‘21-ാം വയസ്സിൽ ആദ്യ കാർ ഇപ്പോൾ ബിഎംഡബ്ല്യു’; കഠിനാധ്വാനത്തിന്റെ ഫലമെന്ന് നടി ചൈതന്യ പ്രകാശ്

Mail This Article
ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് കണ്ട സ്വപ്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ഉറപ്പിക്കുകയാണ് നടി ചൈതന്യ പ്രകാശ്. പുതിയ ബി എം ഡബ്ള്യു എക്സ് 1 സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ചൈതന്യ പങ്കുവെച്ച കുറിപ്പിലാണ് തന്റെ വലിയൊരു കനവിന്റെ സാക്ഷാത്കാരമാണിതെന്നു കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ ബി എം ഡബ്‌ള്യുവിന്റെ ഷോറൂമിൽ നിന്നുമാണ് താരം വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. മനസിൽ ഞാനാണോ, ഗരുഡൻ, ഹയ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ചൈതന്യ.
‘നാലു ചക്രങ്ങളേക്കാളും ഒരു താക്കോലിനെക്കാളും ഏറെ വലുതാണ് ഈ നിമിഷം. ആരും കാണാതെ തുടച്ചു കളഞ്ഞ കണ്ണീരിന്റെയും നിശബ്ദമായ പരിശ്രമത്തിന്റെയും ഓരോ തവണയും എന്നെ തന്നെ മുന്നോട്ടുപോകാൻ പ്രചോദിപ്പിച്ചതിന്റെയും ഫലമാണ് ഈ ബി എം ഡബ്ള്യു എക്സ് 1’. ഹൃദയം നിറഞ്ഞ സന്തോഷത്തെ വാക്കുകളിലാക്കി ചൈതന്യ എഴുതിയ കുറിപ്പിന്റെ തുടക്കം ഇപ്രകാരമാണ്. ഇരുപത്തിയൊന്നാം വയസിലാണ് ഞാൻ ആദ്യമായി കാർ വാങ്ങുന്നത്. അത് കേവലം ഭാഗ്യമല്ല. സ്ഥിരമായ കഠിനാധ്വാനത്തിലൂടെയും ഉറച്ച വിശ്വാസത്തിന്റെയും മൃദുല ഹൃദയത്തിലെ കരുത്തിന്റെയും ഫലമാണിത് എന്നും കുറിച്ചിട്ടുണ്ട് താരം. ആ യാത്രയിൽ തനിക്കൊപ്പം നിന്നവരെയെല്ലാം നന്ദിയോടെ സ്മരിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
പല പ്രശസ്ത സിനിമാതാരങ്ങളുടെയും ഇഷ്ട വാഹനമായ ബി എം ഡബ്ള്യു എക്സ് 1 നു വില വരുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്. 1.5 ലീറ്റർ 3 സിലിൻഡർ പെട്രോൾ എൻജിൻ 136 ബി എച്ച് പി പവറും 230 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. 2.0 ലീറ്റർ 4 സിലിൻഡർ ഡീസൽ എൻജിനു 150 ബി എച്ച് പി പവറും 360 എൻ എം ടോർക്കും നൽകാൻ ശേഷിയുണ്ട്. പെട്രോൾ എൻജിനിൽ 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർ ബോക്സ് വരുമ്പോൾ ഡീസൽ എൻജിനിൽ 7 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ്.