ADVERTISEMENT

ഹൈന്ദവ വിശ്വാസികളായ തീര്‍ഥാടകര്‍ക്ക് ഏറെ പ്രധാനമാണ് ജമ്മു കശ്മീരിലെ അമര്‍നാഥ് ഗുഹയിലേക്കുള്ള തീര്‍ഥ യാത്ര. ഈ വര്‍ഷം ജൂലൈ മൂന്നു മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് അമര്‍നാഥ് ഗുഹയില്‍ പ്രത്യക്ഷപ്പെടുന്ന പ്രകൃതി നിര്‍മിത ശിവലിംഗ ദര്‍ശനത്തിനുള്ള യാത്രികര്‍ക്കായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് യാത്രികരാണ് കഠിനമായ കാലാവസ്ഥയും പ്രകൃതിയൊരുക്കുന്ന പ്രതിബന്ധങ്ങളും മറികടന്ന് ഓരോ വര്‍ഷവും യാത്രയ്ക്കെത്തുന്നത്. അമര്‍നാഥ് യാത്രയുടെ റജിസ്‌ട്രേഷനും മറ്റ് അനുബന്ധ വിശദാംശങ്ങളും അറിയാം.

amarnath-yatra-trails
അമർനാഥിലേക്കുള്ള യാത്ര. (ഫയൽ ചിത്രം)

റജിസ്‌ട്രേഷന്‍

2025ലെ അമര്‍നാഥ് യാത്രക്കുള്ള റജിസ്‌ട്രേഷന്‍ ഏപ്രില്‍ 14 മുതല്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രീ അമര്‍നാഥ്ജി ഷ്രൈന്‍ ബോര്‍ഡ്(SASB) വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ ഇന്ത്യയിലെ 540 ബാങ്ക് ബ്രാഞ്ചുകള്‍ വഴി ഓഫ്​ലൈനായോ റജിസ്‌ട്രേഷന്‍ നടത്താനാവും. അഞ്ചോ അതിലധികം പേരോ ഉണ്ടെങ്കില്‍ ഗ്രൂപ്പ് റജിസ്‌ട്രേഷനും അവസരമുണ്ട്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം അനുമതി നല്‍കും വിധത്തിലാണ് റജിസ്‌ട്രേഷന്‍ ക്രമീകരിച്ചിരിക്കുന്നത്.

അമര്‍നാഥ് യാത്രികരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡ്. ശ്രീനഗറില്‍ ഉടനീളം ഇത് കാണാം.
അമര്‍നാഥ് യാത്രികരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡ്.

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍

SASB ഒഫീഷ്യല്‍ വെബ് സൈറ്റിലെ ഓണ്‍ലൈന്‍ സര്‍വീസില്‍ ക്ലിക്കു ചെയ്യുക. ഇതില്‍ നിന്നും യാത്രാ പെര്‍മിറ്റ് റജിസ്‌ട്രേഷന്‍ തിരഞ്ഞെടുക്കണം. യാത്രികര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വായിച്ച ശേഷം എഗ്രീ ചെയ്യുകയും റജിസ്‌ട്രേഷ നടപടിയിലേക്കു കടക്കുകയും ചെയ്യുക. പേരും വിലാസവും ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന തീയതിയുമെല്ലാം നല്‍കണം. ഒപ്പം പാസ്‌പോര്‍ട്ട് ഫോട്ടോയും കംപല്‍സറി ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ(സിഎച്ച്‌സി) പകര്‍പ്പും അപ്‌ലോഡ് ചെയ്യണം.

Amarnath
അമർനാഥിലേക്കുള്ള യാത്രികർ. (ഫയൽ ചിത്രം)

റജിസ്‌ട്രേഡ് നമ്പറിലേക്ക് അയച്ച ഒടിപി വഴി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാം. രണ്ടു മണിക്കൂറിനുള്ളില്‍ അയച്ചു തരുന്ന പേമെന്റ് ലിങ്ക് വഴി റജിസ്‌ട്രേഷന്‍ ഫീസ് (ഏകദേശം 220 രൂപ) അടക്കാനാവും. പണം അടച്ചു കഴിഞ്ഞാല്‍ യാത്രാ റജിസ്‌ട്രേഷന്‍ പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും.

ഓഫ്‌ലൈന്‍ റജിസ്‌ട്രേഷന്‍

ഇനി ഓഫ്‌ലൈന്‍ റജിസ്‌ട്രേഷനാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ റജിസ്‌ട്രേഷന്‍ സെന്ററുകളായി ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്ക് ബ്രാഞ്ചുകള്‍ സന്ദര്‍ശിക്കേണ്ടി വരും. സാധാരണ യാത്രയുടെ മൂന്നു ദിവസം മുൻപ് വൈഷ്ണവി ധാം, പഞ്ചായത്ത് ഭവന്‍, മഹാജന്‍ ഹാള്‍ എന്നിവിടങ്ങളില്‍ നിന്നും ടോക്കന്‍ സ്ലിപ്പുകള്‍ നല്‍കും. ഇവിടെ നിന്നും യാത്രികര്‍ സരസ്വതി ധാമിലേക്കെത്തണം. അടുത്ത ദിവസം ഔദ്യോഗിക റജിസ്‌ട്രേഷന്‍ നടപടികളും വൈദ്യ പരിശോധനയും നടക്കും. ജമ്മുവിലെ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും ആര്‍എഫ്‌ഐഡി(റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) കാര്‍ഡുകള്‍ എടുക്കേണ്ടി വരും. എന്തെങ്കിലും കാരണവശാല്‍ യാത്രയ്ക്കിടെ യാത്രികര്‍ ഒറ്റപ്പെട്ടു പോയാല്‍ ഇവരെ എളുപ്പം കണ്ടെത്തുന്നതിന് ഈ കാര്‍ഡ് പ്രയോജനപ്പെടും.

അമര്‍നാഥ് യാത്രക്കെത്തുന്ന എല്ലാ യാത്രികര്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റ്(സിഎച്ച്‌സി) നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മല കയറുന്നതിനു വേണ്ട ശാരീരിക ആരോഗ്യം യാത്രികര്‍ക്കുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നത് ഈ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റാണ്. യാത്രികരുടെ പൊതു ആരോഗ്യ നിലയാണ് ഈ സര്‍ട്ടിഫിക്കറ്റിന്റെ ഭാഗമായി പരിശോധിക്കുക.

നിര്‍ബന്ധമായും വേണ്ട രേഖകള്‍

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, യാത്രാ പെര്‍മിറ്റ്, ആര്‍എഫ്‌ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആറ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവയാണ് നിര്‍ബന്ധമായും കൈവശം വയ്ക്കേണ്ടതും അധികൃതര്‍ക്ക് കൈമാറേണ്ടതുമായ രേഖകളും വിവരങ്ങളും.

യാത്രയ്ക്കിടെ ചെയ്യേണ്ട കാര്യങ്ങള്‍

യാത്രയ്ക്കു മുന്നോടിയായി ആര്‍എഫ്‌ഐഡി കാര്‍ഡുകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും വാങ്ങണം. യഥാര്‍ഥ ആധാര്‍കാര്‍ഡ് കൈവശം കരുതണം. സുരക്ഷ ഉറപ്പിക്കാനായി എപ്പോഴും ആര്‍എഫ്‌ഐഡി ടാഗ് ധരിക്കണം. പെട്ടെന്ന് കൊടും ശൈത്യത്തിലേക്ക് കാലാവസ്ഥ മാറാനുള്ള സാധ്യത കണക്കിലെടുത്ത് അതിനു വേണ്ട വസ്ത്രങ്ങളും കുടയും മഴക്കോട്ടും മറ്റു സാധനങ്ങളും കരുതണം. അടിയന്തര സാഹചര്യങ്ങളില്‍ ഉപകാരപ്പെടാനായി നിങ്ങളുടെ പേരും വിലാസവും മൊബൈല്‍ നമ്പറും എഴുതി കൂടെ കരുതുന്നതും ഉചിതമാണ്.

യാത്രയില്‍ അരുതാത്തത്

ആര്‍എഫ്‌ഐഡി കാര്‍ഡ് ഇല്ലാതെ യാത്ര ആരംഭിക്കരുത്. മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പുകവലി എന്നിവ ഒഴിവാക്കുക. ഹൈ ആള്‍ട്ടിട്ട്യൂഡ് ഇല്‍നെസിന്റെ ലക്ഷണങ്ങള്‍ തോന്നിയാല്‍ അശ്രദ്ധമായി ഒഴിവാക്കരുത്. അത് ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കും. മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങളെ മറികടക്കരുത്. യാത്രക്കിടെ പ്രദേശത്തെ മലിനമാക്കുന്ന പ്രവര്‍ത്തികളൊന്നും ചെയ്യരുത്. 

English Summary:

Amarnath Yatra 2025 begins July 3rd! Register online or offline via SASB; get details on permits, health certificates, and essential information for a safe and fulfilling pilgrimage.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com