീപഭാവിയിൽ തങ്ങളുടെ തൊഴിലിനെ മോശമായി ബാധിക്കാമെന്ന് ഇവർ ആകുലപ്പെടുന്നു.
ഇനി ഭവനത്തിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്ക് സ്ഥലംവാങ്ങി, പ്ലാൻ വരച്ച്, കോൺട്രാക്റ്ററെ ഏൽപിച്ച്, വീടുപണിക്കായി തലപുകച്ച് ഓടിനടക്കാനൊന്നും താൽപര്യമില്ല, നഗരങ്ങളിൽ ഫ്ളാറ്റുകളിലേക്ക് ചേക്കേറാനാണ് പലർക്കും താൽപര്യം. പലർക്കും നാടിനോട് വലിയ മമതബന്ധവുമില്ല. പരമ്പരാഗതമായി കൈമാറിക്കിട്ടിയ നാട്ടിലെ സ്ഥലം പോലും തിരിഞ്ഞുനോക്കാതെ കാടുപിടിച്ചുകിടക്കുകയാണ് പലയിടത്തും.
തങ്ങളുടെ സ്വാതന്ത്ര്യത്തിൽ അനാവശ്യമായി കൈകടത്തുന്നവരിൽ നിന്നകന്ന് സ്വാതന്ത്ര്യമുള്ള എവിടെങ്കിലും താവളമുറപ്പിക്കാനാണ് ഭൂരിഭാഗത്തിനും താൽപര്യം. ഒന്നുകിൽ കൊച്ചി, ബെംഗളൂരു, ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ചേക്കേറണം. ഇനി ആവശ്യമെങ്കിൽ താമസിക്കാൻ മുൻതലമുറ പണിത വീടുണ്ടല്ലോ എന്ന കാഴ്ചപ്പാടാണ് ഭൂരിപക്ഷത്തിനും.
രത്‌നച്ചുരുക്കം
പല വൈരുധ്യങ്ങളുടെ സങ്കലനമാണ് കേരളത്തിലെ നിർമാണമേഖല. അതിസമ്പന്നൻ ആഡംബരവീടുകൾ പണിയുന്നു, ഫ്ലാറ്റുകൾ വാങ്ങിക്കൂട്ടുന്നു. മധ്യവർഗക്കാർ പരമാവധി സാമ്പത്തിക ബാധ്യത വരുത്താതെ വീടുപണിയാൻ ശ്രമിക്കുന്നു. സാധാരണക്കാർ നിർമാണമേഖലയിലെ വിലക്കയറ്റത്തിൽ നട്ടംതിരിയുന്നു.
പുതുതലമുറയിൽ ഭൂരിപക്ഷത്തിനും 'നാടുവിടണം, രക്ഷപ്പെടണം' എന്നതാണ് നയം. വീടും സ്ഥലവും സ്വർണവും വിറ്റും പണയംവച്ചും ഇവർ സ്വരുക്കൂട്ടുന്ന കോടികളാണ് ഓരോവർഷവും കേരളത്തിൽനിന്ന് വിദേശപഠനം, കുടിയേറ്റ സ്വപ്നങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് ഒഴുകുന്നത്. കേരളത്തിൽ വീടായും, കാറായും ബിസിനസ്സായും മറ്റും നിക്ഷേപിക്കപ്പെടേണ്ട പണമാണ്. കണ്ടറിയണം ഭാവിയിൽ എന്തുസംഭവിക്കുമെന്ന്...