കൃഷിമുറകൾ മനസിലാക്കാൻ സിസിടിവി; പ്രവാസി മലയാളികളുടെ വിഷുസദ്യയ്ക്ക് ബിജേഷിന്റെ പച്ചക്കറികൾ

Mail This Article
നാട്ടിലെ മലയാളിയേക്കാൾ നാടുവിട്ട മലയാളിയാണ് ഓണവും വിഷുവുമൊക്കെ ആസ്വദിച്ച് ആഘോഷിക്കുന്നതെന്നു പണ്ടേ പറയാറുണ്ട്. അവർക്കായി വിഷുക്കാലത്തു വിമാനം കയറിയ കണിവെള്ളരികൾ ബിജേഷിന്റെ തോട്ടത്തിൽനിന്നായിരുന്നു. കണിയൊരുക്കാനായി വെള്ളരിക്കൊപ്പം ചെറു മത്തങ്ങകളും നെയ്ക്കുമ്പളവുമൊക്കെ പോയതും ഇവിടെനിന്നുതന്നെ. വിഷുസദ്യയ്ക്കുള്ള നല്ല നാടൻ കുറ്റിപ്പയറും വെണ്ടയ്ക്കയും കണ്ണും മനസ്സും കുളിർപ്പിക്കുന്നതായിരുന്നു. വിഷുക്കാലത്തു മാത്രമല്ല, വർഷം മുഴുവൻ വിദേശത്തേക്കു പച്ചക്കറി കയറ്റി അയയ്ക്കുന്ന കർഷകനാണ് തൃശൂർ മാള കോട്ടവാതിലിലുള്ള പാട്ടത്തിപ്പറമ്പിൽ ബിജേഷ് കൃഷ്ണ.

വേണം വിഷമില്ലാപ്പച്ചക്കറി
ദീർഘകാലം വിദേശത്തു ജോലി ചെയ്ത ബിജേഷ് വീട്ടിൽ നിൽക്കാന്‍ നിര്‍ബന്ധിതനായാണ് 12 വർഷം മുൻപു മടങ്ങിയെത്തിയത്. പ്രവാസകാലത്ത് ദുബായിൽത്തന്നെയുള്ള സുഹൃത്തും ബന്ധുവുമായ പ്രവീൺ കോട്ടവാതിലുമായി ചേർന്ന് പ്രവാസി കൂട്ടായ്മകളില്‍ സജീവമായിരുന്നു ബിജേഷ്. പ്രവീണാകട്ടെ, ദുബായിൽ അടുക്കളത്തോട്ടക്കൃഷിയിൽ സജീവം. കീടനാശിനിയിൽ മുങ്ങിവരുന്ന മറുനാടൻ പച്ചക്കറികൾ നാട്ടിൽ മാത്രമല്ല, ഗൾഫിലും ആശങ്കയായിരുന്നു. നാട്ടിൽനിന്നു വരുന്ന പഴം–പച്ചക്കറികളിലെ കീട നീശിനിസാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്കകൊണ്ട് സ്വന്തമായി കൃഷി ചെയ്യുക മാത്രമല്ല, പരിചയക്കാർക്കൊക്കെ അടുക്കളത്തോട്ടം ഒരുക്കിക്കൊടുക്കുകയും ചെയ്തു പ്രവീൺ. നാട്ടിലേക്കു മടങ്ങുന്ന ബിജേഷിനു നാട്ടിൽനിന്ന് ജൈവ പച്ചക്കറികളും പഴങ്ങളും തേടിപ്പിടിച്ച് ഗൾഫിലേക്ക് അയയ്ക്കാനാകുമോയെന്ന അന്വേഷണം പ്രവാസിക്കൂട്ടായ്മകളിൽ വന്നു. നാട്ടിലെത്തിയതോടെ ബിജേഷ് അതിനു ശ്രമം തുടങ്ങി. ഒട്ടേറെ ഫാമുകൾ സന്ദർശിച്ചും കർഷകരുമായി ചർച്ച ചെയ്തും ജൈവ പച്ചക്കറികൾ കണ്ടെത്തി സംഭരിച്ച് അയച്ചു തുടങ്ങി. പ്രവാസി സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ലഭിക്കുന്ന ഓർഡർ പ്രകാരം പച്ചക്കറികൾ കിറ്റുകളാക്കി യുഎഇയിലെ മലയാളിവീടുകളിലെത്തിക്കുന്ന ചുമതല പ്രവീണും ഏറ്റെടുത്തു.

നേച്ചർ ബീറ്റ്സ്
ജൈവ സാക്ഷ്യപത്രത്തിനല്ല, ജൈവോൽപന്നം എന്ന വിശ്വാസ്യതയ്ക്കാണ് തുടക്കം മുതൽ ഊന്നലെന്ന് ഇരുവരും പറയുന്നു. ആ വിശ്വാസ്യത കൂടുതൽ സുതാര്യമാക്കുന്നതിനു വൈകാതെ മാളയിൽ ആറരയേക്കറിൽ ബിജേഷ് നേരിട്ടുതന്നെ കൃഷി തുടങ്ങി. കൃഷിമുറകൾ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രവാസി ഉപഭോക്താക്കൾക്കു കാണാനും അവസരമൊരുക്കി. ജൈവ പച്ചക്കറിക്കിറ്റുകളിലൂടെ യുഎഇ മലയാളികൾക്കിടയിലും അറബികൾക്കിടയിൽപ്പോലും പ്രിയം നേടിയ സംരംഭം 2 വർഷം മുൻപ് ഹോം ഡെലിവറിക്കൊപ്പം നേച്ചര്‍ ബീറ്റ്സ് എന്ന പേരിൽ ദുബായിൽ സ്വന്തം വിപണനശാലയ്ക്കും തുടക്കമിട്ടു. ഇന്ന് യുഎഇ മലയാളികളുടെ പ്രിയപ്പെട്ട പഴം–പച്ചക്കറിക്കടയാണ് നേച്ചർ ബീറ്റ്സ്.
വർഷം മുഴുവൻ കൃഷി
പരിചയക്കുറവുകൊണ്ട് തുടക്കത്തില്‍ ചില പാളിച്ചകൾ ഉണ്ടായെന്ന് ബിജേഷ്. ജൈവവളങ്ങൾ മാത്രം നൽകിയുള്ള കൃഷിയിലെ ഉൽപാദനക്കുറവായിരുന്നു മുഖ്യ പ്രശ്നം. മറ്റൊന്നു കളശല്യം. മൾച്ചിങ് ചെയ്തപ്പോള്‍ കളശല്യമൊഴിവായി. ഗുണമേന്മയുള്ള ജൈവവളങ്ങള്‍ കൃത്യതയോടെയും സൂക്ഷ്മതയോടെയും പ്രയോഗിച്ചപ്പോള്‍ ഉൽപാദനവും ഉയർന്നു. എല്ലായിനം പച്ചക്കറികളും വർഷം മുഴുവൻ കയറ്റുമതി ചെയ്യാവുന്ന വിധമാണ് കൃഷിക്രമം. ഒരിനം വൻതോതിൽ വിളയിക്കുന്നതിനു പകരം ഓരോ ഇനവും 5–10 സെന്റില്‍ വീതം ചെയ്ത് അതു തീരാറാകുമ്പോഴേക്കും അടുത്ത ബാച്ച് കൃഷി വിളവെടുപ്പിലെത്തുന്നു. വാഴക്കൃഷിയും അങ്ങനെ തന്നെ. ഇവിടെ വിളയിക്കാനാവാത്ത കാരറ്റും ബീറ്റ്റൂട്ടും മറ്റും വട്ടവടയിലെ ജൈവ കൃഷിയിടങ്ങളിൽനിന്നു വാങ്ങും. പച്ചക്കറികളും വാഴപ്പഴവും മാത്രമല്ല, നാട്ടിലെ പുരയിടങ്ങളിലൂടെ ചുറ്റിയടിച്ച് ഗുണമേന്മയുള്ള ചക്കയും മാങ്ങയും ആഞ്ഞിലിച്ചക്കയും ഞാവൽപ്പഴവും പോലെ വിദേശമലയാളി കൊതിക്കുന്ന നാട്ടിനങ്ങളെല്ലാം ശേഖരിച്ചു നല്‍കുന്നുണ്ട്.
ഫോൺ: 9539358787 (ബിജേഷ്), 000971558945601 (പ്രവീൺ)