കുമയോണില് നിന്നും ലണ്ടനിലേക്ക്; യാത്രാ വിശേഷങ്ങളുമായി ശ്രദ്ധ ശ്രീനാഥ്

Mail This Article
കന്നഡക്കാരിയാണെങ്കിലും കോഹിനൂര്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ശ്രദ്ധ ശ്രീനാഥ് സിനിമാലോകത്തേക്ക് കടന്നു വന്നത്. പിന്നീട് കന്നഡ ഭാഷയില്‍ പുറത്തിറങ്ങിയ, യു ടേൺ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധയ്ക്ക് നടി എന്ന നിലയില്‍ നല്ലൊരു വിലാസം ഉണ്ടാക്കിക്കൊടുത്തു. ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ആ ചിത്രം ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവത്തിലടക്കം പ്രദർശിപ്പിക്കപ്പെട്ടു. ഇപ്പോഴിതാ അഭിനയത്തിരക്കുകളില്‍ നിന്നെല്ലാം വിട്ട്, യാത്രകള്‍ ചെയ്യുകയാണ് നടി. പലയിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ മനോഹരമായ ചിത്രങ്ങള്‍ ശ്രദ്ധ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
തന്‍റെ ഈയിടെയായുള്ള ജീവിതത്തെക്കുറിച്ച് ശ്രദ്ധ ഇങ്ങനെയാണ് കുറിച്ചത്: "ഞാൻ എന്‍റെ കുടുംബത്തോടൊപ്പം കുമയോൺ കുന്നുകളിൽ ആയിരുന്നു, ഒരിക്കലും ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത കുറച്ചു ഷാളുകൾ വാങ്ങി. ഇപ്പോൾ ഞങ്ങളുടെ ചെറിയ ബാൽക്കണിയിലെ പൂന്തോട്ടത്തെ അലങ്കരിക്കുന്ന പൈൻ കോണുകൾ ഞാൻ ശേഖരിച്ചത് അവിടെ നിന്നായിരുന്നു. ഞാന്‍ ഒന്നാം ക്ലാസിൽ പഠിച്ച സ്കൂൾ സന്ദർശിച്ചു. 6 വയസ്സുള്ളപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന വീട് സന്ദർശിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. ലണ്ടനില്‍ പോയി ധാരാളം ഫ്ലാപ്പ്ജാക്ക് കുക്കികൾ കഴിച്ചു. വിമാനയാത്രയ്ക്ക് മുൻപ് കരഞ്ഞു. മീറ്റിങ്ങുകൾക്ക് പോയി. വിവാഹങ്ങൾക്ക് പോയി. വിവാഹങ്ങള്‍ക്ക് പോകുമ്പോള്‍ കരയുന്നത് എന്‍റെ ശീലമാണ്. ക്യാന്‍സല്‍ ചെയ്ത കോണ്‍സെര്‍ട്ടുകള്‍ക്ക് പോയി. റസ്റ്റോറന്റുകളിൽ പോയി, യാതൊരു ലജ്ജയുമില്ലാതെ രസ്മലായ് ട്രെസ് ലെച്ചസിന്‍റെ അവസാന തുള്ളിയും കുടിച്ചു. ഓടാന്‍ പോയി. പ്രമോഷനുകൾക്കായി പോയി"

ഉത്തരാഖണ്ഡിലാണ് മനോഹരമായ കുമയോൺ കുന്നുകള്‍ ഉള്ളത്. പിത്തോരഗഡ്, നൈനിറ്റാൾ, അൽമോറ, കാസർ, ചൗകോരി, കൗസാനി, മുൻസിയാരി, ലോഹഘട്ട്, രാംനഗർ, മുക്തേശ്വർ, റാണിഖേത് എന്നിങ്ങനെ പ്രശസ്തമായ ഒട്ടേറെ ഹിൽ സ്റ്റേഷനുകൾ ഇവിടെയുണ്ട്.
കാളി കുമയോൺ എന്നും അറിയപ്പെടുന്ന ചമ്പാവത്, കുമായോണി സംസ്കാരത്തിന്‍റെ വേരാണ്. കുമയോൺണിന് ആ പേര് ലഭിച്ചത് ഇവിടെ നിന്നാണ്. ബാൽമിതായിക്ക് പേരുകേട്ട അൽമോറ കുമയോണിന്‍റെ സാംസ്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്നു. ഇത് "കുമയോണിന്‍റെ ഹൃദയം" എന്നും അറിയപ്പെടുന്നു. കുമയോണിലെ ഏറ്റവും അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് നൈനിറ്റാൾ.

കുമയോണി സംസ്കാരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നും കുമയോൺ കുന്നുകളിലെ ഏറ്റവും വലിയ നഗരവുമാണ് പിത്തോറഗഡ്. പവിത്രമായ സരയു ഒഴുകുന്നതിനാൽ ബാഗേശ്വർ "കുമാവോക്ക് കാശി" (കുമയോണിന്‍റെ കാശി) എന്നറിയപ്പെടുന്നു. ഏറ്റവും വലിയ കുമയോണി മേളയായ "ഉത്തരായിനി"യുടെ ആസ്ഥാനമാണ് ബാഗേശ്വർ.
കുമയൂണിലെ ഓരോ കൊടുമുടിയും തടാകവും പർവതനിരയും ഏതെങ്കിലും വിധത്തിൽ ഏതെങ്കിലും ഒരു പുരാണവുമായോ ഒരു ദേവന്റെയോ ദേവതയുടെയോ പേരുമായോ ബന്ധപ്പെട്ടിരിക്കുന്നു. ശൈവ, ശാക്ത, വൈഷ്ണവ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടവ മുതൽ ബംബൈ നാഥ് സ്വാമി, ഹൈം, സായിം, ഗോലു, നന്ദ, സുനന്ദ, ചുർമൽ, കൈൽ ബിഷ്ത്, ഭോലാനാഥ്, ഗംഗ്നാഥ്, ഐരി, ചൗമു തുടങ്ങിയ പ്രാദേശിക ദൈവങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
നൈനിറ്റാൾ, ഭീംതാൽ, സത്താൽ, നൗകുചിയാറ്റൽ തുടങ്ങിയ തടാകങ്ങള്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ധാരാളം ആളുകളെ ആകർഷിക്കുന്നു. കുമയൂണിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനമാണ് ജിം കോർബറ്റ് ദേശീയോദ്യാനം. ബിൻസാർ വന്യജീവി സങ്കേതം, അസ്കോട്ട് മാൻ സങ്കേതം എന്നിവയാണ് കുമയൂണിലെ മറ്റ് സംരക്ഷിത മേഖലകൾ.